ഓപ്പറേഷന്‍ സിന്ദൂര്‍ ഐപിഎല്‍ മത്സരങ്ങളെ ബാധിക്കുമോ? ധര്‍മ്മശാലയിലെ മത്സരങ്ങള്‍ പുനഃക്രമീകരിക്കുമോ?
വിനയായത് ചണ്ഡിഗഡ് വിമാനത്താവളം അടച്ചിട്ടത്;
ധരംശാല: പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്ന കണ്ടെത്തലിന് പിന്നാലെ പാകിസ്ഥാനിലെ തീവ്രവാദ കേന്ദ്രങ്ങള്‍ക്കെതിരെ ഇന്ത്യ നടത്തുന്ന പ്രതികാര നടപടിയായ ഓപ്പറേഷന്‍ സിന്ദൂര്‍, ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍)മത്സരങ്ങളെ ബാധിക്കുമോ എന്ന കാര്യത്തില്‍ അനിശ്ചിതത്വം സൃഷ്ടിക്കുന്നു.
മത്സരങ്ങള്‍ ഇതിനകം നടത്താന്‍ തീരുമാനിച്ചിരിക്കുന്നതിനാല്‍, സുരക്ഷാ പ്രോട്ടോക്കോളുകള്‍ ധര്‍മ്മശാല പോലുള്ള സെന്‍സിറ്റീവ് വേദികളിലെ മത്സരങ്ങളെ ബാധിക്കുമോ എന്നും അവ മാറ്റിവയ്ക്കുകയോ പുനഃക്രമീകരിക്കുകയോ ചെയ്യുമോ എന്നുമുള്ള ആകാംക്ഷയിലാണ് ആരാധകരും ടീമുകളും. കൂടാതെ, മെയ് 7 ന് രാജ്യത്തുടനീളമുള്ള നിരവധി സംസ്ഥാനങ്ങളില്‍ മോക്ക് ഡ്രില്ലുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നിരുന്നാലും, ടൂര്‍ണമെന്റ് നിലവിലെ ഷെഡ്യൂള്‍ പ്രകാരം നടക്കുമെന്നാണ് ബിസിസിഐ വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം.
പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ തിരിച്ചടിക്ക് പിന്നാലെ പാക് അതിര്‍ത്തിയോട് ചേര്‍ന്നുള്ള വിമാനത്താവളങ്ങള്‍ മെയ് 10വരെ അടച്ചിടാന്‍ തീരുമാനിച്ചതാണ് ഐപിഎല്‍ മത്സരങ്ങള്‍ക്ക് വിനയാകുന്നത്. മുന്‍കരുതലെന്ന നിലയിലാണ് പാക് അതിര്‍ത്തിയോട് ചേര്‍ന്നുള്ള വിമാനത്താവളങ്ങള്‍ മെയ് 10വരെ അടച്ചിടാന്‍ കേന്ദസര്‍ക്കാര്‍ ഉത്തരവിട്ടത്. ഇതിന്റെ ഭാഗമായി ചണ്ഡീഗഡ് വിമാനത്താവളവും മെയ് 10വരെ അടച്ചിട്ടിരുന്നു.
ജമ്മു കശ്മീരില്‍ മേഖലയിലെ അടക്കം പത്ത് വിമാനത്താവളങ്ങളാണ് സുരക്ഷാമുന്‍കരുതലിന്റെ ഭാഗമായി അടച്ചത്. ശ്രീനഗര്‍, ജമ്മു, ധരംശാല, അമൃത്സര്‍, ലേ, ജോധ്പൂര്‍, ഭുജ്, ജാംനഗര്‍, ചണ്ഡിഗഡ്, രാജ്‌കോട്ട് തുടങ്ങിയ വിമാനത്താവളങ്ങളാണ് അടച്ചത്. ഈ വിമാനത്താവളങ്ങളിലേക്കുള്ള ഇവിടേക്കുള്ള എയര്‍ ഇന്ത്യ ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ് വിമാന സര്‍വീസുകള്‍ പൂര്‍ണമായും റദ്ദാക്കിയിട്ടുണ്ട്.
എന്നാല്‍ മെയ് 11ന് ധരംശാലയില്‍ നടക്കേണ്ട പഞ്ചാബ് കിംഗ്‌സ്-മുംബൈ ഇന്ത്യന്‍സ് മത്സരത്തിനായി മുംബൈ താരങ്ങള്‍ ചണ്ഡീഗഡിലായിരുന്നു വിമാനം ഇറങ്ങേണ്ടിയിരുന്നത്. മെയ് 10വരെ വിമാനത്താവളം അടച്ചിട്ടതിനാല്‍ റോഡ് മാര്‍ഗം ഡല്‍ഹി വഴി മാത്രമെ മുംബൈ ടീമിന് ധരംശാലയില്‍ എത്താന്‍ കഴിയൂ. ദീര്‍ഘദൂരം റോഡ് യാത്ര വേണ്ടിവരുമെന്നതിനാല്‍ ഇതിന് ടീം തയാറാവുമോ എന്ന കാര്യത്തിലാണ് ഇനി വ്യക്തത വേണ്ടത്.
വ്യാഴാഴ്ച ഡല്‍ഹി ക്യാപിറ്റല്‍സുമായി മത്സരമുള്ളതിനാല്‍ പഞ്ചാബ്, ഡല്‍ഹി ടീമുകള്‍ നിലവില്‍ ധരംശാലയിലുണ്ട്. ചണ്ഡീഗഡ് വിമാനത്താവളം അടച്ചതിനാല്‍ നാളത്തെ മത്സരശേഷമുള്ള ഡല്‍ഹി ടീമിന്റെ തിരിച്ചുപോക്കിനെയും ഇത് ബാധിക്കാനിടയുണ്ട്. 11ന് ഡല്‍ഹിക്ക് ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഹോം മത്സരമുണ്ട്.
ഐപിഎല്‍ പ്ലേ ഓഫ് പോര് കടുക്കുന്നതിനിടെ അവസാന മത്സരങ്ങള്‍ ഓരോ ടീമിനും നിര്‍ണായകമാണ്. ചൊവ്വാഴ്ച നടന്ന മത്സരത്തില്‍ ലാസ്റ്റ് ബോള്‍ ത്രില്ലറില്‍ ഗുജറാത്ത് ടൈറ്റന്‍സിനോടേറ്റ തോല്‍വി മുംബൈ ഇന്ത്യന്‍സിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് കനത്ത തിരിച്ചടിയായിരുന്നു. 12 കളികളില്‍ 14 പോയന്റുമായി ഇപ്പോഴും ടോപ് ഫോറിലുണ്ടെങ്കിലും അവസാന രണ്ട് കളികളും ജയിച്ചാലെ മുംബൈക്ക് ഇനി പ്ലേ ഓഫ് ഉറപ്പിക്കാനാവൂ. പഞ്ചാബിന് പുറമെ പ്ലേ ഓഫ് സ്വപ്നം കാണുന്ന അഞ്ചാം സ്ഥാനത്തുള്ള ഡല്‍ഹി ക്യാപിറ്റല്‍സാണ് മുംബൈയുടെ രണ്ടാമത്തെ എതിരാളി.
പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായാണ് ഓപറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ ഇന്ത്യ ബുധനാഴ്ച പുലര്‍ച്ചെ പാകിസ്ഥാനിലെ 9 ഭീകര ക്യാമ്പുകള്‍ തകര്‍ത്തതെന്ന് വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കിയിരുന്നു. പുലര്‍ച്ചെ 1.05നും 1.30നും ഇടയ്ക്കാണ് ആക്രമണം നടത്തിയത്.