മന:പൂര്‍വം ഉമിനീര് പുരട്ടിയാലും ഇനി പന്ത് മാറ്റില്ല; ക്രിക്കറ്റില്‍ അടിമുടി മാറ്റങ്ങള്‍
പന്തില്‍ തുപ്പലോ വിയര്‍പ്പോ തേച്ച് ബൗളിങ് ടീം മിനുസം വരുത്താന്‍ ശ്രമിച്ചാല്‍ ബാറ്റിങ് ടീമിന് 5 റണ്‍സ് ബോണസായി അനുവദിക്കും;
അന്താരാഷ്ട്ര ക്രിക്കറ്റില്‍ അവതരിപ്പിച്ച മാറ്റങ്ങള്‍ ടെസ്റ്റ് ക്രിക്കറ്റിലും നടപ്പാക്കാനൊരുങ്ങി ഐ.സി.സി. സ്റ്റോപ്പ് ക്ലോക്ക്, ഉമിനീര് ഉപയോഗവുമായി ബന്ധപ്പെട്ട മാറ്റങ്ങളാണ് ഇവയില്‍ പ്രധാനം. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ പുതിയ സൈക്കിളില്‍ (2025-27) ഇവയില്‍ ചിലത് ഇതിനോടകം തന്നെ പ്രാബല്യത്തില്‍ വന്നുകഴിഞ്ഞു.
എന്നാല്‍ വൈറ്റ്-ബോള്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട മാറ്റങ്ങള്‍ ജൂലൈ 2 മുതല്‍ നടപ്പിലാക്കാനാണ് തീരുമാനം. പുതിയ നിയമപ്രകാരം ഏകദിനത്തില്‍ 35-ാം ഓവറിന് ശേഷം ഒരു ബോള്‍ മാത്രമേ ഉപയോഗിക്കാന്‍ സാധിക്കൂ. ഇ.എസ്.പി.എന്‍.ക്രിക് ഇന്‍ഫോയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ടെസ്റ്റ് ക്രിക്കറ്റിലും സ്റ്റോപ്പ് ക്ലോക്ക്
വൈറ്റ്-ബോള്‍ ഫോര്‍മാറ്റുകളില്‍ സ്റ്റോപ്പ് ക്ലോക്ക് അവതരിപ്പിച്ച് ഒരു വര്‍ഷത്തിനു ശേഷം ഇപ്പോള്‍ ടെസ്റ്റ് ക്രിക്കറ്റിലും സ്റ്റോപ്പ് ക്ലോക്ക് നടപ്പിലാക്കുകയാണ് ഐസിസി. ടെസ്റ്റ് ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം വളരെക്കാലമായി നിലനില്‍ക്കുന്ന ഒരു പ്രശ്നമാണ് കുറഞ്ഞ ഓവര്‍ നിരക്ക്. സമയനിഷ്ഠ ടീമുകള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്നു ഉറപ്പാക്കാന്‍ ടെസ്റ്റ് മത്സര വേദികളില്‍ സ്റ്റോപ്പ് ക്ലോക്ക് സ്ഥാപിക്കും.
സ്റ്റോപ്പ് ക്ലോക്ക് സംവിധാനം അനുസരിച്ച്, ഒരു ബൗളര്‍ ഓവര്‍ തീര്‍ത്ത് ഒരു മിനിറ്റിനുള്ളില്‍ അടുത്ത ബൗളര്‍ പന്തെറിയാന്‍ എത്തണം. ഓവറുകള്‍ക്കിടയില്‍ 60 സെക്കന്‍ഡ് സമയമാണ് അനുവദിക്കുന്നത്. ഇതു തെറ്റിച്ചാല്‍ രണ്ട് തവണ അംപയര്‍മാര്‍ താക്കീത് നല്‍കും. മൂന്നാം തവണയും നിയമം തെറ്റിച്ചാല്‍ ബാറ്റിങ് ടീമിന് 5 റണ്‍സ് പെനാല്‍റ്റി കിട്ടും. 80 ഓവര്‍ പൂര്‍ത്തിയാകുന്ന മുററയ്ക്ക് പുതിയ മുന്നറിയിപ്പും പിഴയും വരും.
