ഇത് ചരിത്രനിമിഷം; കേരളം രഞ്ജി ട്രോഫി ഫൈനലില്‍

Update: 2025-02-21 10:37 GMT

അഹമ്മദാബാദ്: ചരിത്രം തിരുത്തിക്കുറിച്ച് കേരള ക്രിക്കറ്റ് ടീം രഞ്ജി ട്രോഫി ഫൈനലില്‍. ഗുജറാത്തിനെതിരായ സെമി ഫൈനല്‍ മത്സരം സമനിലയില്‍ പിരിഞ്ഞതോടെയാണ് ഒന്നാം ഇന്നിങ്‌സ് ലീഡിന്റെ കരുത്തില്‍ കേരളം ഫൈനലില്‍ കടന്നത്. ഏറക്കുറേ സാധ്യതകള്‍ അസ്തമിച്ചെന്ന് കരുതിയിടത്ത് നിന്ന് പൊരുതിക്കയറി കേരളം ലീഡ് പിടിച്ചെടുക്കുകയായിരുന്നു.

രണ്ടാം ഇന്നിങ്‌സില്‍ കേരളം നാലു വിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സെടുത്തു. തുടര്‍ന്ന് മത്സരം അവസാനിപ്പിക്കാന്‍ ഇരു ടീമുകളും തീരുമാനിക്കുകയായിരുന്നു.

രോഹന്‍ എസ്. കുന്നുമ്മല്‍ (69 പന്തില്‍ 32), സച്ചിന്‍ ബേബി (19 പന്തില്‍ 10), അക്ഷയ് ചന്ദ്രന്‍ (ഒന്‍പത്), വരുണ്‍ നായനാര്‍ (ഒന്ന്) എന്നിവരാണ് അവസാന ദിവസം പുറത്തായത്. 53 പന്തില്‍ 23 റണ്‍സെടുത്ത് ജലജ് സക്‌സേനയും അഹമ്മദ് ഇമ്രാനുമാണ് ക്രീസിലുള്ളത്.

കേരളം ഒന്നാം ഇന്നിങ്‌സ് ലീഡ് നേടിയ സാഹചര്യത്തില്‍ ഫൈനലിലെത്താന്‍ ഗുജറാത്തിന് ഇനി കളി ജയിക്കണമായിരുന്നു. അതിനു സാധിക്കില്ലെന്ന് ഉറപ്പായ സാഹചര്യത്തിലാണ് കളി നേരത്തേ അവസാനിപ്പിച്ചത്. മുംബൈ വിദര്‍ഭ സെമി ഫൈനലിലെ വിജയികളെയാണ് ഫൈനലില്‍ കേരളത്തിന് നേരിടേണ്ടിവരിക. രഞ്ജി ട്രോഫിയില്‍ കേരളം ആദ്യമായാണ് ഫൈനലില്‍ കടക്കുന്നത്.

ഏഴിന് 429 റണ്‍സുമായി അവസാന ദിനം ഇറങ്ങിയ ഗുജറാത്തിനെതിരെ 28 റണ്‍സിനിടെ മൂന്നു വിക്കറ്റെടുക്കണമെന്ന വലിയ വെല്ലുവിളിയായിരുന്നു കേരളത്തിനുണ്ടായിരുന്നത്.

ആദ്യ ഇന്നിങ്‌സില്‍ കേരളം ഉയര്‍ത്തിയ 457 റണ്‍സ് പിന്തുടര്‍ന്ന ഗുജറാത്ത് 455 റണ്‍സെടുത്ത് പുറത്തായി. സ്പിന്നര്‍മാരായ ആദിത്യ സര്‍വാതേയും ജലജ് സക്‌സേനയുമാണ് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ആതിഥേയരായ ഗുജറാത്തിനെ അവസാന ദിവസം വട്ടം കറക്കിയത്.

2 ടീമുകളുടെയും രണ്ടാം ഇന്നിങ്‌സ് കൂടി പൂര്‍ത്തിയായി ഫലനിര്‍ണയത്തിനുള്ള സാധ്യത വിരളമായതിനാല്‍ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടുന്ന ടീം ഫൈനലില്‍ എത്തുമെന്ന് ഏറക്കുറെ ഉറപ്പാണ്. ഇനി ഫൈനലിലെത്തണമെങ്കില്‍ വെള്ളിയാഴ്ച കേരളത്തെ രണ്ടാം ഇന്നിങ്‌സില്‍ പുറത്താക്കി, ഗുജറാത്തും ബാറ്റിങ് പൂര്‍ത്തിയാക്കേണ്ടിവരും. കേരള ക്രിക്കറ്റിന്റെ ചരിത്രത്തില്‍ രഞ്ജിയിലെ ഏറ്റവും മികച്ച പ്രകടനമാണിത്.

