രഞ്ജി ട്രോഫി ഫൈനല്‍: കിരീടം ലക്ഷ്യമിട്ട് കേരളം; വിദര്‍ഭയ്ക്ക് ബാറ്റിംഗ്‌

Update: 2025-02-26 04:27 GMT

നാഗ്പുര്‍: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ചരിത്രം ആവര്‍ത്താന്‍ കേരളം. ഏത് വിധേനയും കന്നി കിരീടം സ്വന്തമാക്കുക എന്നതാണ് ടീമിന്റെ ലക്ഷ്യം. കിരീടം നേടാനായാല്‍ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും സഹതാരങ്ങളും ചരിത്രത്തില്‍ ഇടംപിടിക്കും.സെമിഫൈനലില്‍ കരുത്തരായ ഗുജറാത്തിനെ വീഴ്ത്തിയ കേരള ടീമില്‍ ഒരു മാറ്റമുണ്ട്. വരുണ്‍ നായനാര്‍ക്ക് പകരം യുവ പേസര്‍ ഏദന്‍ ആപ്പിള്‍ ടോം ടീമില്‍ ഇടംപിടിച്ചു.

സീസണില്‍ തോല്‍വി അറിയാതെയാണ് കേരളവും വിദര്‍ഭയും കിരീടപ്പോരാട്ടത്തില്‍ ഏറ്റുമുട്ടുന്നത്. സെമിയില്‍ ഗുജറാത്തിനെ രണ്ട് റണ്ണിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡില്‍ മറികടന്നാണ് കേരളം ആദ്യ ഫൈനല്‍ ഉറപ്പിച്ചത്.

മികച്ച ഫോമില്‍ കളിക്കുന്ന സല്‍മാന്‍ നിസാറും മുഹമ്മദ് അസ്ഹറുദ്ദീനും ജലജ് സക്‌സേനയുമുള്‍പ്പെട്ട മധ്യനിരയിലാണ് കേരളത്തിന്റെ ബാറ്റിങ് കരുത്ത്. കഴിഞ്ഞ മത്സരത്തിലെ മികച്ച പ്രകടനത്തിലൂടെ ക്യാപ്റ്റന്‍ സച്ചിനും ഫോമിലേക്കുയര്‍ന്നു. മുന്‍നിരയ്ക്ക് മികച്ച തുടക്കം നല്‍കാനായാല്‍ മത്സരഫലം അനുകൂലമാക്കാന്‍ കഴിയുമെന്ന് ടീം പ്രതീക്ഷിക്കുന്നു. ബോളിങ്ങില്‍ എം.ഡി.നിധീഷും ജലജും സ്പിന്നര്‍ ആദിത്യ സര്‍വതെയും ഉള്‍പ്പെട്ട സഖ്യം ഏതു ബാറ്റിങ് ലൈനപ്പും തകര്‍ക്കാന്‍ കെല്‍പുള്ളവരാണ്.

ബാറ്റിങ്ങിനെ തുണയ്ക്കുന്ന വിക്കറ്റാണെങ്കിലും ഈര്‍പ്പവും പച്ചപ്പും ആദ്യ രണ്ടുദിനങ്ങളില്‍ പേസര്‍മാര്‍ക്ക് അനുകൂലമാകാമെന്നതിനാലാണ് ഒരു ബോളറെ കൂടി കേരളം ടീമില്‍ ഉള്‍പ്പെടുത്തിയത്. മൂന്നാം ദിനം മുതല്‍ പിച്ച് സ്പിന്നര്‍മാരെയും തുണയ്ക്കും.

കഴിഞ്ഞ രഞ്ജിയില്‍ ഫൈനലിലെത്തിയിട്ടും പരാജയം ഏറ്റുവാങ്ങേണ്ടി വന്ന ടീമാണ് വിദര്‍ഭ. ബാറ്റിങ്ങിലും ബോളിങ്ങിലും ഒരുപോലെ തുടരുന്ന, പഴുതടച്ച മികവാണ് വിദര്‍ഭയുടെ കരുത്ത്. 8 വര്‍ഷത്തിനിടെ 3 രഞ്ജി ഫൈനല്‍ കളിക്കുകയും 2 വട്ടം കിരീടം ഉയര്‍ത്തുകയും ചെയ്തവരാണവര്‍. റണ്‍വേട്ടക്കാരുടെ പട്ടികയില്‍ മുന്‍നിരയിലുള്ള യഷ് റാത്തോഡ്, ഹര്‍ഷ് ദുബെ, അക്ഷയ് വാഡ്കര്‍, കരുണ്‍ നായര്‍ തുടങ്ങിയവര്‍ വിദര്‍ഭയുടെ ശക്തികേന്ദ്രങ്ങളാണ്.

