ഓവല്‍ ടെസ്റ്റിന്റെ ആദ്യദിനം മിന്നും പ്രകടനം കാഴ്ച വച്ച് മലയാളി താരം കരുണ്‍ നായര്‍; തടസമായി മഴ
ഏഴ് ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതാണ് താരത്തിന്റെ ഇന്നിംഗ്സ്.;
ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റിന്റെ ആദ്യ ദിനം മികച്ച പ്രകടനം കാഴ്ചവച്ച് കരുണ്‍ നായര്‍. 98 പന്തില്‍ നിന്നും 52 റണ്‍സ് ആണ് അദ്ദേഹം നേടിയത്. ഏഴ് ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതാണ് ഈ മലയാളി താരത്തിന്റെ ഇന്നിംഗ്സ്. മറ്റ് മത്സരങ്ങളിലെല്ലാം മോശം പ്രകടനം കാഴ്ച വച്ച കരുണ്‍ നായര്‍ ഏറെ വിമര്‍ശനം നേടിയിരുന്നു. വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് കരുണ്‍ നായര്‍ ടെസ്റ്റ് ടീമില്‍ ഇടം നേടിയത്. അത് വേണ്ടവണ്ണം പ്രയോജനപ്പെടുത്തിയില്ലെന്ന വിമര്‍ശനമാണ് പ്രധാനമായും ഉയര്‍ന്നത്.
എന്നാല്‍ കഴിഞ്ഞദിവസം അദ്ദേഹത്തിന് ടോപ് സ്‌കോറര്‍ ആകാന്‍ കഴിഞ്ഞു. തുടര്‍ച്ചയായി മഴ തടസപ്പെടുത്തിയെങ്കിലും കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ഭേദപ്പെട്ട നിലയിലായിരുന്നു. ഓവലില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സെടുത്തിട്ടുണ്ട്. കരുണ്‍ നായര്‍ (52), വാഷിംഗ്ടണ്‍ സുന്ദര്‍ (19) എന്നിവരാണ് ക്രീസില്‍. ഇംഗ്ലണ്ടിന് വേണ്ടി ജോഷ് ടംഗ്, ഗുസ് അറ്റ്കിന്‍സണ്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ഏത് വിധേനയും സമനിലയെങ്കിലും എടുക്കണമെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ കളിക്കിറങ്ങിയത്. നിലവില്‍ ഇംഗ്ലണ്ട് 1- 2 ന് മുന്നിലാണ്. നാലാം ടെസ്റ്റ് മത്സരം സമനിലയില്‍ അവസാനിച്ചിരുന്നു. അഞ്ചാം ടെസ്റ്റിന്റെ ആദ്യ ദിവസം മോശം തുടക്കമായിരുന്നു ഇന്ത്യക്ക്. നാലാം ഓവറില്‍ തന്നെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. അറ്റ്കിന്‍സണിന്റെ പന്തില്‍ ജയ്സ്വാള്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. പരമ്പരയില്‍ ഒരിക്കല്‍ കൂടി നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു താരത്തിന്റേത്.
പിന്നീട് രാഹുല്‍ - സായ് സഖ്യം 15 ഓവര്‍ വരെ പിടിച്ചുനിന്നു. ഇതിനിടെ ഇരുവരും 28 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍, രാഹുലിന് അധികനേരം ക്രീസില്‍ തുടരാനായില്ല. വോക്സിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു. തുടര്‍ന്ന് മഴയെത്തുന്നത് വരെ സായ് - ഗില്‍ സഖ്യം വിക്കറ്റ് പോവാതെ കാത്തു.
