തുടര്‍ച്ചയായ 12ാം ഏകദിനത്തിലും ടോസ് നഷ്ടമാകുന്ന ഇന്ത്യന്‍ നായകനായി രോഹിത് ശര്‍മ; ബ്രയാന്‍ ലാറയുടെ റെക്കോര്‍ഡിനൊപ്പമെത്തി താരം
ദുബായ്: തുടര്‍ച്ചയായ 12ാം ഏകദിനത്തിലും ടോസ് നഷ്ടമാകുന്ന ഇന്ത്യന്‍ നായകനായി രോഹിത് ശര്‍മ. ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ആവേശകരമായ പ്രകടനങ്ങളിലൂടെ ഫൈനലില്‍ കടന്നെങ്കിലും, ഫൈനലിലും രോഹിത് ശര്‍മയ്ക്ക് ടോസ് നഷ്ടമായി. ടോസ് നേടിയ ന്യൂസിലാന്‍ഡ് ബാറ്റിംഗ് തിരഞ്ഞെടുത്തു.
ഇതോടെ, രാജ്യാന്തര ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ തുടര്‍ച്ചയായി ടോസ് നഷ്ടമാകുന്ന ക്യാപ്റ്റനെന്ന നിര്‍ഭാഗ്യത്തിന്റെ റെക്കോര്‍ഡ് കൂടി രോഹിത് ശര്‍മയുടെ പേരിലായി. വെസ്റ്റിന്‍ഡീസ് ഇതിഹാസമായ ബ്രയാന്‍ ലാറയുടെ റെക്കോര്‍ഡിന് ഒപ്പമാണ് ഇപ്പോള്‍ രോഹിത് ശര്‍മയും.
ഇന്ത്യ മറക്കാന്‍ ആഗ്രഹിക്കുന്ന 2023ലെ ഓസ്‌ട്രേലിയയ്ക്കെതിരായ ഏകദിന ലോകകപ്പ് ഫൈനല്‍ മുതല്‍ ഒപ്പം കൂടിയ നിര്‍ഭാഗ്യമാണ്, രണ്ടു വര്‍ഷങ്ങള്‍ക്കിപ്പുറം ചാംപ്യന്‍സ് ട്രോഫി ഫൈനലിലും ഇന്ത്യയെ വിടാതെ പിന്തുടരുന്നത് എന്നതും ശ്രദ്ധേയം.
2011 മാര്‍ച്ച് മുതല്‍ 2013 ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ 11 മത്സരങ്ങളില്‍ തുടര്‍ച്ചയായി ടോസ് നഷ്ടമാക്കിയ നെതര്‍ലന്‍ഡ്‌സ് ക്യാപ്റ്റന്‍ പീറ്റര്‍ ബോറനൊപ്പമായിരുന്ന രോഹിത്, 12ാം മത്സരത്തിലും ടോസ് നഷ്ടമായതോടെയാണ് ബ്രയാന്‍ ലാറയ്ക്കൊപ്പമെത്തിയത്. വെസ്റ്റിന്‍ഡീസിന്റെ നായകനായിരുന്ന കാലയളവില്‍ 1998 ഒക്ടോബറിനും 1999 മേയ് മാസത്തിനും ഇടയിലാണ് തുടര്‍ച്ചയായി 12 മത്സരങ്ങളില്‍ ലാറയ്ക്ക് ടോസ് നഷ്ടമായത്.
ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് തുടര്‍ച്ചയായ 15ാം മത്സരത്തിലാണ് ടോസ് നഷ്ടമാകുന്നത്. ഇത് റെക്കോര്‍ഡാണ്. രോഹിത് ഇല്ലാതെ ഇതിനിടയില്‍ കളിച്ച മൂന്നു മത്സരങ്ങളില്‍ കൂടി ഇന്ത്യയ്ക്ക് ടോസ് നഷ്ടമായി. ഇതോടെയാണ്, ടീമെന്ന നിലയില്‍ ഇന്ത്യയുടെ ടോസ് നഷ്ടം 15ാം മത്സരത്തിലേക്ക് നീണ്ടത്.
അതേസമയം, ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ടോസ് നഷ്ടം ഇതുവരെയുള്ള കളികളിലെല്ലാം ഇന്ത്യയെ തുണച്ചിട്ടേ ഉള്ളൂ. ബംഗ്ലാദേശിനെതിരായ ആദ്യ മത്സരം മുതല്‍ ഓസീസിനെതിരായ സെമിഫൈനല്‍ വരെ ടോസ് നഷ്ടമായിട്ടും ജയിച്ചുകയറിയാണ് ഇന്ത്യ ഫൈനലിലെത്തിയത്.
അതുകൊണ്ടുതന്നെ ഫൈനലിലെ ടോസ് നഷ്ടവും ഇന്ത്യ കാര്യമാക്കാന്‍ സാധ്യതയില്ല. മാത്രമല്ല, ടൂര്‍ണമെന്റിലുടനീളം ഇതേ വേദിയില്‍ കളിച്ച ഇന്ത്യ ആദ്യം ബാറ്റ് ചെയ്തും രണ്ടാമത് ബാറ്റു ചെയ്തും ജയിച്ചിട്ടുണ്ട് എന്നതും ടീമിന് ആത്മവിശ്വാസം നല്‍കും.
ഫൈനല്‍ മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ന്യൂസിലാന്‍ഡ് 7.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 57 റണ്‍സ് എടുത്തിട്ടുണ്ട്.