സാഗര്‍ ധന്‍ഖര്‍ കൊലപാതകക്കേസ്: ഗുസ്തി താരം സുശീല്‍ കുമാറിന്റെ ജാമ്യം റദ്ദാക്കി സുപ്രീം കോടതി
ഒരാഴ്ചയ്ക്കുള്ളില്‍ കീഴടങ്ങാനും കോടതി ആവശ്യപ്പെട്ടു;
ന്യൂഡല്‍ഹി: സാഗര്‍ ധന്‍ഖര്‍ കൊലപാതകക്കേസില്‍ ഗുസ്തി താരം ഒളിംപ്യന്‍ സുശീല്‍ കുമാറിന്റെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി. ഡല്‍ഹിയിലെ ഛത്രസാല്‍ സ്റ്റേഡിയത്തില്‍ വെച്ച് 27 കാരനായ മുന്‍ ജൂനിയര്‍ നാഷണല്‍ ഗുസ്തി ചാമ്പ്യന്‍ സാഗര്‍ ധന്‍ഖറിനെ കൊലപ്പെടുത്തിയ കേസില്‍ 2021 മേയിലാണ് സുശീല്‍ കുമാര്‍ അറസ്റ്റിലാകുന്നത്.
കേസില്‍ ഇക്കഴിഞ്ഞ മാര്‍ച്ച് 4 ന് സുശീല്‍ കുമാറിന് ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. വിചാരണ ആരംഭിച്ച് മൂന്ന് വര്‍ഷത്തിനുള്ളില്‍ 186 പ്രോസിക്യൂഷന്‍ സാക്ഷികളില്‍ 30 പേരെ മാത്രമേ വിസ്തരിച്ചിട്ടുള്ളൂവെന്ന് ജാമ്യം അനുവദിച്ചുകൊണ്ട് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
ഈ ഉത്തരവാണ് സുപ്രീം കോടതി റദ്ദാക്കിയത്. ജസ്റ്റിസുമാരായ സഞ്ജയ് കരോള്‍, പ്രശാന്ത് കുമാര്‍ മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി. സുശീല്‍ കുമാറിനോട് ഒരാഴ്ചയ്ക്കുള്ളില്‍ കീഴടങ്ങാനും കോടതി ആവശ്യപ്പെട്ടു. സുശീല്‍ കുമാറിന് ജാമ്യം അനുവദിച്ചുകൊണ്ട് ഡല്‍ഹി ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരെ സാഗറിന്റെ പിതാവ് അശോക് ധന്‍കാദ് സമര്‍പ്പിച്ച അപ്പീലിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്.
സുശീല്‍ കുമാര്‍ ഇടക്കാല ജാമ്യത്തില്‍ പുറത്തിറങ്ങിയപ്പോള്‍, സാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇക്കാര്യം കൂടി ആരോപിച്ചാണ് സുശീല്‍ കുമാറിന് ജാമ്യം അനുവദിച്ച നടപടി ചോദ്യം ചെയ്ത് അശോക് ധന്‍കാദ് സുപ്രീംകോടതിയെ സമീപിച്ചത്.
സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ 2021 മെയ് മാസത്തിലാണ് ക്രൂരമായ കൊലപാതകം നടന്നത്. ആക്രമണത്തില്‍ ധന്‍ഖറിന്റെ രണ്ട് സുഹൃത്തുക്കള്‍ക്കും പരിക്കേറ്റിരുന്നു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് അനുസരിച്ച്, മൂര്‍ച്ചയുള്ള ഒരു വസ്തു കൊണ്ടുള്ള ആക്രമണത്തില്‍ ധന്‍ഖറിന്റെ തലച്ചോറിന് ക്ഷതം സംഭവിച്ചതായി കണ്ടെത്തിയിരുന്നു.