ചാമ്പ്യന്‍സ് ട്രോഫി: പാകിസ്ഥാനില്‍ ഇന്ത്യന്‍ പതാകയെ ചൊല്ലി വിവാദം

Update: 2025-02-17 05:18 GMT

കറാച്ചി: ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ് മത്സരങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പ് തന്നെ പാകിസ്ഥാനില്‍ ഇന്ത്യന്‍ പതാകയെ ചൊല്ലിയുള്ള വിവാദം ചൂടുപിടിക്കുന്നു. മത്സരങ്ങള്‍ക്ക് വേദിയാകുന്ന കറാച്ചിയിലെ നാഷനല്‍ സ്റ്റേഡിയത്തില്‍ ഇന്ത്യയുടെ പതാകയില്ലാത്തതാണ് വിവാദങ്ങള്‍ക്ക് കാരണമെന്നാണ് റിപ്പോര്‍ട്ട്.

ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന പാക്കിസ്ഥാന്‍ ഉള്‍പ്പടെയുള്ള മറ്റ് ഏഴു ടീമുകളുടെയും പതാകകള്‍ കറാച്ചിയിലെ സ്റ്റേഡിയത്തില്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യയുടെ പതാക മാത്രം സ്റ്റേഡിയത്തില്‍ ഇല്ലെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്റ്റേഡിയത്തില്‍ നിന്നുള്ള പതാകകളുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

എന്നാല്‍ വിവാദം ചൂടുപിടിക്കുന്നതിനിടയിലും ഇന്ത്യയുടെ പതാക എന്തുകൊണ്ടാണ് സ്റ്റേഡിയത്തില്‍ സ്ഥാപിക്കാത്തത് എന്നതിനെ കുറിച്ച് ഐസിസിയോ, പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡോ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ മാത്രം ദുബായിലാണ് നടക്കുന്നത്. പാക്കിസ്ഥാനിലേക്ക് ടൂര്‍ണമെന്റ് കളിക്കാന്‍ ടീമിനെ അയക്കില്ലെന്ന നിലപാട് ബിസിസിഐ എടുത്തതോടെയാണ് ഐസിസി ഇടപെട്ട് ഇന്ത്യയുടെ മത്സരങ്ങള്‍ യുഎഇയിലേക്ക് മാറ്റിയത്.

ഇന്ത്യ സെമി ഫൈനല്‍ കളിച്ചാല്‍ ആ മത്സരവും ഫൈനല്‍ പോരാട്ടവും ദുബായിലേക്ക് മാറ്റേണ്ടിവരും. സുരക്ഷാ ഭീഷണികള്‍ ചൂണ്ടിക്കാട്ടിയാണ് ഇന്ത്യന്‍ താരങ്ങളെ പാക്കിസ്ഥാനിലേക്ക് വിടില്ലെന്ന് ബിസിസിഐ നിലപാടെടുത്തത്. തുടക്കത്തില്‍ ബിസിസിഐയ്‌ക്കെതിരെ കടുംപിടിത്തം തുടര്‍ന്ന പാക്ക് ബോര്‍ഡ് മറ്റു വഴികളില്ലാതായതോടെ വഴങ്ങുകയായിരുന്നു. ഫെബ്രുവരി 20ന് ബംഗ്ലദേശിനെതിരെയാണ് ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ ആദ്യ മത്സരം. 23ന് പാക്കിസ്ഥാനെതിരായ പോരാട്ടവും ദുബായിലാണ് നടക്കുക.

ബിസിസിഐ, പിസിബി, ഐസിസി എന്നിവയുമായി നടത്തിയ ഒത്തുതീര്‍പ്പിന്റെ ഭാഗമായി, വരും വര്‍ഷങ്ങളില്‍ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഐസിസി ഇവന്റുകളില്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം കളിക്കില്ലെന്നാണ് അറിയുന്നത്.

ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, ഇംഗ്ലണ്ട് ടീമുകള്‍ക്കുള്ള മത്സരങ്ങള്‍ക്ക് കറാച്ചി സ്റ്റേഡിയം ആതിഥേയത്വം വഹിക്കും. മത്സരം ആരംഭിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ്, പങ്കെടുക്കുന്ന രാജ്യങ്ങളുടെ പതാകകള്‍ കാണാന്‍ കഴിയുന്നതരത്തിലുള്ള ഒരു വീഡിയോ വേദിയില്‍ നിന്ന് പുറത്തുവന്നതോടെയാണ് വിഷയം ചര്‍ച്ചയായത്. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) എന്തുകൊണ്ട് ഇന്ത്യന്‍ പതാക ഒഴിവാക്കി എന്നാണ് ആരാധകരുടെ ചോദ്യം.

Similar News