പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ സഞ്ജു സാംസണ്‍ നയിക്കും

ജയ്പൂരിലെ സവായ് മാന്‍സിംഗ് സ്റ്റേഡിയത്തില്‍ ആണ് മത്സരം നടക്കുന്നത്;

Update: 2025-05-18 08:49 GMT

ജയ്പൂര്‍: പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ സഞ്ജു സാംസണ്‍ നയിക്കും. ഞായറാഴ്ച ജയ്പൂരിലെ സവായ് മാന്‍സിംഗ് സ്റ്റേഡിയത്തില്‍ ആണ് മത്സരം നടക്കുന്നത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് പുറത്തായ രാജസ്ഥാന്‍ റോയല്‍സിനെതിരെ കളിക്കുമ്പോള്‍ പോയിന്റ് പട്ടികയില്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലേക്ക് തിരിച്ചുവരാനാകും പഞ്ചാബ് കിംഗ്സ് ലക്ഷ്യമിടുന്നത്.

കിംഗ്സ് ഐ.പി.എല്ലില്‍ കളിച്ച പതിനൊന്ന് മത്സരങ്ങളില്‍ ഏഴെണ്ണത്തില്‍ വിജയിച്ചു, പത്ത് വര്‍ഷത്തിനിടയിലെ ടീമിന്റെ ഏറ്റവും മികച്ച സീസണാണിത്. എന്നാല്‍ മറുഭാഗത്ത് 12 മത്സരങ്ങളില്‍ നിന്ന് മൂന്ന് വിജയങ്ങള്‍ മാത്രം നേടിയ റോയല്‍സിന് ഈ സീസണില്‍ മോശം തുടക്കമാണ് ലഭിച്ചത്, അതിനാല്‍ പ്ലേഓഫിലേക്കുള്ള മത്സരത്തിന് പുറത്താകുകയും ചെയ്തു.

ഞായറാഴ്ച നടക്കുന്ന മത്സരത്തില്‍ സഞ്ജു തിരിച്ചെത്തുന്നതോടെ യുവതാരം റിയാന്‍ പരാഗ് ക്യാപ്റ്റന്‍ സ്ഥാനം ഒഴിയും. വാരിയെല്ലിന്റെ ഭാഗത്ത് പരുക്കേറ്റ സഞ്ജു കഴിഞ്ഞ മത്സരങ്ങളില്‍ കളിക്കാനിറങ്ങിയിരുന്നില്ല. ഈ സീസണില്‍ രാജസ്ഥാന്റെ അവസാന ഹോം മത്സരത്തിലാണ് സഞ്ജു ക്യാപ്റ്റനായി തിരിച്ചെത്തുന്നത്. ഏപ്രില്‍ 16ന് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയാണ് താരം ഒടുവില്‍ കളിച്ചത്. ഫിറ്റ് നസ് ടെസ്റ്റ് വിജയിച്ച സഞ്ജു, കഴിഞ്ഞ ദിവസം പരിശീലനം തുടങ്ങിയിരുന്നു.

സഞ്ജു പരിക്കിനെ തുടര്‍ന്ന് മാറി നിന്നിരുന്നതിനാല്‍ ഐപിഎലിലെ രാജസ്ഥാന്റെ ആദ്യ മൂന്നു മത്സരങ്ങളില്‍ പരാഗായിരുന്നു ടീമിനെ നയിച്ചിരുന്നത്. ഈ കളികളില്‍ ഇംപാക്ട് സബ്ബായ സഞ്ജു ബാറ്ററുടെ റോളില്‍ മാത്രം കളിച്ചു. പിന്നീട് സഞ്ജു ടീമിലേക്ക് തിരിച്ചെത്തിയെങ്കിലും വീണ്ടും പരുക്കേറ്റ് പുറത്തായി. ഇതോടെയാണ് ക്യാപ്റ്റന്‍ സ്ഥാനം റിയാന്‍ പരാഗിന് തന്നെ വീണ്ടും ലഭിച്ചത്.

സഞ്ജു തിരിച്ചെത്തുമ്പോള്‍ ഓപ്പണിങ് ബാറ്ററായി കളിക്കാന്‍ സാധ്യതയില്ല. യശസ്വി ജയ് സ്വാളിനൊപ്പം കൗമാര താരം വൈഭവ് സൂര്യവംശി തന്നെ രാജസ്ഥാന്റെ ഓപ്പണിങ്ങില്‍ ഇറങ്ങും. സഞ്ജു വണ്‍ ഡൗണായി കളിക്കാനാണ് സാധ്യത. പ്ലേ ഓഫ് പ്രതീക്ഷകള്‍ ഇല്ലാതായ രാജസ്ഥാന്‍ അവസാന രണ്ടു കളികളും ജയിച്ച് സീസണ്‍ അവസാനിപ്പിക്കാനാണ് ശ്രമിക്കുന്നത്.

12 കളികളില്‍ മൂന്നെണ്ണം മാത്രം ജയിച്ച രാജസ്ഥാന്‍ പോയിന്റ് പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ്. പ്ലേ ഓഫ് കാത്തിരിക്കുന്ന പഞ്ചാബ് പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുണ്ട്. പഞ്ചാബിന്റെ അവസാന മത്സരം പാതിവഴിയില്‍ ഉപേക്ഷിച്ചിരുന്നു. ധരംശാല സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടം ഇന്ത്യ പാക്ക് സംഘര്‍ഷം രൂക്ഷമായതോടെ അവസാനിപ്പിക്കുകയായിരുന്നു. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ ഈ മത്സരം മേയ് 24ന് ജയ്പൂരില്‍ വീണ്ടും കളിക്കും.

Similar News