ഒടുവില്‍ മൗനം വെടിഞ്ഞ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍; ബിസിസിഐയുടെ അടുത്ത പ്രസിഡന്റാകാന്‍ ഇതിഹാസതാരം ഇല്ല
നിലവിലെ പ്രസിഡന്റ് റോജര്‍ ബിന്നിയുടെ കാലാവധി അവസാനിച്ചതിന് പിന്നാലെയാണ് ഊഹാപോഹങ്ങള്‍ ഉയര്‍ന്നത്;
മുംബൈ: ബിസിസിഐയുടെ അടുത്ത പ്രസിഡന്റാകാന്‍ താന്‍ മത്സരിക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ നിരസിച്ച് ബാറ്റിംഗ് ഇതിഹാസവും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനുമായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍. അത്തരത്തിലുള്ള എല്ലാ സംസാരങ്ങളും അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. നിലവിലെ പ്രസിഡന്റ് റോജര്‍ ബിന്നിക്ക് ജൂലൈയില്‍ 70 വയസ്സ് തികഞ്ഞതിനാല്‍ അദ്ദേഹത്തിന്റെ കാലാവധി അവസാനിച്ചിരുന്നു. തുടര്‍ന്നാണ് അദ്ദേഹത്തിന്റെ പിന്‍ഗാമിയാകാന്‍ 52 കാരനായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മത്സരിക്കുന്നതായുള്ള അഭ്യൂഹങ്ങള്‍ ഉയര്‍ന്നത്. ഇതോടെയാണ് വിശദികരണവുമായി സച്ചിന്റെ മാനേജ്‌മെന്റ് രംഗത്തെത്തിയത്.
മാനേജ് മെന്റ് പുറത്തിറക്കിയ പ്രസ്താവന ഇങ്ങനെ:
മിസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ (ബിസിസിഐ) പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുകയോ നാമനിര്‍ദ്ദേശം ചെയ്യുകയോ ചെയ്യുന്നതായുള്ള ചില റിപ്പോര്‍ട്ടുകളും കിംവദന്തികളും പ്രചരിക്കുന്നതായി ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്,'
'അത്തരമൊരു പുരോഗതിയും നടന്നിട്ടില്ലെന്ന് പറയാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. അടിസ്ഥാനരഹിതമായ ഊഹാപോഹങ്ങള്‍ക്ക് വിശ്വാസ്യത നല്‍കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഞങ്ങള്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു,' എന്നുമാണ് പ്രസ്താവനയില്‍ പറയുന്നത്.
സെപ്റ്റംബര്‍ 28 ന് നടക്കുന്ന ക്രിക്കറ്റ് ബോര്‍ഡിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ തിരഞ്ഞെടുപ്പ് നടക്കും. 2022 ഒക്ടോബറിലാണ് ബിന്നി ബിസിസിഐ പ്രസിഡന്റായി നിയമിതനായത്. ബോര്‍ഡിന്റെ ഭരണഘടന പ്രകാരം ഈ സ്ഥാനത്തേക്ക് 70 വയസ്സ് പ്രായപരിധി നിശ്ചയിച്ചിട്ടുണ്ട്. പ്രസിഡന്റിന് പുറമെ വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ട്രഷറര്‍, ഐപിഎല്‍ ചെയര്‍മാന്‍ എന്നീ പദവികളിലേക്കും വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ തെരഞ്ഞെടുപ്പ് നടക്കും
വിരമിച്ചതിനുശേഷവും ക്രിക്കറ്റ് ലോകത്ത് നിലനില്‍ക്കുന്ന വ്യക്തിയാണ് സച്ചിന്‍, തന്റെ നേട്ടങ്ങള്‍, വിനയം, കളിയോടുള്ള സമീപനം എന്നിവയിലൂടെ പുതിയ തലമുറയിലെ ക്രിക്കറ്റ് കളിക്കാരെ അദ്ദേഹം പ്രചോദിപ്പിക്കുന്നത് തുടരുന്നു. ഇന്ത്യയില്‍ മാത്രമല്ല, മറ്റ് രാജ്യങ്ങളിലും ക്രിക്കറ്റില്‍ അംഗീകരിക്കപ്പെട്ട ഒരു പേരാണ് സച്ചിന്‍ ടെണ്ടുല്‍ക്കറുടേത്.
സച്ചിന്റെ സഹതാരമായിരുന്ന സൗരവ് ഗാംഗുലി 2019-22 കാലയളവില്‍ ബിസിസിഐ പ്രസിഡന്റായിരുന്നു. 2022ലാണ് സൗരവ് ഗാംഗുലിയുടെ പിന്‍ഗാമിയായി 1983ലെ ഇന്ത്യയുടെ ലോകകപ്പ് ഹീറോ കൂടിയായ റോജര്‍ ബിന്നി ബിസിസിഐയുടെ പ്രസിഡന്റായത്.
ഗാംഗുലിയെയോ റോജര്‍ ബിന്നിയെയോ പോലെ ക്രിക്കറ്റ് ഭരണരംഗത്ത് ഇതിന് മുമ്പ് ചുമതലകളൊന്നും സച്ചിന്‍ വഹിച്ചിട്ടില്ല. വിരമിച്ചശേഷം മുംബൈ ഇന്ത്യന്‍സിന്റെ മെന്റര്‍ പദവി വഹിച്ചതും മിഡില്‍സെക്‌സ് ഗ്ലോബല്‍ അക്കാദമിയുടെ ചുമതലയില്‍ ഇരുന്നു എന്നതും മാത്രമാണ് സച്ചിന്റെ ഭരണപരമായ പരിചയം. പിന്നീട് ഐസിസി ടൂര്‍ണമെന്റുകളില്‍ അപൂര്‍വമായി കമന്റേറ്ററായും സച്ചിന്‍ എത്തിയിട്ടുണ്ട്.