വിജയം നിര്‍ണായകം; 5ാം ടെസ്റ്റിനുള്ള ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ കരുണ്‍ നായര്‍ കളിക്കും; കുല്‍ദീപ് യാദവിനെ മത്സരിപ്പിക്കില്ലെന്നും റിപ്പോര്‍ട്ട്

പേസര്‍ അന്‍ഷുല്‍ കാംബോജിന് പകരം പ്രസിദ്ധ് കൃഷ്ണയാകും ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തുക;

Update: 2025-07-31 05:13 GMT

ലണ്ടന്‍: വ്യാഴാഴ്ച ഓവലില്‍ ആരംഭിക്കുന്ന അഞ്ചാമത്തെയും അവസാനത്തെയും ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റില്‍ കുല്‍ദീപ് യാദവിനെ ഒഴിവാക്കാനും കരുണ്‍ നായരെ ടീമില്‍ നിലനിര്‍ത്താനും സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. ജസ്പ്രീത് ബുംറയുടെ ജോലിഭാരം ഒഴിവാക്കാനായി അദ്ദേഹത്തെ അഞ്ചാം ടെസ്റ്റില്‍ കളിപ്പിക്കില്ലെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. നാലാം ടെസ്റ്റിലെ മോശം പ്രകടനമാണ് ബുംറയെ ടീമില്‍ നിന്നും ഒഴിവാക്കുന്നതെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

പുറംവേദനയെത്തുടര്‍ന്ന് നാലാം ടെസ്റ്റില്‍ കളിക്കാതിരുന്ന ആകാശ് ദീപ് ഇപ്പോള്‍ സുഖം പ്രാപിച്ചതായും അദ്ദേഹത്തെ ബുംറയ്ക്ക് പകരക്കാരനായി ടീമില്‍ ഉള്‍പ്പെടുത്തുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ബുംറയുടെ അഭാവത്തില്‍ കോച്ച് ഗൗതം ഗംഭീറും ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും സ്പിന്നര്‍ കുല്‍ദീപ് യാദവിനെ ആശ്രയിക്കുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. കാരണം ടീമിന്റെ വിജയത്തിന് ഒരു യഥാര്‍ത്ഥ വിക്കറ്റ് വേട്ടക്കാരനെ ആവശ്യമുണ്ട്. അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ 2-1 ന് പിന്നിലാണ്, സ്‌കോര്‍ സമനിലയിലാക്കാനുള്ള ടീമിന്റെ അവസാന അവസരമാണ് ഓവല്‍ ടെസ്റ്റ്.

പേസര്‍ അന്‍ഷുല്‍ കാംബോജിന് പകരം പ്രസിദ്ധ് കൃഷ്ണയാകും ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തുകയെന്നും ഇന്ത്യന്‍ ടീം വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. റിഷഭ് പന്തിന് പകരം വിക്കറ്റ് കീപ്പറായി ധ്രുവ് ജുറെല്‍ പ്ലേയിംഗ് ഇലവനില്‍ കളിക്കും.

ഓവലിലെ പച്ചപ്പുള്ള പിച്ച് കണ്ടതോടെ ജസ്പ്രീത് ബുമ്രയെ ഇന്ത്യ കളിപ്പിച്ചേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഷാര്‍ദ്ദുല്‍ താക്കൂറിന് പകരം സ്പിന്നര്‍ കുല്‍ദീപ് യാദവും ഇന്ന് പ്ലേയിംഗ ഇലവനിലുണ്ടാകുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം വാര്‍ത്താ സമ്മേളനത്തില്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ പറഞ്ഞത്, സ്പിന്നര്‍മാരായി സുന്ദറും ജഡേജയും ടീമിലുണ്ടെന്നും ഓവലിലെ സാഹചര്യം അനുസരിച്ചാകും അന്തിമ ഇലവനെ തീരുമാനിക്കുക എന്നുമാണ്. ഓവലില്‍ പച്ചപ്പുള്ള പിച്ചായതിനാല്‍ കുല്‍ദീപ് അവസാന ടെസ്റ്റിലും പുറത്തിരിക്കാനാണ് സാധ്യത.

ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ കളിക്കുന്ന ഇന്ത്യ ഇലവന്‍: യശസ്വി ജയ്സ്വാള്‍, കെഎല്‍ രാഹുല്‍, സായ് സുദര്‍ശന്‍, ശുഭ്മാന്‍ ഗില്‍, കരുണ്‍ നായര്‍, ധ്രുവ് ജൂറല്‍, രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍, ആകാശ് ദീപ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.

Similar News