ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ മത്സരം;അര്‍ജന്റീന ടീമിനെ പ്രഖ്യാപിച്ചു; മെസ്സി തിരിച്ചെത്തി

ജൂണില്‍ ചിലിക്കും കൊളംബിയയ്ക്കും എതിരായ മത്സരങ്ങള്‍ക്കുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്.;

Update: 2025-05-16 10:23 GMT

ബ്യൂണസ് ഐറിസ്: അടുത്ത മാസം നടക്കുന്ന ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ മത്സരങ്ങള്‍ക്കുള്ള അര്‍ജന്റീന ടീമിനെ പ്രഖ്യാപിച്ചു. ജൂണില്‍ ചിലിക്കും കൊളംബിയയ്ക്കും എതിരായ മത്സരങ്ങള്‍ക്കുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്. കോച്ച് ലിയോണല്‍ സ്‌കലോണി ആണ് ടീം അംഗങ്ങളെ പ്രഖ്യാപിച്ചത്.

പരിക്കില്‍ നിന്ന് മുക്തനായ മുപ്പത്തിയേഴുകാരനായ നായകന്‍ ലിയോണല്‍ മെസ്സി ടീമില്‍ തിരിച്ചെത്തി. പരിക്കിനെ തുടര്‍ന്ന് മെസ്സി മാര്‍ച്ചില്‍ ബ്രസീലിനും ഉറുഗ്വേയ്ക്കും എതിരായ മത്സരങ്ങളില്‍ കളിച്ചിരുന്നില്ല. എന്നിരുന്നാലും 14 കളിയില്‍ 31 പോയിന്റുള്ള അര്‍ജന്റീന അടുത്ത വര്‍ഷത്തെ ലോകകപ്പിന് യോഗ്യത നേടിക്കഴിഞ്ഞു.

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം അലയാന്ദ്രോ ഗര്‍ണാച്ചോയും ടീമില്‍ തിരികെ എത്തിയിട്ടുണ്ട്. സസ്പെന്‍ഷനുള്ള നിക്കോളാസ് ഓട്ടമെന്‍ഡി, എന്‍സോ ഫെര്‍ണാണ്ടസ്, ലിയാന്‍ഡ്രോ പരേഡസ് എന്നിവരും ടീമിലുണ്ട്. പൗളോ ഡിബാല, ഗോണ്‍സാലോ മോണ്ടിയേല്‍, മാര്‍കോസ് അക്യൂന, ജര്‍മ്മന്‍ പസല്ല എന്നിവര്‍ ടീമിലില്ല.

അതേസമയം, അര്‍ജന്റീന ടീമിന്റെ ഈ വര്‍ഷത്തെ സൗഹൃദ മത്സരങ്ങള്‍ക്കുള്ള ഫിക്സച്ചര്‍ തീരുമാനമായി. ഈ വര്‍ഷം ടീം ഇന്ത്യയിലേക്ക് വരില്ല. നേരത്തെ, കേരളത്തില്‍ സൗഹൃദ മത്സരം കളിക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. 2011ലാണ് ഇതിന് മുമ്പ് അര്‍ജന്റീന ഇന്ത്യയിലെത്തിയത്. അന്ന് മെസിയുടെ നേതൃത്വത്തിലിറങ്ങിയ ടീം കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ വെനസ്വേലയെ ആണ് നേരിട്ടത്. അന്ന് അര്‍ജന്റീന ഏകപക്ഷീയമായ ഒരു ഗോളിന് ജയിച്ചിരുന്നു.

ഒക്ടോബറില്‍ ചൈനയില്‍ രണ്ട് മത്സരങ്ങള്‍ കളിക്കും. ഒരു മത്സരത്തില്‍ ചൈന എതിരാളികളാവും. നവംബറില്‍ ആഫ്രിക്കയിലും ഖത്തറിലും അര്‍ജന്റീന കളിക്കും. ആഫ്രിക്കയിലെ മത്സരത്തില്‍ അംഗോളയാണ് എതിരാളികള്‍. ഖത്തറില്‍ അര്‍ജന്റീന അമേരിക്കയെ നേരിടും. ഈ വര്‍ഷം സെപ്റ്റംബറോടെ ദക്ഷിണ അമേരിക്കന്‍ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ അവസാനിക്കും. തുടര്‍ന്ന് ലോകകപ്പ് തയ്യാറെടുപ്പ് എന്ന നിലയിലാണ് ദേശീയ ടീം സൗഹൃദ മത്സരങ്ങള്‍ക്ക് പുറപ്പെടുന്നത്.

Similar News