ഏഷ്യ കപ്പ് പുരുഷ ഹോക്കി; ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തി കിരീട നേട്ടവുമായി ഇന്ത്യ
ഹോക്കിയില്‍ ഇന്ത്യയുടെ കിരീടനേട്ടം 8 വര്‍ഷത്തിനുശേഷം;
ഏഷ്യ കപ്പ് ഹോക്കിയില്‍ ഇന്ത്യയ്ക്ക് കിരീടം. ബീഹാറിലെ രാജ്ഗിര്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ കഴിഞ്ഞദിവസം നടന്ന ഫൈനലില്‍ ദക്ഷിണ കൊറിയയെ 4-1 ന് പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ പുരുഷ ഹോക്കി ടീം കിരീടം ചൂടിയത്. എട്ട് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഇന്ത്യ കിരീടം സ്വന്തമാക്കുന്നത്. അതുകൊണ്ടുതന്നെ ആരാധകര്‍ക്ക് ആവേശമായിരുന്നു. ഓരോ നീക്കവും അവര്‍ ആഘോഷിച്ചു. ഇതോടെ 2026 ല്‍ നെതര്‍ലാന്‍ഡ്സിലും ബെല്‍ജിയത്തിലും നടക്കുന്ന എഫ്.ഐ.എച്ച് പുരുഷ ഹോക്കി ലോകകപ്പില്‍ മത്സരിക്കാന്‍ ഇന്ത്യയ്ക്ക് അവസരം ലഭിച്ചു. അടുത്തവര്‍ഷം ഓഗസ്റ്റ് 14 മുതല്‍ 30 വരെയാണ് മത്സരം. ഇന്ത്യയുടെ നാലാം ഏഷ്യാ കപ്പ് കിരീടമാണിത്. നേരത്തെ 2003, 2007, 2017 വര്‍ഷങ്ങളില്‍ ഇന്ത്യ കിരീടം നേടിയിരുന്നു.
ടൂര്‍ണമെന്റിലെ 6 മത്സരങ്ങളില്‍ ഒന്നുപോലും തോല്‍ക്കാതെയാണ് ഹര്‍മന്‍പ്രീത് സിങ് നായകനായ ഇന്ത്യന്‍ ടീമിന്റെ കിരീട നേട്ടം. 5 മത്സരങ്ങളില്‍ ജയിച്ച ഇന്ത്യ ഒരു കളിയില്‍ സമനില വഴങ്ങി. പൂള്‍ മത്സരങ്ങള്‍ മൂന്നും ജയിച്ച ഇന്ത്യ സൂപ്പര്‍ ഫോര്‍ റൗണ്ടില്‍ ചൈനയെയും മലേഷ്യയെയും കീഴടക്കി. ദക്ഷിണ കൊറിയയോട് 2-2 ന് സമനില പിടിച്ചു. ഫൈനലില്‍ അതേ കൊറിയയ്ക്കെതിരെ 4 ഗോളുകളടിച്ച് കപ്പ് സ്വന്തമാക്കുകയും ചെയ്തു.
ആവേശകരമായ ഫൈനല്‍ മത്സരത്തില്‍, ദില്‍പ്രീത് സിങ് (28, 54 മിനിറ്റുകള്‍), സുഖ്ജീത് സിങ് (ഒന്നാം മിനിറ്റ്), അമിത് രോഹിദാസ് (50) എന്നിവരാണ് ഇന്ത്യയ്ക്ക് വേണ്ടി ഗോളുകള്‍ നേടിയത്. 51ാം മിനിറ്റില്‍ ഡെയ്ന്‍ സണിലൂടെ ഒരു ഗോള്‍ മടക്കാനേ കൊറിയയ്ക്കായുള്ളൂ.
മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയ ഇന്ത്യ കൊറിയയെ നിഷ്പ്രഭമാക്കി. മത്സരം ആരംഭിച്ച് ആദ്യ മിനിറ്റില്‍ തന്നെ സുഖ്ജീത് സിങ്ങിന്റെ ഉജ്വല ഗോളില്‍ ഇന്ത്യ മുന്നിലെത്തി. പിന്നാലെ ലീഡ് ഉയര്‍ത്താനുള്ള അവസരം ജുഗ്രാജ് പെനാല്‍റ്റി പാഴാക്കിയതിലൂടെ ഇന്ത്യ നഷ്ടപ്പെടുത്തി.
ആദ്യ പകുതിയുടെ രണ്ടാം ക്വാര്‍ട്ടറില്‍ ദില്‍പ്രീത് സിങ്ങിലൂടെ ഇന്ത്യ ലീഡുയര്‍ത്തി. ആദ്യ പകുതി അവസാനിക്കുമ്പോള്‍ കൊറിയയ്ക്കെതിരെ 0-2 ന് ഇന്ത്യ മുന്നിലായിരുന്നു. രണ്ടാം പകുതിയില്‍ ദില്‍പ്രീത് സിങ് ഇന്ത്യയ്ക്കായി മൂന്നാം ഗോളും നേടി. പിന്നാലെ അമിത് രോഹിദാസിലൂടെ വീണ്ടും ഇന്ത്യ ലീഡ് ഉയര്‍ത്തി. മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ശേഷിക്കെ കൊറിയയുടെ ഡെയ്ന്‍ സണ്‍ ഒരു ഗോള്‍ മടക്കി.
ഹോക്കി ഇന്ത്യ കളിക്കാര്‍ക്ക് മൂന്ന് ലക്ഷം രൂപ വീതവും സപ്പോര്‍ട്ട് സ്റ്റാഫിന് ഒന്നര ലക്ഷം രൂപ വീതവും പാരിതോഷികം പ്രഖ്യാപിച്ചു.