സഞ്ജുവിനെ വില്‍ക്കാന്‍ താല്‍പര്യമില്ല; അടുത്ത സീസണിലും ക്യാപ്റ്റനായി തുടരും; അഭ്യൂഹങ്ങള്‍ അവസാനിപ്പിച്ച് രാജസ്ഥാന്‍ റോയല്‍സ് ടീം മാനേജ് മെന്റ്

എന്തു വില കൊടുത്തും സഞ്ജു രാജസ്ഥാന്‍ വിടുന്നത് തടയാനാണ് ടീം മാനേജ്‌മെന്റിന്റെ തീരുമാനം;

Update: 2025-08-07 04:53 GMT

മുംബൈ: 2026 ലെ ഐപിഎല്‍ സീസണില്‍ രാജസ്ഥാന്‍ റോയല്‍സില്‍ മലയാളി താരം സഞ്ജു സാംസണ്‍ തുടരും. ചെന്നൈ സൂപ്പര്‍ കിംഗ് സിലേക്കോ മറ്റേതെങ്കിലും ടീമിലേക്കോ സഞ്ജു മാറുമെന്ന അഭ്യൂഹങ്ങള്‍ക്ക് ഇതോടെ വിരാമമിട്ടിരിക്കുകയാണ്. 2025 ലെ ഐപിഎല്‍ സീസണില്‍ പത്ത് ടീമുകളില്‍ ഒമ്പതാം സ്ഥാനം നേടിയ സാംസണ്‍, ഐപിഎല്‍ സീസണില്‍ കടുത്ത വെല്ലുവിളി നേരിട്ടെങ്കിലും രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനായി തുടരുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ടീമുമായി ബന്ധപ്പെട്ട വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഈ സീസണില്‍ 14 മത്സരങ്ങളില്‍ നാലെണ്ണം മാത്രമാണ് രാജസ്ഥാന്‍ ജയിച്ചത്.

2025 ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) സീസണ്‍ അവസാനിച്ചതിന് ശേഷം, ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സ് (ആര്‍ആര്‍) വിട്ട് മറ്റൊരു ടീമിലേക്ക് പോയേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. വിക്കറ്റ് കീപ്പര്‍ എംഎസ് ധോണിക്ക് പകരക്കാരനായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് (സിഎസ്‌കെ) അദ്ദേഹത്തെ കൊണ്ടുവരാന്‍ ആഗ്രഹിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചെന്നൈയ്ക്കു പുറമേ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും സഞ്ജുവിനെ സ്വന്തമാക്കാന്‍ താല്‍പര്യം അറിയിച്ചിരുന്നു.

എന്നാല്‍ എന്തു വില കൊടുത്തും സഞ്ജു രാജസ്ഥാന്‍ വിടുന്നത് തടയാനാണ് ടീം മാനേജ്‌മെന്റിന്റെ തീരുമാനം. സഞ്ജുവിനെ വില്‍ക്കാന്‍ രാജസ്ഥാന് താല്‍പര്യമില്ലെങ്കില്‍ അടുത്ത സീസണിലും മലയാളി താരം തന്നെ റോയല്‍സിന്റെ ക്യാപ്റ്റനാകും. 18 കോടി രൂപയ്ക്കാണ് കഴിഞ്ഞ സീസണിന് മുന്‍പ് സഞ്ജുവിനെ രാജസ്ഥാന്‍ നിലനിര്‍ത്തിയത്.

ഇത്തവണ സീസണ്‍ ആരംഭിച്ചതിന് പിന്നാലെ പരുക്കേറ്റ സഞ്ജുവിന് ഐപിഎല്‍ മത്സരങ്ങള്‍ കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. വിരലിനേറ്റ പരിക്ക് കാരണം ആദ്യ മൂന്ന് മത്സരങ്ങള്‍ അദ്ദേഹത്തിന് നഷ്ടപ്പെട്ടു. ആ സമയത്ത്, റിയാന്‍ പരാഗ് ആണ് ടീമിനെ നയിച്ചത്. പിന്നീട് പരിക്ക് ഭേദമായി തിരിച്ചെത്തിയെങ്കിലും പരിക്ക് വേട്ടയാടി. ഇതോടെയാണ് സഞ്ജുവിനെ വില്‍ക്കാന്‍ റോയല്‍സ് ശ്രമിക്കുന്നതായുള്ള അഭ്യൂഹങ്ങളും ഉയര്‍ന്നത്.

സഞ്ജു സാംസണ്‍ സമൂഹ മാധ്യമങ്ങളില്‍ ഇട്ട ചില പോസ്റ്റുകളും അഭ്യൂഹങ്ങള്‍ ശരിവയ്ക്കുന്നതായിരുന്നു. കഴിഞ്ഞ ഐപിഎലില്‍ ഒന്‍പതു മത്സരങ്ങള്‍ കളിച്ച സഞ്ജു 285 റണ്‍സാണ് ആകെ നേടിയത്. പ്ലേ ഓഫിലെത്താന്‍ സാധിക്കാതെ രാജസ്ഥാന്‍ പുറത്താകുകയും ചെയ്തു. അഭ്യൂഹങ്ങള്‍ ഉയരുന്നതിനിടെ ജൂലൈയില്‍ രാജസ്ഥാന്റെ 'ഇന്റര്‍നാഷനല്‍ പ്ലേയര്‍ ഡവലപ്‌മെന്റ്' വിഭാഗം തലവന്‍ സിദ്ധാര്‍ഥ ലാഹിരി സഞ്ജു സാംസണുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

'സഞ്ജു സാംസണെയോ, മറ്റേതെങ്കിലും താരത്തെയോ വില്‍ക്കാന്‍ രാജസ്ഥാന്‍ ഇതുവരെ തീരുമാനിച്ചിട്ടില്ല. സഞ്ജു റോയല്‍സിന്റെ വളരെ പ്രധാനപ്പെട്ട ഭാഗമാണ്' എന്ന് രാജസ്ഥാനുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

സഞ്ജു സാംസണ്‍ വളരെക്കാലമായി രാജസ്ഥാന്‍ റോയല്‍സിനൊപ്പമുണ്ട്. 2013 ല്‍ ആണ് ആദ്യമായി രാജസ്ഥാന്‍ റോയല്‍സിനുവേണ്ടി കളിച്ചത്. അന്നുമുതല്‍ ടീമിന്റെ ഒരു പ്രധാന ഭാഗമാണ്. 2016 ലും 2017 ലും ഐപിഎല്ലില്‍ നിന്ന് ടീമിനെ രണ്ട് വര്‍ഷത്തേക്ക് വിലക്കിയപ്പോള്‍ സഞ്ജുവിന് ഡല്‍ഹി ഡെയര്‍ ഡെവിള്‍സിലേക്ക് (ഇപ്പോള്‍ ക്യാപിറ്റല്‍സ്) മാറേണ്ടി വന്നു. പിന്നീട് ടീമില്‍ തിരിച്ചെത്തുകയും ചെയ്തു.

Similar News