രാമനവമി: സുരക്ഷാ പ്രശ്‌നം മുന്‍നിര്‍ത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും ലഖ് നൗ സൂപ്പര്‍ ജയന്റ്‌സും തമ്മിലുള്ള ഐപിഎല്‍ മത്സരത്തിന്റെ വേദി മാറ്റിയേക്കും
കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഏപ്രില്‍ ആറിന് കൊല്‍ക്കത്തയില്‍ നടക്കാനിരിക്കുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും ലഖ് നൗ സൂപ്പര്‍ ജയന്റ്‌സും തമ്മിലുള്ള ഐപിഎല്‍ മത്സരത്തിന്റെ വേദി മാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ട്. രാമനവമി ആഘോഷങ്ങളുടെ ഭാഗമായി സിറ്റി പൊലീസ് സുരക്ഷാ അനുമതി നല്‍കാത്തതാണ് കാരണം.
രാമനവമിയുടെ ഭാഗമായി പശ്ചിമബംഗാളില്‍ ഏതാണ്ട് 20,000 ഘോഷയാത്രകള്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്നാണ് ബിജെപി നേതാവ് സുവേന്ദു അധികാരി വ്യക്തമാക്കുന്നത്. ഇതിനെല്ലാം സുരക്ഷയൊരുക്കേണ്ട ചുമതല പൊലീസിനുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് സ്‌നേഹാശിഷ് ഗാംഗുലി സിറ്റി പൊലീസുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. തുടര്‍ന്നാണ് വേദി മാറ്റാന്‍ തീരുമാനിച്ചത്. രാമനവമി പ്രമാണിച്ച് കഴിഞ്ഞവര്‍ഷവും വേദി മാറ്റിയിരുന്നു. അന്ന് കൊല്‍ക്കത്തയും രാജസ്ഥാന്‍ റോയല്‍സും തമ്മിലായിരുന്നു മത്സരം.
ഈഡന്‍ ഗാര്‍ഡന്‍സില്‍ മത്സരത്തിനായി മതിയായ സുരക്ഷ നല്‍കാന്‍ കഴിയില്ലെന്ന്' അധികാരികള്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് സ്‌നേഹാശിഷ് ഗാംഗുലി പറഞ്ഞു. പൊലീസ് സംരക്ഷണം ഇല്ലെങ്കില്‍, 65,000-ത്തിലധികം വരുന്ന ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നത് അസാധ്യമാകും എന്നും ഗാംഗുലിയെ ഉദ്ധരിച്ച് പിടിഐ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
സിഎബി ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിനെ (ബിസിസിഐ) സ്ഥിതിഗതികള്‍ അറിയിച്ചിട്ടുണ്ടെന്ന് ഗാംഗുലി പറഞ്ഞു. 'അന്തിമ തീരുമാനം എടുക്കാന്‍ ഇനിയും സമയമുണ്ട്. കഴിഞ്ഞ വര്‍ഷം പോലും, രാമനവമി ദിനത്തില്‍ നിശ്ചയിച്ചിരുന്ന ഐപിഎല്‍ മത്സരം പുനഃക്രമീകരിക്കേണ്ടി വന്നിരുന്നു,' എന്നും അദ്ദേഹം പറഞ്ഞു.
ശനിയാഴ്ച നിലവിലെ ചാമ്പ്യന്മാരായ കെകെആറും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും തമ്മിലുള്ള സീസണ്‍ ഉദ് ഘാടന മത്സരവും ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കും. ഗായിക ശ്രേയ ഘോഷാലും നടി ദിഷ പതാനിയും പങ്കെടുക്കുന്ന 35 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു ആഡംബര ഉദ് ഘാടന ചടങ്ങ് മത്സരത്തിന് മുന്നോടിയായി നടക്കും.
'ടിക്കറ്റുകള്‍ക്ക് വലിയ ഡിമാന്‍ഡ് ഉള്ള ഒരു മാര്‍ക്യൂ മത്സരമാണിത്. വളരെക്കാലത്തിന് ശേഷം ഈഡന്‍ ഗാര്‍ഡന്‍സ് ഒരു ഉദ് ഘാടന ചടങ്ങ് സംഘടിപ്പിക്കാന്‍ പോകുന്നു,' എന്നും സ്‌നേഹാശിഷ് പറഞ്ഞു. എന്നാല്‍ ഉദ്ഘാടന ചടങ്ങിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം വിസമ്മതിച്ചു.
അജിങ്ക്യ രഹാനെയാണ് ഇത്തവണ കെകെആറിനെ നയിക്കുന്നത്. 2024 ല്‍ ടീമിനെ കിരീടത്തിലേക്ക് നയിച്ച ശ്രേയസ് അയ്യറെ കഴിഞ്ഞ വര്‍ഷം മെഗാ ലേലത്തില്‍ പഞ്ചാബ് കിംഗ്‌സ് സ്വന്തമാക്കിയിരുന്നു. ഇതോടെയാണ് ടീമിന് പുതിയ നായകനെ തിരഞ്ഞെടുക്കേണ്ടി വന്നത്.
ഐപിഎല്‍ പോലുള്ള ഒരു 'തീവ്രമായ' ടൂര്‍ണമെന്റ് കൈകാര്യം ചെയ്യുന്നതില്‍ രഹാനെയ്ക്കുള്ള സാമര്‍ഥ്യവും അനുഭവവും 'പക്വതയും' ടീമിനെ നയിക്കാന്‍ കഴിയുമെന്ന ആത്മ വിശ്വാസം കഴിഞ്ഞ ആഴ്ച ക്യാപ്റ്റനെ പ്രഖ്യാപിച്ചപ്പോള്‍ സിഇഒ വെങ്കി മൈസൂര്‍ അഭിപ്രായപ്പെട്ടിരുന്നു.