വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര വിജയത്തോടെ ദക്ഷിണാഫ്രിക്കയുടെ ലോക റെക്കോര്‍ഡിനൊപ്പമെത്തി ഇന്ത്യ

ക്യാപ്റ്റനെന്ന നിലയില്‍ ശുഭ്മാന്‍ ഗില്ലിന്റെ ആദ്യ പരമ്പര വിജയം കൂടിയാണ് ഇത്;

Update: 2025-10-14 09:12 GMT

വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 7 വിക്കറ്റ് വിജയം. അഹമ്മദാബാദില്‍ നടന്ന ആദ്യ ടെസ്റ്റിലും ഇന്ത്യ 140 റണ്‍സിന് വിജയിച്ചിരുന്നു. ഡല്‍ഹിയിലെ വിജയത്തോടെ 2-0ന് ഇന്ത്യ പരമ്പര തൂത്തുവാരി. ക്യാപ്റ്റനെന്ന നിലയില്‍ ശുഭ്മാന്‍ ഗില്ലിന്റെ ആദ്യ പരമ്പര വിജയം കൂടിയാണ് ഇത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നായകനായി ചുമതലയേറ്റ ഗില്‍ അഞ്ച് മത്സര പരമ്പര 2-2 ന് സമനിലയാക്കിയിരുന്നു. ഗില്ലിന് കീഴില്‍ കളിച്ച ഏഴ് ടെസ്റ്റില്‍ നാലു ജയവും രണ്ട് തോല്‍വിയും ഒരു സമനിലയുമാണ് ഇന്ത്യ നേടിയത്.

വെസ്റ്റിന്‍ഡീസ് ഉയര്‍ത്തിയ 121 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ വിജയമുറപ്പിക്കുകയായിരുന്നു. ഓപ്പണര്‍ കെ.എല്‍. രാഹുല്‍ രണ്ടാം ഇന്നിങ്‌സില്‍ അര്‍ധ സെഞ്ചറിയുമായി പുറത്താകാതെ നിന്നു. 108 പന്തുകള്‍ നേരിട്ട രാഹുല്‍ രണ്ടു സിക്‌സും ആറു ഫോറുകളുമുള്‍പ്പടെ 58 റണ്‍സാണ് നേടിയത്. സ്‌കോര്‍ ഇന്ത്യ 518/റ, 124/3, വെസ്റ്റിന്‍ഡീസ് 248/10, 390/10.

സായ് സുദര്‍ശനാണ് അവസാന ദിവസം ആദ്യ സെഷനില്‍ തന്നെ പുറത്തായത്. 76 പന്തില്‍ 39 റണ്‍സടിച്ച സായ് സുദര്‍ശന്‍ വിന്‍ഡീസ് ക്യാപ്റ്റന്‍ റോസ്റ്റന്‍ ചെയ്‌സിന്റെ പന്തില്‍ പുറത്താകുകയായിരുന്നു. ഒരു സിക്‌സും ഒരു ഫോറും നേടിയ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ മികച്ച തുടക്കം നേടിയെങ്കിലും ഇന്നിങ്‌സ് അധികം നീണ്ടില്ല. 13 റണ്‍സെടുത്ത ഗില്ലിനെ റോസ്റ്റന്‍ ചെയ്‌സിന്റെ പന്തില്‍ ജസ്റ്റിന്‍ ഗ്രീവ്‌സ് ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു. എന്നാല്‍ 35 ഓവറും രണ്ടു പന്തുകളും കൊണ്ട് ഇന്ത്യ ലക്ഷ്യത്തിലെത്തി.

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര ജയത്തോടെ ഒരു ടീമിനെതിരായ തുടര്‍ച്ചയായ പരമ്പര ജയങ്ങളില്‍ ദക്ഷിണാഫ്രിക്കയുടെ ലോക റെക്കോര്‍ഡിനൊപ്പമെത്തി ഇന്ത്യ. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഇന്ത്യയുടെ തുടര്‍ച്ചയായ പത്താം ടെസ്റ്റ് പരമ്പര ജയമാണിത്. വിന്‍ഡിസിനെതിരെ തുടര്‍ച്ചയായി പത്ത് ടെസ്റ്റ് പരമ്പരകള്‍ ജയിച്ച ദക്ഷിണാഫ്രിക്കയുടെ പേരിലുള്ള റെക്കോര്‍ഡിനൊപ്പമാണ് ഡല്‍ഹി ടെസ്റ്റിലെ ഏഴ് വിക്കറ്റ് ജയത്തോടെ ഇന്ത്യയും എത്തിയത്.

വിന്‍ഡീസിനെതിരായ ജയത്തോടെ മറ്റൊരു റെക്കോര്‍ഡും ഇന്ത്യ സ്വന്തമാക്കി. എതിരാളികള്‍ക്കെതിരെ തോല്‍വിയറിയാതെ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിക്കുന്ന നാലാമത്തെ ടീമായി ഇന്ത്യ. വിന്‍ഡീസിനെതിരെ തുടര്‍ച്ചയായ 27-ാം ടെസ്റ്റിലാണ് ഇന്ത്യ തോല്‍ക്കാതിരുന്നത്. 1930 മുതല്‍ 1975വരെ ന്യൂസിലന്‍ഡിനെതിരെ തോല്‍വിയറിയാതെ 47 ടെസ്റ്റുകള്‍ കളിച്ച ഇംഗ്ലണ്ടിന്റെ പേരിലാണ് ഒരു എതിരാളിക്കെതിരെ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ തോല്‍വിയറിയാതെ കളിച്ചതിന്റെ റെക്കോര്‍ഡ്.