നിലവില്‍ നോബോള്‍ വിധിക്കുന്ന പന്തുകളില്‍ സംശയാസ്പ?ദമായ ക്യാച്ചുകള്‍ ഉണ്ടെങ്കില്‍ പോലും അതു പരിശോധിക്കാറില്ല. എന്നാല്‍ പുതിയ നിയമം അനുസരിച്ച് നോബോള്‍ പന്തുകളില്‍ സംശയാസ്പദമായ ക്യാച്ചുകളുണ്ടെങ്കില്‍ അതു പരിശോധിക്കും. ക്യാച്ച് കൃത്യമാണെങ്കില്‍ ഒരു എക്സ്ട്രാ റണ്‍ മാത്രമായിരിക്കും ബാറ്റിങ് ടീമിനു ലഭിക്കുക. 2025-27 ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിളിന്റെ തുടക്കം മുതല്‍ ഈ നിയമം നിലവിലുണ്ട്.
മനഃപൂര്‍വ്വം ഉമിനീര് ഉപയോഗിച്ചാല്‍ പന്ത് മാറ്റേണ്ടതില്ല
കളിക്കാര്‍ പന്തില്‍ ഉമിനീര് ഉപയോഗിക്കുന്നത് പതിവാണ്. ഇതേതുടര്‍ന്ന് ഉമിനീര് ഉപയോഗിക്കുന്നതിന് കോവിഡ് കാലത്ത് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. കോവിഡ് അവസാനിച്ചിട്ടും ഐസിസി നിരോധനം മാറ്റിയില്ല. ചില ബൗളര്‍മാര്‍ ഈ ശീലം വീണ്ടും തുടര്‍ന്നു. ചിലര്‍ വിയര്‍പ്പ് ഉപയോഗിച്ച് പന്തില്‍ മിനുസം വരുത്താനും ശ്രമിക്കാറുണ്ട്.
എന്നാല്‍ പുതിയ നിയമം പ്രാബല്യത്തിലാകുമ്പോള്‍ പന്തില്‍ ഉമിനീര് കണ്ടെത്തിയാല്‍ ഉടന്‍ തന്നെ അമ്പയര്‍മാര്‍ അത് മാറ്റണമെന്ന് നിര്‍ബന്ധമില്ലെന്നാണ് ഐസിസി അറിയിച്ചിരിക്കുന്നത്. പന്ത് മാറ്റാനായി ടീമുകള്‍ മനഃപൂര്‍വ്വം അതില്‍ ഉമിനീര് പുരട്ടുന്നത് ഒഴിവാക്കാനാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തിരിക്കുന്നത്.
മത്സരം പുരോഗമിക്കവെ പന്തിന്റെ അവസ്ഥയില്‍ കാര്യമായ മാറ്റങ്ങളുണ്ടെങ്കില്‍ മാത്രമേ അമ്പയര്‍മാര്‍ അത് മാറ്റേണ്ടതുള്ളൂ. ഇക്കാര്യം പൂര്‍ണ്ണമായും അമ്പയര്‍മാരുടെ വിവേചനാധികാരത്തിന് വിട്ടിരിക്കുന്നു. ഉമിനീര് പുരട്ടിയിട്ടും പന്തില്‍ മാറ്റമൊന്നും വന്നില്ലെങ്കില്‍ ഇതേ പന്ത് തന്നെ ഉപയോഗിക്കുന്നത് തുടരാം. പന്തില്‍ തുപ്പലോ വിയര്‍പ്പോ തേച്ച് ബൗളിങ് ടീം മിനുസം വരുത്താന്‍ ശ്രമിച്ചാല്‍ ബാറ്റിങ് ടീമിന് 5 റണ്‍സ് ബോണസായി അനുവദിക്കും.
ആഭ്യന്തര ക്രിക്കറ്റിലെ ഫുള്‍ടൈം പ്ലേയിംഗ് റീപ്ലേസ്മെന്റ്
ആഭ്യന്തര ക്രിക്കറ്റില്‍ താരങ്ങള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ഇക്കാര്യം മാച്ച് ഒഫീഷ്യലുകള്‍ക്ക് ബോധ്യപ്പെടുകയും ചെയ്താല്‍ ടീമുകള്‍ക്ക് മുഴുവന്‍ സമയ പകരക്കാരെ കളിപ്പിക്കാന്‍ സാധിക്കും.
