കളിക്കിടെ വാരിയെല്ലിന് പരിക്കേറ്റ ശ്രേയസ് അയ്യര്‍ സുഖം പ്രാപിച്ചുവരുന്നതായി ബിസിസിഐ
നിലവില്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്;
സിഡ്‌നി: ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ പരിക്കേറ്റ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ സിഡ്‌നിയിലെ ആശുപത്രിയില്‍ സുഖം പ്രാപിച്ചുവരുന്നതായി ബിസിസിഐ. ഇടതുവശത്തെ വാരിയെല്ലിന് പരിക്കേറ്റ ശ്രേയസ് അയ്യര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. സ്‌കാന്‍ ചെയ്തപ്പോഴാണ് വാരിയെല്ലിന് പരിക്കേറ്റതായി കണ്ടെത്തിയത്.
നേരത്തെ ഏകദിന മത്സരത്തിനിടെ പരിക്കേറ്റ ശ്രേയസ് അയ്യര്‍ ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണെന്ന വിവരം പുറത്തുവന്നതോടെ ആരാധകര്‍ വലിയ വിഷമത്തിലായിരുന്നു. അതിനിടെയാണ് സുഖം പ്രാപിച്ചുവരുന്നതായുള്ള വിവരം ബിസിസിഐ പുറത്തുവിട്ടിരിക്കുന്നത്. മത്സരത്തിനിടെ അലക്‌സ് കാരിയെ പുറത്താക്കാന്‍ ബാക്ക് വേര്‍ഡ് പോയിന്റില്‍ മികച്ച റണ്ണിംഗ് ക്യാച്ച് എടുത്തതിന് പിന്നാലെയാണ് 31 കാരന് പരിക്കേറ്റത്.
ബിസിസിഐ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവന: '2025 ഒക്ടോബര്‍ 25 ന് സിഡ്‌നിയില്‍ ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ ശ്രേയസ് അയ്യരുടെ ഇടതുവശത്തെ വാരിയെല്ലിന് പരിക്കേറ്റു. കൂടുതല്‍ വിലയിരുത്തലിനായി അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
'പ്ലീഹയ്ക്ക് പരിക്കേറ്റതായി സ്‌കാനുകളില്‍ കണ്ടെത്തിയിട്ടുണ്ട്. അദ്ദേഹം ചികിത്സയിലാണ്, നിലവില്‍ സുഖം പ്രാപിക്കുന്നു. സിഡ്നിയിലെയും ഇന്ത്യയിലെയും സ്‌പെഷ്യലിസ്റ്റുകളുമായി കൂടിയാലോചിച്ച് ബിസിസിഐ മെഡിക്കല്‍ ടീം അദ്ദേഹത്തിന്റെ പരിക്കിന്റെ അവസ്ഥ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്, - എന്നാണ് പ്രസ്താവനയില്‍ പറയുന്നത്.
ഇന്ത്യയിലേക്കുള്ള തിരിച്ചുവരവ് സംബന്ധിച്ച് തീരുമാനമെടുക്കുന്നതുവരെ ടീം ഡോക്ടര്‍ അയ്യരുടെ പുരോഗതി നിരീക്ഷിക്കാന്‍ സിഡ്നിയില്‍ തന്നെ തുടരുമെന്ന് ഇന്ത്യന്‍ ടീം മാനേജ്മെന്റ് സ്ഥിരീകരിച്ചു. ഡ്രസ്സിംഗ് റൂമില്‍ വച്ച് അദ്ദേഹത്തിന് അടിയന്തര പരിചരണം നല്‍കിയില്ലായിരുന്നെങ്കില്‍ പരിക്ക് മാരകമാകുമായിരുന്നുവെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ചുരുങ്ങിയത് ഒരാഴ്ച എങ്കിലും ശ്രേയസിന് ആശുപത്രിയില്‍ കഴിയേണ്ടി വരും.
ശ്രേയസിന്റെ പരിക്കിനെ കുറിച്ച് പിടിഐ റിപ്പോര്‍ട്ടില്‍ പറയുന്നത്:
'കഴിഞ്ഞ രണ്ട് ദിവസമായി ശ്രേയസ് ഐസിയുവില്‍ ആയിരുന്നു. അദ്ദേഹത്തിന് ആന്തരിക രക്തസ്രാവം ഉണ്ടായതായി മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. രക്തസ്രാവം മൂലമുള്ള അണുബാധ പടരുന്നത് തടയേണ്ടതിനാല്‍, അദ്ദേഹം രണ്ട് മുതല്‍ ഏഴ് ദിവസം വരെ നിരീക്ഷണത്തില്‍ തുടരും. ടീം ഡോക്ടറും ഫിസിയോയും ശ്രേയസിനെ എത്രയും വേഗം ആശുപത്രിയില്‍ എത്തിച്ചത് കൊണ്ട് കാര്യങ്ങള്‍ എളുപ്പമാക്കി. പക്ഷേ അത് മാരകമാകുമായിരുന്നു. എന്നാല്‍, ശ്രേയസ് ഉടന്‍ തന്നെ സുഖം പ്രാപിച്ച് മത്സരത്തിലേക്ക് തിരിച്ചുവരും.' പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
നവംബര്‍ 30 ന് ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയില്‍ ശ്രേയസിന് പങ്കെടുക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. പരമ്പര നഷ്ടമായേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇന്ത്യന്‍ ഏകദിന ടീമിന്റെ വൈസ് ക്യാപ്റ്റനായി അടുത്തിടെയാണ് അയ്യരെ നിയമിച്ചത്. ശുഭ്മാന്‍ ഗില്ലിന്റെ കീഴില്‍ അദ്ദേഹത്തിന്റെ ആദ്യ നിയമനമായിരുന്നു. ഐ.പി.എല്‍ മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സിന്റെ ക്യാപ്റ്റനായ ശ്രേയസ് അടുത്തിടെയാണ് തന്റെ ജോലിഭാരം കുറയ്ക്കാനായി അടുത്തിടെ റെഡ്-ബോള്‍ ക്രിക്കറ്റില്‍ നിന്ന് അനിശ്ചിതകാല ഇടവേള എടുത്തത്. തുടര്‍ച്ചയായ നടുവേദനയാണ് അയ്യരെ തളര്‍ത്തിയിരുന്നത്.