രാജ്യത്തിന് വേണ്ടി എന്ത് ത്യാഗവും സഹിക്കാന്‍ തയാറെന്ന് സഞ്ജു സാംസണ്‍

സിയറ്റ് ക്രിക്കറ്റ് റേറ്റിങ് അവാര്‍ഡ്സ് 2025 വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം;

Update: 2025-10-08 09:22 GMT

മുംബൈ: രാജ്യത്തിന് വേണ്ടി എന്ത് ത്യാഗവും സഹിക്കാന്‍ തയാറെന്ന് വ്യക്തമാക്കി ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സഞ്ജു സാംസണ്‍. അതിനുവേണ്ടി ഒമ്പതാം സ്ഥാനത്ത് ബാറ്റ് ചെയ്യാനും ഇടംകൈ കൊണ്ട് പന്തെറിയാനും തയ്യാറാണെന്നും സഞ്ജു സാംസണ്‍ പറഞ്ഞു. സിയറ്റ് ക്രിക്കറ്റ് റേറ്റിങ് അവാര്‍ഡ്സ് 2025 വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ടി20 ഫോര്‍മാറ്റില്‍ ഇന്ത്യന്‍ ടീമിലെ പ്രധാന താരങ്ങളില്‍ ഒരാളായ സഞ്ജു സാംസണ്‍ ഓപ്പണറായി ഇറങ്ങി ഒരു കലണ്ടര്‍ വര്‍ഷത്തില്‍ മൂന്ന് ടി20 സെഞ്ച്വറികള്‍ നേടിയിരുന്നു. എന്നാല്‍ രാജ്യത്തിനുവേണ്ടി ഇത്രയൊക്കെ ചെയ്തിട്ടും സഞ്ജുവിന് ടീം മാനേജ്മെന്റ് വേണ്ടത്ര പരിഗണന നല്‍കുന്നില്ലെന്ന പരാതി അടുത്തിടെ ഉയര്‍ന്നിരുന്നു.

ഓപ്പണിങ്ങില്‍ നന്നായി കളിച്ചിരുന്ന സഞ്ജുവിനെ, ശുഭ്മാന്‍ ഗില്‍ ടീമിലെത്തിയതോടെ മധ്യനിരയിലേക്ക് മാറ്റി. ഗില്‍ വൈസ് ക്യാപ്റ്റനുമായി. ഇക്കഴിഞ്ഞ ഏഷ്യാ കപ്പിലെ മത്സരത്തില്‍ ആദ്യ ഏഴ് സ്ഥാനങ്ങളില്‍ പോലും സഞ്ജുവിനെ ഇറക്കിയില്ല. ഇതിനെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. താഴത്തെ ഓര്‍ഡറിലും ഫിനിഷിംഗ് ഗെയിമുകളിലും ബാറ്റിംഗ് നടത്താന്‍ കൂടുതല്‍ പരിചയസമ്പന്നനായ വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മ്മ ഉണ്ടായിരുന്നിട്ടും, ഗൗതം ഗംഭീറും സൂര്യകുമാര്‍ യാദവും സാംസണിനെ തിരഞ്ഞെടുത്തതാണ് വിവാദത്തിന് പ്രധാന കാരണം. എന്നാല്‍ അതിലൊന്നും തനിക്ക് യാതൊരു പരാതിയും ഇല്ലെന്ന് വ്യക്തമാക്കുകയാണ് സഞ്ജു. ആവശ്യമെങ്കില്‍ ഇന്ത്യയ്ക്കായി പന്തെറിയാന്‍ വരെ താന്‍ തയ്യാറാണെന്നും സഞ്ജു പറയുന്നു.

