'ഉറക്കം ചതിച്ചു'; ഗ്രൗണ്ടിലെത്താന്‍ വൈകിയ പാക് ക്രിക്കറ്റ് താരത്തിനെതിരെ 'ടൈംഡ് ഔട്ട്' നടപടി

Update: 2025-03-07 06:39 GMT

ലഹോര്‍: ക്രിക്കറ്റ് മത്സരത്തിനിടെ ഗ്രൗണ്ടിലെത്താന്‍ വൈകിയതിന് 'ടൈംഡ് ഔട്ട്' നടപടി നേരിട്ട് പാക് ക്രിക്കറ്റ് താരം സൗദ് ഷക്കീല്‍. റാവല്‍പിണ്ടിയില്‍ നടന്ന പ്രസിഡന്റ്‌സ് കപ്പ് ഫൈനലിനിടെയാണ് സംഭവം. ഉറക്കമാണ് താരത്തിന് 'പണി' കിട്ടാനുണ്ടായ കാരണം.

മത്സരം തുടങ്ങിയിട്ടും ഉറങ്ങിപ്പോയതിനാല്‍ ഗ്രൗണ്ടിലെത്താന്‍ വൈകുകയായിരുന്നു. പാക്കിസ്ഥാന്റെ ക്രിക്കറ്റ് ചരിത്രത്തില്‍ ടൈംഡ് ഔട്ട് നടപടി നേരിട്ട് പുറത്താകുന്ന ആദ്യ ബാറ്ററാണ് സൗദ് ഷക്കീല്‍. ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയ്‌ക്കെതിരെ സൗദ് ഷക്കീല്‍ അര്‍ധ സെഞ്ചറി നേടിയിരുന്നു.

റമദാന്‍ മാസമായതിനാല്‍ രാത്രി 7.30 മുതല്‍ പുലര്‍ച്ചെ 2.30 വരെയായിരുന്നു മത്സര സമയം. പാക്കിസ്ഥാനില്‍ ആദ്യമായാണ് ഈ സമയത്ത് ക്രിക്കറ്റ് മത്സരം നടത്തുന്നത്. സ്റ്റേറ്റ് ബാങ്ക് ടീമിന്റെ താരമായ സൗദ് ഷക്കീല്‍ പിടിവി ടീമിനെതിരായ മത്സരത്തിനിടെ ഡ്രസിങ് റൂമില്‍ ഉറങ്ങുകയായിരുന്നു. പിടിവി താരം മുഹമ്മദ് ഷെഹ് സാദിന്റെ ഒറ്റ ഓവറില്‍ രണ്ടു വിക്കറ്റ് വീണതോടെയാണ് സൗദ് ഷക്കീലിന്റെ ഊഴമെത്തിയത്.

ഒരു ബാറ്റര്‍ പുറത്തായിക്കഴിഞ്ഞാല്‍ അടുത്തയാള്‍ക്ക് ഗ്രൗണ്ടിലെത്തി ബാറ്റിങ്ങിന് തയാറെടുക്കാന്‍ അനുവദിച്ചിരിക്കുന്ന മൂന്നു മിനിറ്റ് സമയം കഴിഞ്ഞിട്ടും എത്താത്തതാണ് നടപടിക്ക് കാരണം. സൗദ് ഷക്കീലിനെ പുറത്താക്കണമെന്ന ആവശ്യവുമായി എതിര്‍ ടീം രംഗത്തെത്തുകയും തുടര്‍ന്ന് അംപയര്‍ ഇതിനോട് യോജിക്കുകയുമായിരുന്നു.

സൗദ് ഷക്കീലിന് പിന്നാലെയെത്തിയ ഇര്‍ഫാന്‍ ഖാന്‍ നിയാസി തൊട്ടടുത്ത പന്തില്‍ പുറത്തായതോടെ പന്തെറിഞ്ഞ ഷെഹ്‌സാദ് ഹാട്രിക്കും സ്വന്തമാക്കി. 2023 ലോകകപ്പിലെ ബംഗ്ലാദേശ് ശ്രീലങ്ക മത്സരത്തിനിടെയായിരുന്നു രാജ്യാന്തര ക്രിക്കറ്റില്‍ അവസാനം ടൈംഡ് ഔട്ട് സംഭവിച്ചത്. ശ്രീലങ്കന്‍ താരം എയ്ഞ്ചലോ മാത്യൂസ് ആണ് അന്ന് നടപടിക്ക് ഇരയായത്. ബംഗ്ലാദേശ് താരങ്ങളാണ് ടൈംഡ് ഔട്ടിന് നിര്‍ദേശിച്ചത്. ഇത് പിന്നീട് വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു.

Similar News