ഇത്തവണയും ടോസ് ചതിച്ചു; ചാംപ്യന്‍സ് ട്രോഫി സെമിയില്‍ ബാറ്റിംഗ് തിരഞ്ഞെടുത്ത് ഓസീസ്

Update: 2025-03-04 09:37 GMT

ദുബായ്: ഇത്തവണയും ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ ടോസ് തുണച്ചില്ല. ഇതോടെ ചാംപ്യന്‍സ് ട്രോഫി സെമിയില്‍ ടോസ് നേടിയ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് ബാറ്റിങ് തിരഞ്ഞെടുത്തു. അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഇതേ വേദിയില്‍ ന്യൂസീലന്‍ഡിനെ 'കറക്കിവീഴ്ത്തിയ' ഇന്ത്യയ്ക്ക് അതേനാണയത്തില്‍ തിരിച്ചടി നല്‍കുന്നതിന്, ഓസീസ് ടീമില്‍ രണ്ട് സ്പിന്നര്‍മാരെക്കൂടി ഉള്‍പ്പെടുത്തി.

മാത്യു ഷോര്‍ട്ട്, സ്‌പെന്‍സര്‍ ജോണ്‍സന്‍ എന്നിവര്‍ക്ക് പകരം സ്പിന്നര്‍മാരായ കൂപ്പര്‍ കോണ്‍ലി, തന്‍വീര്‍ സംഘ എന്നിവരെയാണ് ഓസീസ് പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയത്. മറുവശത്ത്, സെമിയില്‍ കളിച്ച അതേ ടീമിനെയാണ് ഇന്ത്യ അണിനിരത്തുന്നത്.

ഐസിസി ഏകദിന പോരാട്ടത്തില്‍ ഇന്ത്യ അവസാനമായി ഓസ്‌ട്രേലിയക്കെതിരെ നോക്കൗട്ട് മത്സരം ജയിച്ചത് 2011ലാണ്. അതിനു ശേഷം ഇന്നുവരെ വിജയിക്കാന്‍ ഇന്ത്യക്ക് സാധിച്ചിട്ടില്ല. ആ റെക്കോര്‍ഡ് മറികടക്കേണ്ട ഭാരം കൂടി രോഹിതിനും സംഘത്തിനുമുണ്ട്. ഇത്തവണ ഇന്ത്യക്ക് അനുകൂലമാണ് കാര്യങ്ങള്‍. ദുബായ് വേദിയും സ്പിന്‍ കരുത്തുമാണ് ഇന്ത്യക്ക് മുന്‍തൂക്കം നല്‍കുന്നത്.

സെമി ഫൈനലിന് ഇറങ്ങുമ്പോള്‍ ഇന്ത്യക്ക് തീര്‍ക്കാന്‍ കണക്കുകള്‍ ഒരുപാടുണ്ട്. 2015ലെ ഏകദിന ലോകകപ്പ് സെമി ഫൈനല്‍, 2023ലെ ഏകദിന ലോകകപ്പിന്റെ ഫൈനല്‍, 2023ലെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലുകളില്‍ ഇന്ത്യ ഓസ്‌ട്രേലിയക്ക് മുന്നില്‍ വീഴുകയായിരുന്നു. ഈ തോല്‍വികളുടെ കണക്ക് തീര്‍ത്ത് ഫൈനലിലേക്ക് മുന്നേറുകയെന്ന കടമ്പയാണ് ഇന്ത്യക്ക് മുന്നിലുള്ളത്.

ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച സ്പിന്‍ വിഭാഗം, കെട്ടുറപ്പുള്ള ബാറ്റിങ് നിര, ഗ്രൂപ്പിലെ 3 മത്സരങ്ങളിലും ആധികാരിക വിജയം, ചാംപ്യന്‍സ് ട്രോഫിയിലെ ഏറ്റവും കരുത്തുറ്റ ടീം എന്നീ മികവുകളുമായാണ് ടീം ഇന്ത്യ സെമിഫൈനലിന് ഇറങ്ങുന്നത്. പേസ് ബോളിങ്ങില്‍ ഡെത്ത് ഓവര്‍ സ്‌പെഷലിസ്റ്റിന്റെ അഭാവം മാത്രമാണ് ടീം നേരിടുന്ന വെല്ലുവിളി.