ഏഷ്യാ കപ്പ് വിജയത്തിലേക്ക് ഇന്ത്യയെ നയിക്കാന്‍ മധ്യനിരയില്‍ ബാറ്റ് ചെയ്ത ശേഷം, സാംസണ്‍ ആ റോളില്‍ തന്റെ സ്ഥാനം ഒരു പരിധിവരെ ഉറപ്പിച്ചു. ഇന്ത്യയ്ക്കായി ഓപ്പണറായി ബാറ്റ് ചെയ്തപ്പോള്‍ മികച്ച വിജയങ്ങള്‍ നേടിയ അദ്ദേഹം, ആ ഡ്യൂട്ടി ഏറ്റെടുത്തതോടെ ഒരു വര്‍ഷത്തിനുള്ളില്‍ മൂന്ന് സെഞ്ച്വറികള്‍ നേടി, മധ്യനിരയില്‍ നിന്നും കളിക്കുന്നതിനോട് പൊരുത്തപ്പെടാന്‍ സാംസണ്‍ കുറച്ച് സമയമെടുത്തു. പിന്നീടുള്ള ഇന്നിംഗ്‌സുകളില്‍ തനിക്ക് ഏത് സ്ഥാനത്തിനിരുന്നുകൊണ്ടും കളിക്കാന്‍ കഴിയുമെന്ന് സഞ്ജു തെളിയിച്ചു.

ഇന്ത്യന്‍ ജേഴ്സി ധരിച്ചുകഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ഒന്നും വേണ്ടെന്ന് പറയാന്‍ സാധിക്കില്ല. ഇന്ത്യന്‍ ജേഴ്‌സി ധരിക്കാനും ഡ്രസ്സിങ് റൂമില്‍ തുടരാനും ഞാന്‍ ശരിക്കും കഠിനാധ്വാനം ചെയ്തിട്ടുണ്ട്. രാജ്യത്തിനുവേണ്ടി എന്റെ ജോലി ചെയ്യുന്നതില്‍ ഞാന്‍ വളരെയധികം അഭിമാനിക്കുന്നു. ഇനി ഒമ്പതാം നമ്പറില്‍ ബാറ്റ് ചെയ്യാനാണെങ്കിലും ഇടംകൈ സ്പിന്‍ എറിയാനാണെങ്കിലും രാജ്യത്തിനു വേണ്ടി ഏത് ജോലി ചെയ്യാനും എനിക്ക് യാതൊരു പ്രശ്നവുമില്ല. എന്നായിരുന്നു വ്യത്യസ്ത ബാറ്റിങ് ഓര്‍ഡറില്‍ ഇറങ്ങേണ്ടുന്നതിനെ കുറിച്ചുള്ള ചോദ്യത്തോട് സഞ്ജുവിന്റെ പ്രതികരണം.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഞാന്‍ അടുത്തിടെ 10 വര്‍ഷം പൂര്‍ത്തിയാക്കി. പക്ഷേ ആ 10 വര്‍ഷത്തിനുള്ളില്‍ ഞാന്‍ 40 മത്സരങ്ങള്‍ മാത്രമേ കളിച്ചിട്ടുള്ളൂ. സത്യം പറഞ്ഞാല്‍, കണക്കുകള്‍ മുഴുവന്‍ കഥയും പറയുന്നില്ല എന്ന് ഞാന്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു. പക്ഷേ ഇന്നത്തെ ഞാന്‍ ആരാണെന്നതില്‍ എനിക്ക് ശരിക്കും അഭിമാനമുണ്ട്. കടന്നുപോയ വെല്ലുവിളികളില്‍ ഞാന്‍ ശരിക്കും അഭിമാനിക്കുന്നു. പുറത്തെ ശബ്ദങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം, എന്റെ തന്നെ ഉള്ളിലെ ശബ്ദത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു ശീലം ഞാന്‍ ആരംഭിച്ചു എന്നും സഞ്ജു പറഞ്ഞു.

അടുത്ത വര്‍ഷത്തെ ടി20 ലോകകപ്പില്‍ സാംസണ്‍ അഞ്ചാം നമ്പറോ ആറാം നമ്പറോ നിലനിര്‍ത്തുമോ എന്ന് ഇനി കണ്ടറിയണം, അദ്ദേഹത്തിന്റെ ബാറ്റിംഗിന് കൂടുതല്‍ അനുയോജ്യമായ ഒരു റോളിനായി മൂന്നോ നാലോ നമ്പറിലേക്ക് ഉയര്‍ത്തണമെന്നാണ് ആരാധകരുടെ ആവശ്യം.

Similar News