നാലാം ദിനം 2ന് 173 എന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച വിന്‍ഡീസ് 390 റണ്‍സ് വരെ ഇന്നിങ്‌സ് നീട്ടിക്കൊണ്ടുപോയെങ്കിലും ഇന്ത്യയ്ക്കു ഭീഷണിയായിരുന്നില്ല. സെഞ്ച്വറി നേടിയ ജോണ്‍ കാംബെല്‍ (115), ഷായ് ഹോപ് (103) എന്നിവരുടെ ഇന്നിങ്‌സുകളാണ് വിന്‍ഡീസിനെ ഈ ടോട്ടലില്‍ എത്തിച്ചത്. 121 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒന്നിന് 63 എന്ന നിലയിലായിരുന്നു. ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിന്റെ (8) വിക്കറ്റാണ് നാലാം ദിനം ഇന്ത്യയ്ക്കു നഷ്ടമായത്.

നാലാം ദിനം ആദ്യ സെഷനില്‍ത്തന്നെ വിന്‍ഡീസിനെ ഓള്‍ഔട്ടാക്കി ഇന്നിങ്‌സ് ജയം സ്വന്തമാക്കാമെന്നു കണക്കുകൂട്ടിയ ഇന്ത്യയുടെ പ്രതീക്ഷകള്‍ തല്ലിക്കെടുത്തിയാണ് ഷായ് ഹോപും ജോണ്‍ കാംബെലും തുടങ്ങിയത്. മൂന്നാം വിക്കറ്റില്‍ 177 റണ്‍സ് കൂട്ടിച്ചേര്‍ത്ത സഖ്യം ഇന്നിങ്‌സ് തോല്‍വി ഭീതിയില്‍ നിന്ന് വിന്‍ഡീസിനെ രക്ഷിച്ചു. കന്നി ടെസ്റ്റ് സെഞ്ച്വറി പൂര്‍ത്തിയാക്കിയതിനു പിന്നാലെ കാംബെലിനെ പുറത്താക്കിയ രവീന്ദ്ര ജഡേജയാണ് ഇന്ത്യയ്ക്കു ബ്രേക്ത്രൂ നല്‍കിയത്. നാലാം വിക്കറ്റില്‍ ക്യാപ്റ്റന്‍ റോസ്ടന്‍ ചേസിനെ (40) കൂട്ടുപിടിച്ച ഹോപ് 3ന് 252 എന്ന നിലയില്‍ ആദ്യ സെഷന്‍ അവസാനിപ്പിച്ചു.

രണ്ടാം സെഷന്റെ തുടക്കത്തില്‍ത്തന്നെ സെഞ്ച്വറി പൂര്‍ത്തിയാക്കിയ ഷായ് ഹോപ് വിന്‍ഡീസ് ആരാധകര്‍ക്ക് ആഘോഷിക്കാനുള്ള വക നല്‍കിയെങ്കിലും പിന്നാലെ മുഹമ്മദ് സിറാജിനു മുന്നില്‍ വീണത് വിന്‍ഡീസിന് തിരിച്ചടിയായി. പിന്നാലെ തുടര്‍ച്ചയായി വിക്കറ്റു വീഴ്ത്തിയ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ മത്സരത്തില്‍ പിടിമുറുക്കിയതോടെ ഒരു ഘട്ടത്തില്‍ 9ന് 311 എന്ന നിലയിലായിരുന്നു വിന്‍ഡീസ്.

10ാം വിക്കറ്റില്‍ ഒന്നിച്ച ജസ്റ്റിന്‍ ഗ്രീവ്‌സ് (50), ജയ്ഡന്‍ സീല്‍സ് (32) സഖ്യം നടത്തിയ ചെറുത്തുനില്‍പാണ് വിന്‍ഡീസിന്റെ ലീഡ് 100 കടത്തിയത്. 132 പന്തില്‍ 79 റണ്‍സ് കൂട്ടിച്ചേര്‍ത്ത സഖ്യം ടീം ടോട്ടല്‍ 390ല്‍ എത്തിച്ചു. സീല്‍സിനെ പുറത്താക്കിയ ജസ്പ്രീത് ബുമ്രയാണ് വിന്‍ഡീസ് ഇന്നിങ്‌സ് പൂട്ടിക്കെട്ടിയത്. ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവും ബുമ്രയും 3 വിക്കറ്റ് വീതം വീഴ്ത്തി.

മത്സരത്തിന്റെ ആദ്യ ഇന്നിങ്‌സില്‍ യശസ്വി ജയ്‌സ്വാള്‍ (258 പന്തില്‍ 175), ക്യാപ്റ്റന്‍ ഗില്‍ (196 പന്തില്‍ 129) എന്നിവര്‍ സെഞ്ച്വറി നേടിയതോടെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 518 റണ്‍സെന്ന നിലയില്‍ ഇന്ത്യ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. 165 പന്തില്‍ 87 റണ്‍സെടുത്ത സായ് സുദര്‍ശന്‍ അര്‍ധ സെഞ്ച്വറി തികച്ചു. മറുപടി ബാറ്റിങ്ങില്‍ വിന്‍ഡീസ് 248ന് ഓള്‍ഔട്ടായതോടെയാണ് സന്ദര്‍ശകരെ ഫോളോ ഓണിന് അയച്ചത്.

Similar News