മടങ്ങിവരവ് ഗംഭീരമാക്കി സഞ്ജു; പഞ്ചാബിനെതിരായ മത്സരത്തില്‍ ജയത്തോടെ ചരിത്രം കുറിച്ച് മലയാളി താരം

രാജസ്ഥാന്‍ റോയല്‍സിന് കൂടുതല്‍ വിജയങ്ങള്‍ സമ്മാനിച്ച നായകനെന്ന റെക്കോര്‍ഡ് സഞ്ജുവിന് സ്വന്തം; മറികടന്നത് ഷെയ്ന്‍ വോണിന്റെ റെക്കോര്‍ഡ്‌;

Update: 2025-04-06 06:51 GMT

ക്യാപ്റ്റന്‍ സ്ഥാനത്തേക്കുള്ള മടങ്ങിവരവ് ഗംഭീരമാക്കി മലയാളി താരം സഞ് ജു സാംസണ്‍. എല്ലാം കൊണ്ടും കഴിഞ്ഞദിവസത്തെ മത്സരം രാജസ്ഥാന്‍ റോയല്‍സിനൊപ്പമായിരുന്നു. ഫോം തെളിയിച്ച് യശസ്വി ജയ്‌സ്വാളിന്റെ അര്‍ധ സെഞ്ചുറി, ജോഫ്ര ആര്‍ച്ചറിന്റെ സൂപ്പര്‍ പെര്‍ഫോമന്‍സ് ഇങ്ങനെ എല്ലാം തങ്ങള്‍ക്ക് അനുകൂലമായി വന്നതോടെ രാജസ്ഥാന്‍ റോയല്‍സ് സീസണിലെ രണ്ടാം വിജയം നേടുകയും ചെയ്തു.

പഞ്ചാബ് കിങ് സിനെതിരായ ഐപിഎല്‍ മത്സരത്തില്‍ രാജസ്ഥാന് 50 റണ്‍സിന്റെ ഉജ്വല വിജയമാണ് നേടാന്‍ കഴിഞ്ഞത്. ക്യാപ്റ്റനായി സഞ്ജു സാംസണ്‍ തിരിച്ചെത്തിയ മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത രാജസ്ഥാന്‍ 205 റണ്‍സിന്റെ മികച്ച സ്‌കോറുയര്‍ത്തിയപ്പോള്‍ പഞ്ചാബിന്റെ മറുപടി 9 വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സില്‍ അവസാനിച്ചു.

പഞ്ചാബിനെതിരായ മത്സരത്തില്‍ ജയത്തോടൊപ്പം തന്നെ ചരിത്രം കുറിച്ചിരിക്കുകയാണ് സഞ്ജു സാംസണ്‍. രാജസ്ഥാന്‍ റോയല്‍സിന് കൂടുതല്‍ വിജയങ്ങള്‍ സമ്മാനിച്ച നായകനെന്ന റെക്കോര്‍ഡാണ് ഇതോടെ സഞ്ജു സ്വന്തമാക്കിയത്. 55 മത്സരങ്ങളില്‍ നയിച്ച് 31 ജയമുള്ള സാക്ഷാല്‍ ഷെയ്ന്‍ വോണിന്റെ റെക്കോര്‍ഡാണ് ഇതോടെ സഞ് ജു മറികടന്നത്. സഞ്ജു 62 മത്സരങ്ങളില്‍ രാജസ്ഥാന്‍ ക്യാപ്റ്റനായപ്പോള്‍ 32 തവണ ടീം ജയിച്ചു.

സഞ്ജു ടീമില്‍ എത്തിയതോടെ പഞ്ചാബിനെതിരെ ബാറ്റിംഗിലും ബൗളിംഗിലും വമ്പന്‍ പോരാട്ട വീര്യമാണ് രാജസ്ഥാന്‍ പുറത്തെടുത്തത്. പഞ്ചാബിലെ ചണ്ഡീഗഢ് സ്റ്റേഡിയത്തില്‍ ഇതാദ്യമായാണ് ടീം സ്‌കോര്‍ 200 കടക്കുന്നത് എന്ന പ്രത്യേകതയുമുണ്ടായിരുന്നു.

