വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള രണ്ടാം ടെസ്റ്റ് മത്സരം; പരമ്പര തൂത്തുവാരാനുള്ള തയാറെടുപ്പുമായി ഇന്ത്യ

ആദ്യ മത്സരത്തിലെ വമ്പന്‍ വിജയത്തിന് ശേഷം, പ്ലേയിംഗ് 11 ല്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ ടീം ഇന്ത്യ ശ്രമിച്ചേക്കും;

Update: 2025-10-09 09:48 GMT

ന്യൂഡല്‍ഹി: വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള രണ്ടാം ടെസ്റ്റ് മത്സരത്തില്‍ പരമ്പര തൂത്തുവാരാനുള്ള തയാറെടുപ്പുമായി ഇന്ത്യ. വെള്ളിയാഴ്ച ന്യൂഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ ആരംഭിക്കുന്ന രണ്ട് മത്സര പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഏറ്റുമുട്ടാന്‍ ഒരുങ്ങുമ്പോള്‍ ആതിഥേയരായ ടീം ഇന്ത്യ പരമ്പര തൂത്തുവാരാനാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞയാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ ശുഭ്മാന്‍ ഗില്ലിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം മൂന്ന് ദിവസത്തിനുള്ളില്‍ ഇന്നിംഗ്സിന്റെയും 140 റണ്‍സിന്റെയും വമ്പന്‍ വിജയം നേടിയിരുന്നു.

ആദ്യ മത്സരത്തിലെ വമ്പന്‍ വിജയത്തിന് ശേഷം, പ്ലേയിംഗ് 11 ല്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ ടീം ഇന്ത്യ ശ്രമിച്ചേക്കും. ഓപ്പണിംഗില്‍ യശസ്വി ജയ്സ്വാള്‍-കെ എല്‍ രാഹുല്‍ സഖ്യം തുടരും. അഹമ്മദാബാദില്‍ സെഞ്ച്വറി നേടിയ രാഹുല്‍ തകര്‍പ്പന്‍ ഫോമിലാണ്. മൂന്നാം നമ്പറില്‍ മാറ്റം പ്രതീക്ഷിക്കുന്നുണ്ട്. ആദ്യ ടെസ്റ്റില്‍ നിരാശപ്പെടുത്തിയ സായ് സുദര്‍ശന് പകരം മലയാളി താരം ദേവ് ദത്ത് പടിക്കലിന് രണ്ടാം ടെസ്റ്റില്‍ അവസരം നല്‍കിയേക്കുമെന്ന സൂചനകളുണ്ട്. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച റെക്കോഡ് ഉണ്ടെങ്കിലും സായിക്ക് ആ മികവ് അന്താരാഷ്ട്ര തലത്തില്‍ തുടരാന്‍ സാധിക്കുന്നില്ല.

ഏഴ് ഇന്നിങ്സുകളില്‍ മൂന്നാം നമ്പറിലെത്തിയ സായിക്ക് 21 ശരാശരിയില്‍ 147 റണ്‍സ് മാത്രമാണ് നേടാനായത്. പൂജ്യത്തില്‍ തുടങ്ങിയ കരിയറില്‍ മാഞ്ചസ്റ്ററില്‍ നേടിയ അര്‍ദ്ധ സെഞ്ച്വറി മാത്രമായിരുന്നു ഇടം കയ്യന്‍ ബാറ്റര്‍ക്ക് ഓര്‍ത്തുവെക്കാനുണ്ടായിരുന്നത്. ഏഴ് ഇന്നിങ്സില്‍ രണ്ട് തവണയും റണ്ണൊന്നുമെടുക്കാതെയായിരുന്നു സായ് മടങ്ങിയതും. എന്നാല്‍ സുദര്‍ശന് ഒരു അവസരം കൂടി നല്‍കാന്‍ തീരുമാനിച്ചാല്‍ പടിക്കല്‍ ഇത്തവണയും പുറത്തിരിക്കേണ്ടിവരും.

നാലാം നമ്പറില്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ ഇറങ്ങുമ്പോള്‍ ആദ്യ ടെസ്റ്റിലെ സെഞ്ച്വറി നേടിയ ധ്രുവ് ജുറെല്‍ ആകും അഞ്ചാം നമ്പറില്‍ ക്രീസിലെത്തുക. രവീന്ദ്ര ജഡേജയും വാഷിംഗ്ടണ്‍ സുന്ദറും സ്പിന്‍ ഓള്‍ റൗണ്ടര്‍മാരായി ടീമിലെത്തുമ്പോള്‍ നിതീഷ് കുമാര്‍ റെഡ്ഡി പേസ് ഓള്‍ റൗണ്ടറായി ടീമിലെ സ്ഥാനം നിലനിര്‍ത്തും. കുല്‍ദീപ് യാദവായിരിക്കും ഇന്ത്യയുടെ സ്പെഷ്യലിസ്റ്റ് സ്പിന്നര്‍. പേസ് നിരയിലാണ് മറ്റൊരു മാറ്റം പ്രതീക്ഷിക്കുന്നത്.

ആദ്യ ടെസ്റ്റില്‍ കളിച്ച ജസ്പ്രീത് ബുമ്രക്ക് വിശ്രമം അനുവദിക്കാന്‍ സാധ്യതയില്ലെന്ന് ഇന്ത്യയുടെ സഹപരിശീലകന്‍ റിയാന്‍ ടെന്‍ ഡോഷെറ്റെ വ്യക്തമാക്കിയിരുന്നു. അങ്ങനെ വന്നാല്‍ ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കുള്ള ടീമിലുള്ള പേസര്‍ മുഹമ്മദ് സിറാജിന് വിശ്രമം അനുവദിച്ച് പ്രസിദ്ധ് കൃഷ്ണയെ രണ്ടാം ടെസ്റ്റില്‍ കളിപ്പിക്കാനുള്ള സാധ്യതയും മുന്നിലുണ്ട്. ജസ്പ്രീത് ബുമ്ര ഏകദിന പരമ്പരക്കുള്ള ടീമിലില്ല.

മറുവശത്ത്, 1970 കളിലെയും 1980 കളിലെയും ചാമ്പ്യന്‍മാരായ ടീമില്‍ നിന്ന് വെസ്റ്റ് ഇന്‍ഡീസ് വളരെ അകലെയാണ്. അടുത്ത കാലത്തൊന്നും ഒരു വഴിത്തിരിവ് കൊണ്ടുവരാന്‍ പ്രയാസമാണെന്ന് ഹെഡ് കോച്ച് ഡാരന്‍ സാമി പോലും സമ്മതിക്കുന്നു.

അഹമ്മദാബാദിനെ അപേക്ഷിച്ച് തണുത്ത കാലാവസ്ഥയില്‍ ഡല്‍ഹിയിലെ പിച്ചില്‍ മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിയുമെന്നാണ് ക്യാപ്റ്റന്‍ റോസ്റ്റണ്‍ ചേസിന്റെ പ്രതീക്ഷ. എന്നാല്‍ ഫോമിലുള്ള പേസര്‍ മുഹമ്മദ് സിറാജിനെയും കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, വാഷിംഗ് ടണ്‍ സുന്ദര്‍ തുടങ്ങിയ നിലവാരമുള്ള സ്പിന്നര്‍മാരെ നേരിടാന്‍ ബുദ്ധിമുട്ടായിരിക്കും.

Similar News