സീസണില്‍ 933 റണ്‍സ് അക്കൗണ്ടിലുള്ള റാത്തോഡിന് 17 റണ്‍സ് കൂടി നേടാനായാല്‍ സീസണിലെ റണ്‍വേട്ടക്കാരില്‍ ഒന്നാമതെത്താം. 66 വിക്കറ്റ് നേടിയ ഹര്‍ഷ് ദുബെയ്ക്ക് 3 വിക്കറ്റ് കൂടി നേടിയാല്‍ റെക്കോര്‍ഡ് കുറിക്കാമെന്നത് വിദര്‍ഭയുടെ ബോളിങ് കരുത്തും വ്യക്തമാക്കുന്നു.

വിദര്‍ഭയുടെ ഹോം ഗ്രൗണ്ടായ വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ രാവിലെ 9.30ന് മത്സരം തുടങ്ങി. സീസണില്‍ ഉജ്വല ഫോമില്‍ കളിക്കുന്ന ബാറ്റര്‍മാരുടെ കരുത്തുറ്റ നിരയുള്ള വിദര്‍ഭയെ കീഴടക്കാന്‍ കൃത്യമായ ആസൂത്രണവുമായാണ് കേരളം എത്തുന്നത്.

ആദ്യ 2 ദിവസങ്ങളില്‍ പേസര്‍മാര്‍ക്കും ബാക്കിയുള്ള 3 ദിവസങ്ങളില്‍ സ്പിന്നര്‍മാര്‍ക്കും പിച്ചിന്റെ ആനുകൂല്യങ്ങള്‍ ലഭിച്ചേക്കാമെങ്കിലും പൊതുവേ ബാറ്റര്‍മാരെ അകമഴിഞ്ഞ് സഹായിക്കാനാണു സാധ്യത.

രണ്ട് തോല്‍വികള്‍ക്ക് പകരം വീട്ടാന്‍ കൂടിയാണ് കേരളം ഇന്നിറങ്ങുന്നത്. വിദര്‍ഭ 2018ലെ ക്വാര്‍ട്ടര്‍ ഫൈനലിലും 2019ലെ സെമിയിലും കേരളത്തെ തോല്‍പിച്ചിരുന്നു. ഈ തോല്‍വികള്‍ക്ക് വിദര്‍ഭയുടെ മൈതാനത്ത് പകരം വീട്ടി കേരളം ഇന്ത്യന്‍ ക്രിക്കറ്റില്‍ പുതുചരിത്രം കുറിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.

കേരളത്തിന്റെ സെമിഫൈനല്‍ വിജയത്തിന് നിമിത്തമായ സല്‍മാന്‍ നിസാറിന്റെ ഹെല്‍മറ്റ് ഫൈനല്‍ മത്സരത്തിലും മൈതാനത്തെത്തും. ഹെല്‍മറ്റിനു തകരാറൊന്നുമില്ലാത്തതിനാല്‍ ഇതു തന്നെയാകും സല്‍മാന്‍ ഫൈനലിലും ധരിക്കുക.ഫൈനലിനു ശേഷം ഹെല്‍മറ്റ് ചില്ലിട്ടു സൂക്ഷിക്കുമെന്ന് കെസിഎ നേരത്തെ അറിയിച്ചിരുന്നു.

ടോസ് കിട്ടിയത് കേരളത്തിനാണെങ്കിലും വിദര്‍ഭയെ ബാറ്റിങ്ങിന് അയക്കാന്‍ കേരള നായകന്‍ സച്ചിന്‍ ബേബി തീരുമാനിക്കുകയായിരുന്നു. വാശിയേറിയ പോരാട്ടത്തില്‍ തുടക്കത്തില്‍ തന്നെ വിദര്‍ഭയ്ക്ക് ഒരു വിക്കറ്റ് നഷ്ടമായി. രേഖഡെയെ പൂജ്യം റണ്‍സിന് നിധീഷ് പുറത്താക്കി.

രണ്ടാം പന്തില്‍ത്തന്നെ വിദര്‍ഭയുടെ ആദ്യ വിക്കറ്റെടുക്കുകയായിരുന്നു. വിദര്‍ഭ ഓപ്പണര്‍ പാര്‍ഥ് രേഖാഡെയാണ് പുറത്തായത്. എം.ഡി. നിധീഷിന്റെ പന്തില്‍ എല്‍ബിയില്‍ കുരുങ്ങിയാണ് രേഖാഡെയുടെ മടക്കം. എല്‍ബിക്കായുള്ള അപ്പീല്‍ അംപയര്‍ നിരസിച്ചെങ്കിലും, ഡിആര്‍എസിലൂടെയാണ് അര്‍ഹിച്ച വിക്കറ്റ് കേരളം 'പിടിച്ചുവാങ്ങുകയായിരുന്നു. ആദ്യ ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടപ്പെട്ട വിദര്‍ഭയ്ക്ക് അക്കൗണ്ട് തുറക്കാനായിട്ടില്ല. ധ്രുവ് ഷോറെ (0), ദര്‍ശന്‍ നല്‍കാണ്ഡെ (0) എന്നിവര്‍ ക്രീസില്‍.

Similar News