എന്നാല്‍ മധ്യ ഓവറുകളില്‍ സ്പിന്നര്‍മാര്‍ മികവു കാട്ടുന്നതിനാല്‍ ഡെത്ത് ഓവറുകളില്‍ ഇന്ത്യയ്ക്ക് ഇതുവരെ കാര്യമായ പ്രശ്‌നം നേരിട്ടിട്ടില്ല. ബാറ്റിങ്ങില്‍ ശുഭ്മന്‍ ഗില്‍ -രോഹിത് ശര്‍മ സഖ്യം നല്‍കുന്ന തുടക്കവും മധ്യനിരയില്‍ വിരാട് കോലി, ശ്രേയസ് അയ്യര്‍, അക്ഷര്‍ പട്ടേല്‍, കെ.എല്‍.രാഹുല്‍ എന്നിവര്‍ നല്‍കുന്ന സ്ഥിരതയും ടീമിനെ കരുത്തുറ്റതാക്കുന്നു.

മറുഭാഗത്ത് പാറ്റ് കമിന്‍സ് ജോഷ് ഹെയ്‌സല്‍വുഡ് മിച്ചല്‍ സ്റ്റാര്‍ക് പേസ് ത്രയത്തിന്റെ അഭാവം ബോളിങ് കരുത്തിനെ ബാധിച്ചിട്ടുണ്ടെങ്കിലും ബാറ്റര്‍മാര്‍ മികച്ച ഫോമിലായതിനാല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഓസ്‌ട്രേലിയയ്ക്ക് പരീക്ഷണം നേരിടേണ്ടിവന്നില്ല. ആഡം സാംപയ്‌ക്കൊപ്പം ഒരു സ്‌പെഷലിസ്റ്റ് സ്പിന്നറുടെ അഭാവം ഓസീസിനെ അലട്ടുന്നുണ്ട്.

പരുക്കേറ്റ ബാറ്റര്‍ മാത്യു ഷോര്‍ട്ടിന് പകരം ഇടംകൈ സ്പിന്നര്‍ കൂപ്പര്‍ കോണ്‍ലിയെ ടീമില്‍ ഉള്‍പ്പെടുത്തിയ ഓസീസ്, താരത്തെ സെമിഫൈനലിനുള്ള പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയതും അതുകൊണ്ടുതന്നെ. കോണ്‍ലിക്കു പുറമേ തന്‍വീര്‍ സംഘയും ഓസീസ് ടീമിലുണ്ട്.

ട്രാവിസ് ഹെഡ്, ഗ്ലെന്‍ മാക്‌സ്വെല്‍ എന്നീ പാര്‍ട് ടൈം സ്പിന്നര്‍മാരും ഓസീസ് നിരയിലുണ്ട്. ട്രാവിസ് ഹെഡ്, ജോഷ് ഇന്‍ഗ്ലിസ്, മാര്‍നസ് ലബുഷെയ്ന്‍, സ്റ്റീവ് സ്മിത്ത്, അലക്‌സ് ക്യാരി എന്നിവരടങ്ങിയ ബാറ്റിങ് നിര ശക്തമാണ്.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, അക്ഷര്‍ പട്ടേല്‍, കെ.എല്‍. രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, വരുണ്‍ ചക്രവര്‍ത്തി.

ഓസ്‌ട്രേലിയന്‍ ടീം: ട്രാവിസ് ഹെഡ്, കൂപ്പര്‍ കോണ്‍ലി, സ്റ്റീവ് സ്മിത്ത് (ക്യാപ്റ്റന്‍), മാര്‍നസ് ലബുഷെയ്ന്‍, ജോഷ് ഇംഗ്ലിസ്, അലക്‌സ് ക്യാരി, ഗ്ലെന്‍ മാക്‌സ്‌വെല്‍, ബെന്‍ ഡ്വാര്‍ഷിയൂസ്, നേഥന്‍ എല്ലിസ്, ആദം സാംപ, തന്‍വീര്‍ സംഘ.

Similar News