ചാംപ്യന്‍സ് ട്രോഫി സെമി ഫൈനല്‍: കുല്‍ദീപ് യാദവിനെ 'നിര്‍ത്തിപ്പൊരിച്ച്' രോഹിതും കോലിയും
ദുബായ്: ചാംപ്യന്‍സ് ട്രോഫി സെമി ഫൈനലില്‍ ഓസ്‌ട്രേലിയന്‍ ബാറ്റിങ്ങിനിടെ ഫീല്‍ഡിങ് പിഴവു വരുത്തിയ ഇന്ത്യന്‍ താരം കുല്‍ദീപ് യാദവിനെ നിര്‍ത്തിപ്പൊരിച്ച് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോലിയും. ഓസ്‌ട്രേലിയന്‍ ഇന്നിങ്‌സിന്റെ 32ാം ഓവറിലായിരുന്നു സംഭവം. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.
കുല്‍ദീപ് യാദവിന്റെ അഞ്ചാം പന്തില്‍ സ്റ്റീവ് സ്മിത്ത് സിംഗിളെടുത്തിരുന്നു. പന്തു നേരിട്ട സ്മിത്ത് ഡീപ് സ്‌ക്വയര്‍ ലഗിലേക്ക് അടിച്ച ശേഷം സിംഗിളിനായി ഓടി. ഈ സമയത്ത് പന്തെടുത്ത് 'നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലെ' വിക്കറ്റ് ലക്ഷ്യമാക്കി കോലി എറിഞ്ഞു.
സ്മിത്ത് സുരക്ഷിതമായി ക്രീസിലെത്തിയെങ്കിലും ഒരു റണ്‍ കൂടി എടുക്കാനായി ക്രീസില്‍നിന്ന് വെളിയില്‍ ഇറങ്ങിയിരുന്നു. എന്നാല്‍ പന്ത് വിക്കറ്റില്‍ കൃത്യമായി വീഴുമെന്ന ധാരണയില്‍ ബോളര്‍ കുല്‍ദീപ് യാദവ് മാറിനില്‍ക്കുകയാണ് ചെയ്തത്.
ലക്ഷ്യം തെറ്റി പോയ പന്ത് പിന്നീട് ക്യാപ്റ്റന്‍ രോഹിത് ശര്‍മ പിടിച്ചെടുക്കുകയായിരുന്നു. ഇതാണ് പ്രകോപനത്തിന് കാരണം. പന്തെറിഞ്ഞ കോലിയും പിടിച്ചെടുത്ത രോഹിത് ശര്‍മയും ഗ്രൗണ്ടില്‍വച്ച് തന്നെ കുല്‍ദീപിനെ നിര്‍ത്തിപ്പൊരിച്ചു. എന്നാല്‍ ഒരക്ഷരം പോലും മിണ്ടാനാകാതെ നിശബ്ദനായി നോക്കി നില്‍ക്കുകയായിരുന്നു കുല്‍ദീപ്.
മത്സരത്തില്‍ എട്ടോവറുകള്‍ പന്തെറിഞ്ഞ കുല്‍ദീപ് യാദവ് 44 റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും ലഭിച്ചിരുന്നില്ല. സ്പിന്നര്‍മാരായ വരുണ്‍ ചക്രവര്‍ത്തിയും രവീന്ദ്ര ജഡേജയും രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍, അക്ഷര്‍ പട്ടേലും ഒരു വിക്കറ്റ് നേടിയിരുന്നു.
മത്സരത്തില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ നാലു വിക്കറ്റ് വിജയവുമായി ഇന്ത്യ ഫൈനലില്‍ കടന്നു. ന്യൂസീലന്‍ഡ് ദക്ഷിണാഫ്രിക്ക പോരാട്ടത്തിലെ വിജയികളെയായിരിക്കും ഇന്ത്യ ഫൈനലില്‍ നേരിടുക. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 264 റണ്‍സെടുത്ത് പുറത്തായി. മറുപടി ബാറ്റിങ്ങില്‍ 48.1 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ വിജയത്തിലെത്തി.
Chuldeep😭😭 https://t.co/KNa6yFug5e pic.twitter.com/fHfGsRl8iD
— S A K T H I ! (@Classic82atMCG_) March 4, 2025