ഫോം വീണ്ടെടുത്ത് വിദര്‍ഭ; സെഞ്ചുറിയുമായി ഡാനിഷ് മാലേവാര്‍; അര്‍ധസെഞ്ചുറിയുമായി കരുണ്‍ നായര്‍
നാഗ്പുര്‍: രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ തുടക്കത്തില്‍ തന്നെ മൂന്ന് വിക്കറ്റ് നഷ്ടമായ വിദര്‍ഭ ശക്തമായ തിരിച്ചുവരവില്‍. 24 റണ്‍സിനിടെ മൂന്നു വിക്കറ്റ് ആണ് വിദര്‍ഭയ്ക്ക് നഷ്ടമായത്. തകര്‍പ്പന്‍ സെഞ്ചുറിയുമായി പടനയിക്കുന്ന ഡാനിഷ് മാലേവാറിന്റെ നേതൃത്വത്തിലാണ് വിദര്‍ഭയുടെ തിരിച്ചുവരവ്. ഒപ്പം കരുണ്‍ നായരുമുണ്ട്.
168 പന്തില്‍ 12 ഫോറും രണ്ടു സിക്‌സും സഹിതം 116 റണ്‍സുമായാണ് ഡാനിഷ് പൊരുതുന്നത്. 76 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 223 റണ്‍സ് എന്ന നിലയിലാണ് വിദര്‍ഭ. കരുണ്‍ നായര്‍ 51 റണ്‍സ് എടുത്തിട്ടുണ്ട്. കേരളത്തിനായി എം.ഡി. നിധീഷ് രണ്ടും ഏദന്‍ ആപ്പിള്‍ ടോം ഒരു വിക്കറ്റും വീഴ്ത്തി.
ഇതുവരെ 131 പന്തുകള്‍ നേരിട്ട കരുണ്‍ നായര്‍, മൂന്നു ഫോറും ഒരു സിക്‌സും സഹിതമാണ് 51 റണ്‍സെടുത്തത്. ഓപ്പണര്‍മാരായ പാര്‍ഥ് രേഖാഡെ (0), ധ്രുവ് ഷോറെ (35 പന്തില്‍ 16), സ്ഥാനക്കയറ്റം കിട്ടി വണ്‍ഡൗണായി എത്തിയ ദര്‍ശന്‍ നല്‍കാണ്ഡെ (21 പന്തില്‍ ഒന്ന്) എന്നിവരാണ് വിദര്‍ഭ നിരയില്‍ പുറത്തായത്. രേഖാഡെ, നല്‍കാണ്ഡെ എന്നിവരെ എം.ഡി. നിധീഷും ധ്രുവ് ഷോറെയെ ഈ മത്സരത്തില്‍ അവസരം ലഭിച്ച ഏദന്‍ ആപ്പിള്‍ ടോമും പുറത്താക്കി.
ടോസ് നേടി വിദര്‍ഭയെ ബാറ്റിങ്ങിന് അയച്ച കേരളം, രണ്ടാം പന്തില്‍ത്തന്നെ വിദര്‍ഭയുടെ ആദ്യ വിക്കറ്റെടുത്ത് അവരെ ഞെട്ടിച്ചിരുന്നു. ഇന്നിങ്‌സിലെ രണ്ടാമത്തെ തന്നെ പന്തില്‍ വിദര്‍ഭ ഓപ്പണര്‍ പാര്‍ഥ് രേഖാഡെയാണ് പുറത്തായത്. എം.ഡി. നിധീഷിന്റെ പന്തില്‍ എല്‍ബിയില്‍ കുരുങ്ങിയായിരുന്നു രേഖാഡെയുടെ മടക്കം. എല്‍ബിക്കായുള്ള അപ്പീല്‍ അംപയര്‍ നിരസിച്ചെങ്കിലും, ഡിആര്‍എസിലൂടെയാണ് അര്‍ഹിച്ച വിക്കറ്റ് കേരളം 'പിടിച്ചുവാങ്ങുകയായിരുന്നു.
അപകടം മണത്ത വിദര്‍ഭ, വണ്‍ഡൗണായി ദര്‍ശന്‍ നല്‍കാണ്ഡെയെ ഇറക്കിയതോടെ പ്രതിരോധമാണ് ലക്ഷ്യമെന്ന് വ്യക്തമായി. പ്രതീക്ഷകള്‍ കാത്ത് 20 പന്തുകള്‍ ദര്‍ശന്‍ വിജയകരമായി പ്രതിരോധിച്ചെങ്കിലും, 21ാം പന്തില്‍ നിധീഷിനു മുന്നില്‍ പ്രതിരോധം പാളി. 21 പന്തില്‍ ഒറ്റ റണ്‍ മാത്രമെടുത്ത ദര്‍ശനെ, എന്‍.പി. ബേസില്‍ ക്യാച്ചെടുത്ത് പുറത്താക്കി. ആദ്യം ബോള്‍ ചെയ്ത നാല് ഓവറും മെയ്ഡനാക്കിയാണ് നിധീഷ് രണ്ടു വിക്കറ്റ് വീഴ്ത്തിയത്.
ഇതിനിടെ തുടര്‍ ബൗണ്ടറികളുമായി ആക്രമണം കേരള ക്യാംപിലേക്ക് നയിക്കാന്‍ ശ്രമിച്ച ധ്രുവ് ഷോറെ ഒരുവേള ഭീഷണി ഉയര്‍ത്തിയെങ്കിലും, ആ ഭീഷണി കേരളത്തിന്റെ യുവ പേസ് ബോളര്‍ ഏദന്‍ ആപ്പിള്‍ ടോം വേരോടെ പിഴുതു. 13ാം ഓവറിലെ അഞ്ചാം പന്തില്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ ഉജ്വല ക്യാച്ചില്‍ പുറത്താകുമ്പോള്‍, 35 പന്തില്‍ മൂന്നു ഫോറുകളോടെ 16 റണ്‍സായിരുന്നു രേഖാഡെയുടെ സമ്പാദ്യം.
വിജയം മാത്രം ലക്ഷ്യമിട്ടാണ് ഇരു ടീമുകളും കളിക്കളത്തില്‍ ഇറങ്ങിയത്. ഇത് ആദ്യമായാണ് കേരളം ഫൈനലില്‍ എത്തുന്നത്. അതുകൊണ്ട് തന്നെ കിരീടം നേടി ചരിത്രത്തില്‍ ഇടം പിടിക്കുക എന്നതാണ് ഓരോ കളിക്കാരന്റേയും ആഗ്രഹം.