ഇന്ത്യ-പാക് സംഘര്‍ഷം; ഐപിഎല്‍ മത്സരങ്ങള്‍ നിര്‍ത്തിവെക്കാന്‍ ബിസിസിഐ തീരുമാനിച്ചതായി റിപ്പോര്‍ട്ട്
കളിക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്നാണ് അറിയുന്നത്.;
ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ ഇന്ത്യ-പാക് സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ നിര്‍ത്തിവെക്കാന്‍ ബിസിസിഐ തീരുമാനിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത്. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കും എന്നാണ് വിവരം.
കളിക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്നാണ് അറിയുന്നത്. പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപറേഷന്‍ സിന്ദൂര്‍ സൈനിക നടപടിക്ക് ശേഷം അതിര്‍ത്തിയില്‍ കഴിഞ്ഞദിവസം രാത്രി നടന്ന ഇന്ത്യ-പാക് സംഘര്‍ഷം ക്രിക്കറ്റ് ലോകത്തെയും പിടിച്ചുകുലുക്കിയിരുന്നു.
ഐപിഎല്ലില്‍ വ്യാഴാഴ്ച ഹിമാചല്‍ പ്രദേശിലെ ധരംശാലയില്‍ നടന്ന പഞ്ചാബ് കിംഗ്‌സ്-ഡല്‍ഹി ക്യാപ്റ്റല്‍സ് മത്സരം അതിര്‍ത്തിയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് പൂര്‍ത്തിയാക്കാനാവാതെ ഉപേക്ഷിച്ചിരുന്നു. ഡല്‍ഹിക്കെതിരെ പഞ്ചാബ് ബാറ്റിംഗ് തുടരുന്നതിനിടെ മാച്ച് ഒഫീഷ്യല്‍സിന് അതിര്‍ത്തി ജില്ലകളിലെ പാക് ആക്രമണത്തിന്റെ അറിയിപ്പ് ലഭിക്കുകയായിരുന്നു. തൊട്ടുപിന്നാലെ ഗ്രൗണ്ടിലെ ഫ് ളഡ് ലൈറ്റുകള്‍ ഓഫാവുകയും പിന്നാലെ മത്സരം നിര്‍ത്തിവയ്ക്കുകയും ചെയ്തു.
ഈ സമയം മത്സരം കാണാനായി പതിനായിരക്കണക്കിന് ക്രിക്കറ്റ് ആരാധകരായിരുന്നു സ്റ്റേഡിയത്തില്‍ തടിച്ചുകൂടിയിരുന്നത്. എന്നാല്‍ കാണികള്‍ ഉടന്‍ സ്റ്റേഡിയം വിടണമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതോടെയാണ് കാര്യങ്ങളുടെ ഗൗരവം എല്ലാവരും തിരിച്ചറിഞ്ഞത്. ഇതിന് പിന്നാലെ ഐപിഎല്‍ ചെയര്‍മാന്‍ അരുണ്‍ ധുമാല്‍ തന്നെ നേരിട്ട് ഗ്രൗണ്ടിലിറങ്ങി ആരാധകരെ സാഹചര്യം ബോധ്യപ്പെടുത്തി. തുടര്‍ന്ന് ട്രെയിന്‍ മാര്‍ഗം പഞ്ചാബിന്റെയും ഡല്‍ഹിയുടെയും താരങ്ങളെ ഡല്‍ഹിയിലെത്തിച്ചു.
ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ വിദേശകളിക്കാരെല്ലാം സുരക്ഷയില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. സ്വന്തം രാജ്യത്തേക്ക് മടങ്ങാന്‍ പലരും സന്നദ്ധത അറിയിക്കുകയും ചെയ്തു. ഐപിഎല്‍ പ്ലേ ഓഫിന് മുമ്പ് ഇനി 12 മത്സരങ്ങള്‍ കൂടി പൂര്‍ത്തിയാക്കാനുണ്ട്. ഇതിനിടെയാണ് നിര്‍ണായക തീരുമാനത്തിന് ബിസിസിഐ ഒരുങ്ങുന്നതെന്നാണ് സൂചന.
ഐപിഎല്ലില്‍ ഇന്ന് ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ്-റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു മത്സരമാണ് നടക്കേണ്ടത്. എന്നാല്‍ ഈ മത്സരം നടക്കുമോ എന്ന കാര്യത്തിലും ബിസിസിഐ കഴിഞ്ഞദിവസം വ്യക്തത വരുത്തിയിരുന്നില്ല. സര്‍ക്കാര്‍ പ്രതിനിധികളുമായി കൂടിയാലോചിച്ച ശേഷം ഇന്ന് തീരുമാനം എടുക്കുമെന്നായിരുന്നു ഐപിഎല്‍ ചെയര്‍മാന്‍ അരുണ്‍ ധുമാല്‍ അറിയിച്ചത്.
പാകിസ്ഥാന്‍ ആക്രമണങ്ങള്‍ തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ധര്‍മ്മശാലയിലെ ഏക വിമാനത്താവളവും അയല്‍ സംസ്ഥാനമായ കാംഗ്ര, ചണ്ഡീഗഡ് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളും നിലവില്‍ പ്രവര്‍ത്തനത്തിനായി അടച്ചിട്ടിരിക്കുന്നു.
26 പേര്‍ കൊല്ലപ്പെട്ട പഹല്‍ഗാം ഭീകരാക്രമണത്തിന് രണ്ടാഴ്ച കഴിഞ്ഞാണ് ഇന്ത്യ പാകിസ്ഥാനിലെയും പാകിസ്ഥാന്‍ അധിനിവേശ ജമ്മു കശ്മീരിലെയും തീവ്രവാദ കേന്ദ്രങ്ങള്‍ക്കെതിരെ മിസൈല്‍ ആക്രമണം നടത്തിയത്.
വ്യോമാക്രമണ മുന്നറിയിപ്പുകളും ജമ്മുവില്‍ സ്‌ഫോടനം നടക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ക്കും പിന്നാലെ വ്യാഴാഴ്ച പത്താന്‍കോട്ട്, അമൃത്സര്‍, ജലന്ധര്‍, ഹോഷിയാര്‍പൂര്‍, പഞ്ചാബിലെ മൊഹാലി, കേന്ദ്രഭരണ പ്രദേശമായ ചണ്ഡീഗഡ് എന്നിവയുള്‍പ്പെടെ നിരവധി ജില്ലകളില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തി.
മെയ് 11 ന് ധര്‍മ്മശാലയില്‍ നടക്കാനിരിക്കുന്ന മുംബൈ ഇന്ത്യന്‍സും പഞ്ചാബ് കിംഗ്‌സും തമ്മിലുള്ള മത്സരം അഹമ്മദാബാദിലേക്ക് മാറ്റിയത് ഐപിഎല്ലിന്റെ ഷെഡ്യൂളിനെ ഇതിനകം തന്നെ ബാധിച്ചിട്ടുണ്ട്. അതിന് പിന്നാലെയാണ് ഇപ്പോള്‍ ഐപിഎല്‍ മത്സരങ്ങള്‍ റദ്ദാക്കുന്നതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നത്.