175ാം ഓവറില്‍ അതീവ നാടകീയമായിട്ടായിരുന്നു ഗുജറാത്തിന്റെ പത്താം വിക്കറ്റ് വീണത്. ആദിത്യ സര്‍വാതെയെ ബൗണ്ടറി കടത്താന്‍ ഗുജറാത്തിന്റെ വാലറ്റക്കാരന്‍ അര്‍സാന്‍ നാഗ്‌വസ്വല്ല അടിച്ച പന്ത് ഫീല്‍ഡറായിരുന്ന സല്‍മാന്‍ നിസാറിന്റെ ഹെല്‍മറ്റില്‍ ഇടിച്ച് ഉയര്‍ന്നു പൊങ്ങി സ്ലിപ്പില്‍ നില്‍ക്കുകയായിരുന്ന ക്യാപ്റ്റന്‍ സച്ചിന്‍ ബേബി ക്യാച്ചെടുക്കുകയായിരുന്നു. ആശയക്കുഴപ്പത്തിനൊടുവില്‍ അംപയര്‍ ഔട്ട് വിളിച്ചതോടെ കേരളത്തിന് വിലയേറിയ രണ്ട് റണ്‍സ് ലീഡ് സ്വന്തമായി. അവിശ്വസനീയത നിറഞ്ഞ നിമിഷങ്ങള്‍ക്കു ശേഷം കേരള താരങ്ങളില്‍ ആഹ്ലാദം.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്തത് മുതല്‍ കേരളം കളിച്ച രീതിയും ആഗ്രഹിച്ചതും സമനിലയും ഒന്നാം ഇന്നിങ്സ് ലീഡുമായിരുന്നു. അതാകട്ടെ കടുത്ത സമ്മര്‍ദം അതിജീവിച്ച് കേരളം നേടിയെടുത്തു.

അര്‍ധ സെഞ്ചറി നേടിയ ജയ്മീത് പട്ടേല്‍ (177 പന്തില്‍ 79 റണ്‍സ്), സിദ്ധാര്‍ഥ് ദേശായി (164 പന്തില്‍ 30), അര്‍സാന്‍ നാഗ്‌വസ്വല്ല (48 പന്തില്‍ 10) എന്നിവരാണ് അവസാന ദിവസം പുറത്തായ ഗുജറാത്ത് ബാറ്റര്‍മാര്‍. മൂന്നു പേരുടെ വിക്കറ്റും ആദിത്യ സര്‍വാതേയാണ് സ്വന്തമാക്കിയത്. നാലാം ദിവസം കളി അവസാനിപ്പിക്കുമ്പോള്‍ 154 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 429 റണ്‍സെന്ന നിലയിലായിരുന്നു ഗുജറാത്ത്. അഞ്ചാം ദിനം ലീഡിലെത്താന്‍ അവര്‍ക്ക് 28 റണ്‍സ് കൂടി മതിയായിരുന്നു. പക്ഷേ കേരളം അതിന് അനുവദിച്ചില്ല.

8ാം വിക്കറ്റില്‍ 72 റണ്‍സ് കൂട്ടുകെട്ടുമായി പിടിച്ചു നില്‍ക്കുന്ന ജയ്മീത് പട്ടേലും (74) സിദ്ധാര്‍ഥ് ദേശായിയും (24) നാലാം ദിനം കേരളത്തിന്റെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പിച്ചിരുന്നു. കേരളത്തിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 457ന് എതിരെ മൂന്നാം ദിനം ഒരു വിക്കറ്റ് നഷ്ടത്തില്‍ 222 എന്ന ശക്തമായ നിലയിലായിരുന്ന ഗുജറാത്തിനെ, വീണ്ടും പിന്‍സീറ്റിലാക്കി കേരളം ഡ്രൈവിങ് സീറ്റിലെത്തുന്ന കാഴ്ചയായിരുന്നു വ്യാഴാഴ്ച ഉച്ച വരെ.

പിച്ചിന്റെ ഒരു ഭാഗത്ത് ലഭിച്ച ടേണ്‍ മുതലാക്കിയ ജലജ് സക്സേനയാണ് അതിനു നേതൃത്വം നല്‍കിയത്. ആദ്യം വീണത് മനന്‍ ഹിംഗ്രാജ (33). അംപയര്‍ നിഷേധിച്ച എല്‍ബിഡബ്ല്യു ഡിആര്‍എസിലൂടെ നേടിയ ജലജിന്റെ കടന്നാക്രമണമായിരുന്നു പിന്നീട് കണ്ടത്.

പ്രിയങ്ക് പാഞ്ചാലിന്റെ (148) കുറ്റി തെറിപ്പിച്ചതിന് പിന്നാലെ അപകടകാരിയായ ഉര്‍വില്‍ പട്ടേലിനേയും (25) പുറത്താക്കി ജലജ് കേരളത്തിന് പ്രതീക്ഷ നല്‍കി. ഫീല്‍ഡിങ്ങിനിടെ പരുക്കേറ്റ രവി ബിഷ്‌ണോയിക്ക് പകരം കണ്‍സഷന്‍ സബ്സ്റ്റിറ്റിയൂട്ട് ആയി ഇറങ്ങിയ ഹേമങ് പട്ടേലിനെ (27)എം.ഡി.നിധീഷ് പുറത്താക്കിയപ്പോള്‍ ക്യാപ്റ്റന്‍ ചിന്തന്‍ ഗജയെ (2) ജലജ് തന്നെ വിക്കറ്റിനു മുന്നില്‍ കുടുക്കി.

87 റണ്‍സിനിടെയാണ് കേരളം 5 മുന്‍നിര വിക്കറ്റുകളും വീഴ്ത്തിയത്. ഉച്ചഭക്ഷണത്തിന് ശേഷമുള്ള ആദ്യ ബോളില്‍ വിശാല്‍ ജയ്‌സ്വാളിനെ ആദിത്യ സര്‍വതേ കൂടി പുറത്താക്കിയതോടെ കേരളം ലീഡ് മനസ്സിലുറപ്പിച്ചതാണ്. എന്നാല്‍, ജയ്മീത് പട്ടേലും ദേശായിയും ചേര്‍ന്ന് ആ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പിക്കാന്‍ ശ്രമിച്ചു. കേരളത്തിനായി ജലജ് സക്‌സേനയും ആദിത്യ സര്‍വാതേയും നാലു വിക്കറ്റുകള്‍ വീതം വീഴ്ത്തി.

Similar News