ചരിത്ര വിജയം നേടിയ ഇന്ത്യന്‍ താരങ്ങളെ പേരെടുത്ത് പ്രശംസിച്ച് ജയ് ഷാ; മുഹമ്മദ് സിറാജിന്റെ പേര് പരിഗണിക്കാത്ത തിനെതിരെ വ്യാപക പ്രതിഷേധം
ഇന്ത്യയ്ക്ക് വേണ്ടി നിര്‍ണായക മത്സരമാണ് സിറാജ് കാഴ്ച വച്ചത്;
എഡ്ജ് ബാസ്റ്റണില്‍ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ചരിത്ര വിജയം സ്വന്തമാക്കിയ ഇന്ത്യന്‍ താരങ്ങളെ പേരെടുത്ത് പ്രശംസിച്ച് ഐസിസി ചെയര്‍മാനും ആഭ്യന്തരമന്ത്രി അമിത് ഷായുടെ മകനുമായ ജയ് ഷാ. എന്നാല്‍ തന്റെ അഭിനന്ദന സന്ദേശത്തില്‍ നിന്ന് ഇന്ത്യയുടെ വിജയത്തിന് അവിസ്മരണീയ സംഭാവന നല്‍കിയ മുഹമ്മദ് സിറാജിനെ ഒഴിവാക്കിയത് വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിരിക്കുകയാണ്.
എക്സില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് ഷാ താരങ്ങളെ അഭനന്ദിച്ചത്. ഷായുടെ പോസ്റ്റില്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ ഇരട്ട സെഞ്ച്വറികള്‍ (269 ഉം 161 ഉം), ആകാശ് ദീപിന്റെ 10 വിക്കറ്റ് നേട്ടം, രവീന്ദ്ര ജഡേജയുടെയും ഋഷഭ് പന്തിന്റെയും സംഭാവനകള്‍ എന്നിവയെ പ്രശംസിച്ചിരുന്നു, എന്നാല്‍ വിജയത്തില്‍ സിറാജിന്റെ നിര്‍ണായക പങ്കിനെ മാത്രം അവഗണിച്ചു, ഇത് പക്ഷപാതപരവും മനഃപൂര്‍വം ഒഴിവാക്കപ്പെട്ടതുമാണെന്ന ആരോപണങ്ങള്‍ ഉയരാന്‍ കാരണമായി.
ഷാ കുറിച്ചത് ഇങ്ങനെയായിരുന്നു:
ഒരു വലിയ ടെസ്റ്റ് മത്സരമാണ് അവസാനിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കരുത്തും ആഴവും വ്യക്തമാക്കുന്ന മത്സരം. ഗില്ലിന്റെ 269 & 161, ബാറ്റിംഗ് പ്രകടനം സവിശേഷമായിരുന്നു. ആകാശ് ദീപിന്റെ 10 വിക്കറ്റ് പ്രകടനവും എടുത്ത് പറയണം. രവീന്ദ്ര ജഡേജയും റിഷഭ് പന്തും നിര്‍ണായക സംഭാവനകള്‍ നല്‍കി. ഈ പ്രകടനങ്ങളെല്ലാം ഇന്ത്യക്ക് വിജയം സമ്മാനിച്ചു. ലോര്‍ഡ് സിലെ അടുത്ത മത്സരത്തിന് വേണ്ടി കാത്തിരിക്കുന്നു' - എന്നായിരുന്നു. ഇതിനെതിരെയാണ് ആരാധകരടെ പ്രതിഷേധം.
ഇന്ത്യയുടെ പേസ് താരം സിറാജ് മത്സരത്തില്‍ നിര്‍ണായക പ്രകടനം കാഴ്ചവച്ചു. ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിംഗ്‌സില്‍ 6/70 നേടി, ജോ റൂട്ടിന്റെയും ബെന്‍ സ്റ്റോക്സിന്റെയും നിര്‍ണായക വിക്കറ്റുകള്‍ ഉള്‍പ്പെടെ താരം എടുത്തു. അദ്ദേഹത്തിന്റെ തീപാറുന്ന സ്‌പെല്‍ ഇംഗ്ലണ്ടിന്റെ തകര്‍ച്ചയ്ക്ക് കാരണമായി, ഇന്ത്യയ്ക്ക് ഗണ്യമായ ലീഡ് ഉറപ്പിച്ചു. ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ് സിന്റെ തുടക്കത്തില്‍ തന്നെ സിറാജ് ഒരു ഓപ്പണറെ പുറത്താക്കി ഇന്ത്യയുടെ ആധിപത്യത്തിന് വഴിയൊരുക്കി. ഇത്രയും വീരകൃത്യങ്ങള്‍ ചെയ്തിട്ടും, ബൗളറെ അംഗീകരിക്കുന്നതില്‍ ഷാ വിമുഖത കാട്ടിയതിനെതിരെയാണ് സമൂഹ മാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്.
സിറാജിനെ ഒഴിവാക്കിയതിന് പിന്നില്‍ മതപരമോ രാഷ്ട്രീയമോ ആയ ഉദ്ദേശ്യങ്ങളുണ്ടെന്നാണ് പ്രധാന ആരോപണം. 'ഈ മത്സരത്തില്‍ തന്നെ 7 വിക്കറ്റുകള്‍ നേടിയ @mdsirajofficial നെ നിങ്ങള്‍ മനഃപൂര്‍വ്വം പരാമര്‍ശിക്കുന്നതില്‍ നിന്നും ഒഴിവാക്കുന്നു... യഹാ ഭി ഹിന്ദു മുസ്ലീം... ലജ്ജ തോന്നുന്നു' എന്നാണ് ഇതിനെതിരെ നതാഷ ശര്‍മ്മ എന്ന ഉപയോക്താവ് പ്രതികരിച്ചത്.
'സിറാജ് ഇംഗ്ലീഷ് ബാറ്റിംഗിന്റെ തകര്‍ച്ചയ്ക്ക് കാരണമായെന്ന് ഈ ബിജെപി നിയമിതന്‍ മനഃപൂര്‍വ്വം അവഗണിച്ചു' എന്നാണ് ജാവേദ് അഷ്റഫ് ഖാന്‍ എന്ന മറ്റൊരു ഉപയോക്താവ് കുറിച്ചത്.
രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ 336 റണ്‍സിന്റെ ജയമാണ് ഇന്ത്യ നേടിയത്. 608 റണ്‍സ് പിന്തുടര്‍ന്ന ഇംഗ്ലണ്ട് 271 റണ്‍സിന് പുറത്തായി. രണ്ട് ഇന്നിംഗ് സിലും തകര്‍പ്പന്‍ ബാറ്റിംഗ് പുറത്തെടുത്ത ക്യാപ്റ്റന്‍ ശുഭ് മാന്‍ ഗില്ലാണ് കളിയിലെ താരം. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-1ന് ഒപ്പമെത്തി. ഇതോടെ ചില റെക്കോര്‍ഡുകളും ഇന്ത്യന്‍ ടീമിനെ തേടിയെത്തിയിരുന്നു. ബെര്‍മിംഗ് ഹാമില്‍ ഒരു ഏഷ്യന്‍ ടീമിന്റെ ആദ്യ വിജയമെന്ന നേട്ടവും ഇന്ത്യ സ്വന്തമാക്കി.