രാജസ്ഥാന് മിന്നും തുടക്കമാണ് ഓപ്പണര്‍മാരായ സഞ് ജുവും ജയ്‌സ്വാളും നല്‍കിയത്. 26 പന്തില്‍ 38 റണ്‍സെടുത്താണ് സഞ്ജു മടങ്ങിയത്. 6 ബൗണ്ടറിയടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്‌സ്. മികച്ച സ്‌കോറിലേക്കെന്ന് കരുതിയ സഞ്ജു 11ാം ഓവറില്‍ ലോക്കി ഫെര്‍ഗൂസന്റെ പന്തില്‍ പുറത്തായി. ഈ സീസണിലെ 4 മത്സരങ്ങളില്‍ നിന്ന് 137 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം.

എന്നാല്‍, സഞ്ജു മടങ്ങിയെങ്കിലും ജയ് സ്വാള്‍ വിട്ടുകൊടുത്തില്ല. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 89 റണ്‍സ് നേടി. സീസണിലെ ആദ്യ 3 മത്സരങ്ങളിലും താളം കണ്ടെത്താതെ നിരാശപ്പെടുത്തിയ ജയ് സ്വാളിന്റെ (67) മടങ്ങിവരവായിരുന്നു രാജസ്ഥാന്‍ ബാറ്റിങ്ങിന്റെ ഹൈലൈറ്റ്. ഫോം എവിടെയെന്ന് ചോദിച്ചവര്‍ക്ക് മുന്നിലേക്ക് ക്ലാസിക് അര്‍ധ സെഞ്ച്വറി നേടിയാണ് ജയ് സ്വാള്‍ മറുപടി നല്‍കിയത്. അര്‍ധ സെഞ്ചുറിക്ക് പിന്നാലെ സ്‌കോറുയര്‍ത്താന്‍ ശ്രമിച്ച ജയ് സ്വാളിനെയും 14ാം ഓവറില്‍ ഫെര്‍ഗൂസന്‍ പുറത്താക്കി. 25 പന്തില്‍ 43 റണ്‍സുമായി റിയാന്‍ പരാഗും തകര്‍ത്തടിച്ചതോടെ പഞ്ചാബിന്റെ ലക്ഷ്യം 206.

ഐപിഎലില്‍ മുന്‍പ് 7 തവണ 200ന് മുകളില്‍ വിജയലക്ഷ്യം കീഴടക്കിയതിന്റെ ആത്മവിശ്വാസവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിനെ ഞെട്ടിച്ചാണ് ജോഫ്ര ആര്‍ച്ചര്‍ തന്റെ വെടിക്കെട്ട് തുടങ്ങിയത്. ആദ്യ പന്തില്‍ തന്നെ പ്രിയന്‍ഷ് ആര്യ ഗോള്‍ഡന്‍ ഡക്ക്. പിന്നീട് വന്ന ശ്രേയസ് അയ്യര്‍ രണ്ട് തവണ ആര്‍ച്ചറെ ബൗണ്ടറി കടത്തിയെങ്കിലും വൈകാതെ തന്നെ മുട്ടുമടക്കി.

43 റണ്‍സിന് 4 വിക്കറ്റ് നഷ്ടമായ പഞ്ചാബിനെ നെഹാല്‍ വദേരയും ഗ്ലെന്‍ മാക് സ്‌വെല്ലും ചേര്‍ന്ന് തോളിലേറ്റി. 66 റണ്‍സുമായി നെഹാല്‍ വദേര തകര്‍ത്തടിച്ചപ്പോള്‍ പഞ്ചാബ് പ്രതീക്ഷ വീണ്ടെടുത്തു. ഒടുവില്‍ 88 റണ്‍സ് കൂട്ടുകെട്ട് സഞ്ജുവിന്റെ സ്പിന്‍ കെണിയില്‍ പൊളിഞ്ഞു. പിന്നീട് വന്നവര്‍ക്കൊന്നും രാജസ്ഥാന്റെ ബൗളിംഗിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. മൂന്ന് വിക്കറ്റുമായി ജോഫ്ര ആര്‍ച്ചര്‍ കളം നിറഞ്ഞപ്പോള്‍ പഞ്ചാബിന് സീസണിലെ ആദ്യ തോല്‍വിയും ഏറ്റുവാങ്ങേണ്ടി വന്നു.

Similar News