ഡി.ആര്.എസ് പ്രോട്ടോക്കോള്‍ - സെക്കന്‍ഡറി റിവ്യൂ
ഇന്നത്തെ സാഹചര്യത്തില്‍ ഒരു ബാറ്റര്‍ കീപ്പര്‍ ക്യാച്ചിലൂടെ പുറത്തായെന്ന് സങ്കല്‍പ്പിക്കുക. ഔട്ട് വിധിച്ച അമ്പയറുടെ തീരുമാനത്തെ ബാറ്റര്‍ റിവ്യൂവിലൂടെ ചോദ്യം ചെയ്യുന്നു. റിവ്യൂ പരിശോധിച്ചപ്പോള്‍ പന്ത് ബാറ്റിന് പകരം ബാറ്ററുടെ പാഡിലാണ് ഉരസിയതെന്ന് കണ്ടെത്തുന്നു. ഇതോടെ ബാറ്റര്‍ നോട്ട് ഔട്ട് ആണെന്ന തരത്തിലേയ്ക്ക് അമ്പയര്‍ തന്റെ തീരുമാനം മാറ്റുന്നു.
എന്നാല്‍, പുതിയ മാറ്റങ്ങള്‍ പ്രകാരം പന്ത് പാഡില്‍ തട്ടിയതിനാല്‍ എല്‍ബിഡബ്ല്യുവിനുള്ള സാധ്യത കൂടി പരിശോധിക്കും. ബോള്‍ ട്രാക്കിംഗ് പരിശോധിച്ച ശേഷം തേര്‍ഡ് അമ്പയര്‍ അന്തിമ തീരുമാനമെടുക്കും. ബോള്‍ ട്രാക്കിംഗ് പരിശോധനയില്‍ അമ്പയേഴ്സ് കോള്‍ ആണെങ്കില്‍ നേരത്തേ അമ്പയര്‍ ഔട്ട് നല്‍കിയത് പരിഗണിച്ച് ബാറ്റര്‍ ഔട്ടായതായി കണക്കാക്കും.
നോ ബോള്‍ - ക്യാച്ച്
ഒരു നോബോളില്‍ ക്യാച്ചിലൂടെ ബാറ്റര്‍ പുറത്താകുകയാണെങ്കില്‍ സാധാരണ നിലയില്‍ ക്യാച്ചിന്റെ ആധികാരികത പരിശോധിക്കാറില്ല. എന്നാല്‍, പുതിയ നിയമം അനുസരിച്ച് ക്യാച്ച് കൃത്യമായി പൂര്‍ത്തിയാക്കിയോ എന്ന് പരിശോധിക്കും. ക്യാച്ചില്‍ പ്രശ്നങ്ങളില്ലെങ്കില്‍ ബാറ്റിംഗ് ടീമിന് നോബോളിന്റെ ഒരു റണ്‍ മാത്രമേ ലഭിക്കൂ. ക്യാച്ചില്‍ പ്രശ്നങ്ങള്‍ കണ്ടെത്തിയാല്‍ ബാറ്റര്‍മാര്‍ പൂര്‍ത്തിയാക്കിയ റണ്ണും ലഭിക്കും.
ഷോര്‍ട്ട് റണ്‍ നിയമവും കടുപ്പിക്കുന്നു
ഒരു ബാറ്റര്‍ റണ്ണിനായി ഓടുകയും എന്നാല്‍ ക്രീസില്‍ കൃത്യമായി കുത്താതിരിക്കുകയും ചെയ്താല്‍ അടുത്ത പന്ത് ഇവരില്‍ ഏത് ബാറ്റര്‍ നേരിടണമെന്ന കാര്യം ഫീല്‍ഡിംഗ് ടീം ക്യാപ്റ്റന്‍ തീരുമാനിക്കാം. അഞ്ച് റണ്‍സ് പെനാല്‍റ്റിയും ലഭിക്കും.