സഞ്ജു സാംസണ്‍ ഫ്രാഞ്ചൈസി വിടുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ 'ക്യാപ്റ്റന്‍' ധ്രുവ് ജൂറലിനെ' അഭിനന്ദിച്ച് രാജസ്ഥാന്‍ റോയല്‍സ്
വിക്കറ്റിന് പിന്നില്‍ നിന്ന് കളി മാറ്റി മറിക്കാന്‍ കഴിവുള്ള താരമെന്നാണ് പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്;
കഴിഞ്ഞ രണ്ടുദിവസങ്ങളിലായി ക്രിക്കറ്റ് മേഖലയില്‍ നിന്നും ഏറ്റവും കൂടുതലായി ഉയര്‍ന്നത് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ടീം വിടുന്നുവെന്ന വാര്‍ത്തയാണ്. എന്നാല്‍ സഞ്ജുവോ ടീം മാനേജ് മെന്റോ ഇക്കാര്യത്തില്‍ വിശദമായ ഒരു തീരുമാനം ഇതുവരെ അറിയിച്ചിട്ടില്ല. അതിനിടെയാണ് ഓഗസ്റ്റ് 28 ന് ബെംഗളൂരുവില്‍ ആരംഭിക്കുന്ന ദുലീപ് ട്രോഫിയില്‍ സെന്‍ട്രല്‍ സോണിന്റെ ക്യാപ്റ്റനായി ധ്രുവ് ജൂറലിനെ നിയമിച്ച വാര്‍ത്ത പുറത്തുവരുന്നത്.
ഇതിന് പിന്നാലെ ധ്രുവ് ജുറെലിനെ അഭിനന്ദിച്ച് രാജസ്ഥാന്‍ റോയല്‍സ് ടീം രംഗത്തെത്തി. സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സ് വിട്ട് ചെന്നൈ സൂപ്പര്‍ കിംഗ്‌സിലേക്ക് കൂടുമാറാന്‍ താല്‍പര്യം അറിയിച്ചുവെന്ന് ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്ത് മണിക്കൂറുകള്‍ക്കകമാണ് ധ്രുവ് ജുറെലിനെ അഭിനന്ദിച്ചുള്ള രാജസ്ഥാന്റെ അഭിനന്ദന പോസ്റ്റ്. ഇത് ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായി. വിക്കറ്റിന് പിന്നില്‍ നിന്ന് കളി മാറ്റി മറിക്കാന്‍ കഴിവുള്ള താരമെന്നാണ് രാജസ്ഥാന്‍ ധ്രുവ് ജുറെലിനെ അഭിനന്ദിച്ചുകൊണ്ടുള്ള പോസ്റ്റില്‍ വ്യക്തമാക്കുന്നത്. എന്നാല്‍ പോസ്റ്റില്‍ സഞ്ജുവിനെ കുറിച്ച് യാതൊരു പരാമര്‍ശവും ഉണ്ടായിരുന്നില്ല. ഇത് മന:പൂര്‍വമാണെന്നാണ് ആരാധകര്‍ പറയുന്നത്.
കഴിഞ്ഞ സീസണ് മുമ്പ് 18 കോടി രൂപക്കാണ് രാജസ്ഥാന്‍ സഞ്ജുവിനെ നിലനിര്‍ത്തിയത്. രാജസ്ഥാനൊപ്പം രണ്ട് വര്‍ഷ കരാര്‍ കൂടി ബാക്കിയുള്ള സഞ്ജുവിനെ ട്രേഡിലൂടെ സ്വന്തമാക്കാനാണ് ചെന്നൈ ശ്രമിക്കുന്നതെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ സഞ്ജുവിന് പകരം രാജസ്ഥാന്‍ ചെന്നൈയുടെ രണ്ട് താരങ്ങളെ കൈമാറണമെന്ന നിബന്ധന മുന്നോട്ടുവെച്ചുവെന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്ന വിവരം.
ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലെ അവസാന ടെസ്റ്റില്‍ കളിച്ച ജുറെലിനെ 28ന് ആരംഭിക്കുന്ന ദുലീപ് ട്രോഫിക്കുള്ള മധ്യമേഖലാ ടീമിന്റെ ക്യാപ്റ്റനായി വ്യാഴാഴ്ചയാണ് പ്രഖ്യാപിച്ചത്. ഇതോടെ ഇന്ത്യന്‍ ക്രിക്കറ്റിലെ താരത്തിന്റെ ദ്രുതഗതിയിലുള്ള വളര്‍ച്ച മറ്റൊരു നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ 2-2 ന് സമനിലയിലെത്തിയതില്‍ 23 കാരനായ ഈ കീപ്പര്‍ ബാറ്ററുടെ പങ്ക് ചെറുതൊന്നുമല്ല.
ജൂറലിനെ ദുലീപ് ട്രോഫിക്കുള്ള മധ്യമേഖലാ ടീമിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുത്തത് അദ്ദേഹം നേടിയ വിശ്വാസത്തിന്റെ അടയാളമാണ്. ഋഷഭ് പന്തിന്റെ പരിക്കിനെത്തുടര്‍ന്ന് ഇംഗ്ലണ്ട് പര്യടനത്തില്‍ പകരക്കാരനായി ഡ്രാഫ്റ്റ് ചെയ്യപ്പെട്ട ജൂറല്‍, ഓവലില്‍ നടന്ന നിര്‍ണായക മത്സരത്തില്‍ ഇലവനില്‍ തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് മൂന്നാമത്തെയും നാലാമത്തെയും ടെസ്റ്റുകളില്‍ വിക്കറ്റ് കീപ്പര്‍ ആയിരുന്നു, ആ മത്സരത്തില്‍ ഇന്ത്യ ആറ് റണ്‍സിന് വിജയിച്ചു. സ്റ്റമ്പുകള്‍ക്ക് പിന്നിലെ അദ്ദേഹത്തിന്റെ ശാന്തമായ സാന്നിധ്യം ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു.
ഇംഗ്ലണ്ടിലെ അഞ്ച് ടെസ്റ്റ് പരമ്പരയിലുടനീളം എതിര്‍ ടീമിനെതിരെ പോരാടിയ കുല്‍ദീപ് യാദവും ദുലീപ് ട്രോഫി ടീമിന്റെ ഭാഗമാണ്. വിദര്‍ഭയുടെ ഹര്‍ഷ് ദുബെയ്ക്കും രാജസ്ഥാന്റെ മാനവ് സുതാറിനും ഒപ്പം സ്പിന്‍ ത്രയവും രൂപീകരിക്കും.
കഴിഞ്ഞ സീസണില്‍ വിദര്‍ഭയുടെ വിജയകരമായ പ്രചാരണത്തിന് നേതൃത്വം നല്‍കിയ ഉസ്മാന്‍ ഘാനിയാണ് ടീമിനെ പരിശീലിപ്പിക്കുന്നത്.
Ek hoga jo stumps ke peeche se game badal dega 🔥 pic.twitter.com/P5cK4hX5mf
— Rajasthan Royals (@rajasthanroyals) August 8, 2025