ന്യൂസിലന്‍ഡിനെ 'വിസ്മയിപ്പിക്കുന്ന ടീം'എന്ന് വിശേഷിപ്പിച്ച് കോലി; പ്രിയ സുഹൃത്ത് തോറ്റ ടീമിലായതില്‍ സങ്കടമെന്നും തുറന്നുപറച്ചില്‍

Update: 2025-03-10 05:25 GMT

ദുബായ്: ന്യൂസിലന്‍ഡിനെ 'വിസ്മയിപ്പിക്കുന്ന ടീം'എന്ന് വിശേഷിപ്പിച്ച് ഇന്ത്യന്‍ സൂപ്പര്‍താരം വിരാട് കോലി. ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ വിജയിക്കാനായി പൊരുതിയെങ്കിലും ഇന്ത്യന്‍ സ്പിന്നര്‍മാര്‍ അവരെ പ്രതിരോധത്തിലാക്കുകയായിരുന്നു. വലിയ ടൂര്‍ണമെന്റുകളില്‍ ഇത്ര സ്ഥിരതയോടെ കളിക്കുന്ന വേറൊരു ടീമില്ലെന്നാണ് ന്യൂസിലാന്‍ഡിനെ കുറിച്ചുള്ള കോലിയുടെ അഭിപ്രായ പ്രകടനം.

സ്വന്തം പദ്ധതികള്‍ ഇത്രയും വിദഗ്ധമായി നടപ്പാക്കുന്ന ടീം വേറെയില്ലെന്നും കോലി ചൂണ്ടിക്കാട്ടി. നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച ഫീല്‍ഡിങ് ടീം ന്യൂസീലന്‍ഡ് ആണെന്നതില്‍ തര്‍ക്കമില്ലെന്ന് പറഞ്ഞ കോലി പ്രിയ സുഹൃത്തായ കെയ്ന്‍ വില്യംസന്‍ പരാജയപ്പെട്ട ടീമിന്റെ ഭാഗമായി നില്‍ക്കുന്നതില്‍ വിഷമമുണ്ടെന്നും തുറന്നുപറഞ്ഞു, മുന്‍പ് അദ്ദേഹം ജയിച്ച ടീമിന്റെ ഭാഗമായിരുന്നപ്പോള്‍ താന്‍ തോറ്റ ടീമിലായിരുന്നുവെന്നും കോലി പറഞ്ഞു.

ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന കലാശപ്പോരില്‍ നാല് വിക്കറ്റിനാണ് ഇന്ത്യ ന്യൂസിലന്‍ഡിനെ കീഴടക്കിയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസിലന്‍ഡ് നിശ്ചിത 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 251 റണ്‍സ് എടുത്തു. മറുപടി ബാറ്റിങ്ങില്‍ ആറു പന്തും നാലു വിക്കറ്റും ബാക്കിയാക്കി ഇന്ത്യ വിജയം കൈപിടിയിലാക്കി.

തകര്‍പ്പന്‍ അര്‍ധസെഞ്ചറിയുമായി മുന്നില്‍ നിന്ന് നയിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ഇന്നിങ്‌സാണ് ഇന്ത്യയ്ക്ക് തുണയായത്. രോഹിത് 83 പന്തില്‍ ഏഴു ഫോറും മൂന്നു സിക്‌സും സഹിതം 76 റണ്‍സെടുത്തു. ഓപ്പണിങ് വിക്കറ്റില്‍ ശുഭ് മന്‍ ഗില്ലിനൊപ്പം രോഹിത് പടുത്തുയര്‍ത്തിയ സെഞ്ചുറി കൂട്ടുകെട്ടും ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി.

കോലിയുടെ വാക്കുകള്‍:

വിസ്മയിപ്പിക്കുന്ന ടീമാണ് ന്യൂസിലന്‍ഡ്. കുറച്ച് താരങ്ങളെ വച്ച് രാജ്യാന്തര ക്രിക്കറ്റില്‍ അവര്‍ സ്വന്തമാക്കിയിട്ടുള്ള നേട്ടങ്ങള്‍ എക്കാലവും അദ്ഭുതത്തോടെ മാത്രമേ കാണാനാകൂ. പ്രധാന ടൂര്‍ണമെന്റുകളില്‍ ന്യൂസിലന്‍ഡ് ടീം മികവിന്റെ പാരമ്യത്തിലേക്ക് ഉയരുന്ന കാഴ്ച എത്രയോ തവണ കണ്ടിരിക്കുന്നു.

വലിയ മത്സരങ്ങളില്‍ എപ്പോഴൊക്കെ ന്യൂസിലന്‍ഡിനെ നേരിട്ടിട്ടുണ്ടോ, അപ്പോഴെല്ലാം കൃത്യമായ പദ്ധതികളുമായാണ് അവര്‍ കളത്തിലിറങ്ങിയിട്ടുള്ളത്. ന്യൂസിലന്‍ഡിനേപ്പോലെ സ്വന്തം പദ്ധതികള്‍ ഇത്ര മികച്ച രീതിയില്‍ നടപ്പാക്കുന്ന മറ്റൊരു ടീമിനെ കണ്ടിട്ടില്ല.

നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച ഫീല്‍ഡിങ് നിരയുള്ള ടീം ന്യൂസീലന്‍ഡ് ആണെന്നതില്‍ ഒരു തര്‍ക്കവുമില്ല. എന്തുകൊണ്ട് ന്യൂസിലന്‍ഡ് ലോകത്തിലെ ഏറ്റവും മികച്ച ടീമുകളില്‍ ഒന്നായി തുടരുന്നു എന്നത് ഒരിക്കല്‍ക്കൂടി തെളിയിച്ച ടൂര്‍ണമെന്റാണ് ഇത്.

ബോളര്‍മാര്‍ എവിടെയാണ് ബോള്‍ ചെയ്യാന്‍ പോകുന്നത് എന്ന കാര്യത്തില്‍പ്പോലും അവരുടെ ഫീല്‍ഡര്‍മാര്‍ക്ക് കൃത്യമായ അറിവുണ്ട്. ബോളര്‍മാരും അവരുടെ പദ്ധതികള്‍ക്ക് അനുസരിച്ച് കൃത്യസ്ഥാനത്ത് തന്നെ ബോള്‍ ചെയ്യും. വലിയ ടൂര്‍ണമെന്റുകളില്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇവരേപ്പോലെ സ്ഥിരതയോടെ കളിക്കുന്ന വേറൊരു ടീമില്ല. സ്വന്തം കഴിവില്‍ അവര്‍ക്കുള്ള വിശ്വാസം തന്നെയാണ് അതിനുള്ള പ്രധാന കാരണം. വലിയ ടൂര്‍ണമെന്റുകളില്‍ കഴിവിന്റെ പരമാവധി പുറത്തെടുക്കാന്‍ കഴിവുള്ള ടീമാണ് അവര്‍.

എന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്ത് (കെയ്ന്‍ വില്യംസന്‍) പരാജിതനായി നില്‍ക്കുന്നത് കാണുമ്പോള്‍ വിഷമമുണ്ട്. പക്ഷേ, അദ്ദേഹം ഒന്നിലധികം തവണ വിജയിച്ച ടീമിന്റെ ഭാഗമായപ്പോള്‍ ഞാന്‍ പരാജയപ്പെട്ട ടീമിലായിരുന്നു. ഞങ്ങള്‍ക്കിടയില്‍ എക്കാലവും സ്‌നേഹം മാത്രം - എന്നും കോലി പറഞ്ഞു.

Similar News