എന്നാല്‍ മഴയ്ക്ക് ശേഷം ഗില്ലിന്റെ വിക്കറ്റ് കൂടി ഇന്ത്യക്ക് നഷ്ടമായി. ഇല്ലാത്ത റണ്ണിനായി ഓടുന്നതിനിടെയാണ് താരം റണ്ണൗട്ടായത്. അറ്റ് കിന്‍സണ്‍ നേരിട്ടുള്ള ഏറില്‍ ഗില്ലിനെ പുറത്താക്കി. പിന്നീട് സായ് സുദര്‍ശന്‍ (38), രവീന്ദ്ര ജഡേജ (9) എന്നിവരുടെ വിക്കറ്റുകള്‍ തെറിക്കുന്ന കാഴ്ചയാണ് കണ്ടത്. ഇരുവരേയും ടംഗ് വിക്കറ്റ് കീപ്പര്‍ ജെയ്മി സ്മിത്തിന്റെ കൈകളിലേക്കയച്ചു. തുടര്‍ന്ന് ധ്രുവ് ജുറല്‍ (19) നിയന്ത്രണം ഏറ്റെടുത്തെങ്കിലും അറ്റ് കിന്‍സണിന്റെ പന്തില്‍ ഹാരി ബ്രൂക്ക ക്യാച്ചെടുത്തു. തുടര്‍ന്ന് ക്രീസിലെത്തിയ കരുണ്‍-വാഷിംഗ് ടണ്‍ സഖ്യം വിക്കറ്റ് പോവാതെ കാത്തു. ഇതിനിടെ കരുണ്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി.
നേരത്തെ, ടോസ് ജയിച്ച ഇംഗ്ലണ്ട് നായകന്‍ ഒല്ലി പോപ്പ് ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മഴയും മൂടിക്കെട്ടിയ അന്തരീക്ഷവുമായതിനാലാണ് ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിംഗ് തെരഞ്ഞെടുത്തത്. ഓവലില്‍ ടോസിന് മുമ്പ് വരെ മഴ പെയ്തിരുന്നു. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ നാലു മാറ്റങ്ങളുമായാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സിന് പരിക്കേറ്റതിനാല്‍ ഒല്ലി പോപ്പ് ആണ് ഇംഗ്ലണ്ടിനെ നയിക്കുന്നത്. പേസര്‍ ജോഫ്ര ആര്‍ച്ചറും സ്പിന്നര്‍ ലിയാം ഡോസണും ബ്രെയ്ഡന്‍ കാര്‍സും ഇംഗ്ലണ്ടിന്റെ പ്ലേയിംഗ് ഇലവനിലില്ല. ജോഷ് ടംഗും ജാമി ഓവര്‍ടണും ബെഥേലുമാണ് ഇംഗ്ലണ്ടിന്റെ പ്ലേയിംഗ് ഇളവനിലെത്തിയത്.
മാഞ്ചസ്റ്ററില്‍ നാലാം ടെസ്റ്റില്‍ കളിച്ച ടീമില്‍ ഇന്ത്യയും നാല് മാറ്റങ്ങള്‍ വരുത്തി. സായ് സുദര്‍ശന്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ഷാര്‍ദ്ദുല്‍ താക്കൂറിന് പകരം കരുണ്‍ നായര്‍ പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തി. പേസര്‍ ജസ്പ്രീത് ബുമ്രക്ക് വിശ്രമം അനുവദിച്ചപ്പോള്‍ പകരം ആകാശ് ദീപ് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തി. അന്‍ഷുല്‍ കാംബോജിന് പകരം പ്രസിദ്ധ് കൃഷ്ണയും റിഷഭ് പന്തിന് പകരം ധ്രുവ് ജുറെലും ആണ് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലുള്ളത്.
ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവന്‍: സാക്ക് ക്രാളി, ബെന്‍ ഡക്കറ്റ്, ഒല്ലി പോപ്പ് (ക്യാപ്റ്റന്‍), ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജേക്കബ് ബെഥേല്‍, ജാമി സ്മിത്ത്, ക്രിസ് വോക്സ്, ഗുസ് അറ്റ്കിന്‍സണ്‍, ജാമി ഓവര്‍ട്ടണ്‍, ജോഷ് ടംഗ്
ഇന്ത്യ പ്ലേയിംഗ് ഇലവന്‍: യശസ്വി ജയ്‌സ്വാള്‍, കെ എല്‍ രാഹുല്‍, സായ് സുദര്‍ശന്‍, ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), കരുണ്‍ നായര്‍, രവീന്ദ്ര ജഡേജ, ധ്രുവ് ജൂറല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ആകാശ് ദീപ്, പ്രസിദ് കൃഷ്ണ, മുഹമ്മദ് സിറാജ്.