ഇന്ത്യയെ തോല്‍പ്പിക്കാന്‍ പിസിബി ചെയര്‍മാനും സൈനിക തലവനും പാഡ് ധരിച്ച് കളിക്കാനിറങ്ങേണ്ടിവരും; പരിഹാസവുമായി ഇമ്രാന്‍ ഖാന്‍

പാകിസ്ഥാന്‍ ക്രിക്കറ്റിന്റെ തകര്‍ച്ചയ്ക്ക് കാരണം മൊഹ്സിന്‍ ഖ് വിയുടെ കഴിവില്ലായ്മയാണെന്നും ഇമ്രാന്‍ ഖാന്‍ കുറ്റപ്പെടുത്തി;

Update: 2025-09-23 09:17 GMT

ലഹോര്‍: ഏഷ്യാ കപ്പില്‍ ഇന്ത്യയ്ക്കെതിരായ തുടര്‍ച്ചയായ രണ്ട് മത്സരങ്ങളില്‍ പാകിസ്ഥാനേറ്റ പരാജയങ്ങളില്‍ പരിഹാസവുമായി മുന്‍ ക്യാപ്റ്റന്‍ ഇമ്രാന്‍ ഖാന്‍. ടീം വിജയിക്കാന്‍ പിസിബി ചെയര്‍മാന്‍ മൊഹ്സിന്‍ നഖ് വിയും സൈനിക തലവന്‍ ജനറല്‍ അസിം മുനീറും പാഡ് ധരിച്ച് കളിക്കാനിറങ്ങേണ്ടിവരുമെന്നാണ് പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി കൂടിയായ ഇമ്രാന്‍ ഖാന്റെ പരിഹാസം. നിലവില്‍ ഇമ്രാന്‍ ഖാന്‍ ജയിലില്‍ കഴിയുന്നതിനാല്‍ സഹോദരി അലീമ ഖാനാണ് താരത്തിന്റെ സന്ദേശം മാധ്യമങ്ങള്‍ക്ക് കൈമാറിയത്.

'ജനറല്‍ അസി മുനീറും മൊഹ്സിന്‍ നഖ് വിയും ഒരുമിച്ച് ഇന്നിങ്സ് ഓപ്പണ്‍ ചെയ്യുകയെന്നത് മാത്രമാണ് പാകിസ്ഥാന് വിജയിക്കാനുള്ള വഴി. പാകിസ്ഥാന്‍ മുന്‍ ചീഫ് ജസ്റ്റിസ് ക്വാസി ഫേസ് ഇസ, തിരഞ്ഞെടുപ്പ് കമ്മിഷണര്‍ സികന്ദര്‍ സുല്‍ത്താന്‍ രാജ എന്നിവര്‍ അംപയര്‍മാരാകട്ടെ. ഇസ്ലാമബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സര്‍ഫറാസ് ദോഗര്‍ തേര്‍ഡ് അംപയറുമാകണം. അങ്ങനെയെങ്കില്‍ പാകിസ്ഥാന്‍ ചിലപ്പോള്‍ ജയിക്കുമായിരിക്കും'- എന്നാണ് ഇമ്രാന്‍ ഖാന്റെ പരിഹാസം.

പാകിസ്ഥാന്‍ ക്രിക്കറ്റിന്റെ തകര്‍ച്ചയ്ക്ക് കാരണം മൊഹ്സിന്‍ നഖ് വിയുടെ കഴിവില്ലായ്മയാണെന്നും നെപ്പോട്ടിസത്തിന്റെ ഭാഗമായാണ് അയാള്‍ ക്രിക്കറ്റ് തലപ്പത്ത് എത്തിയതെന്നും ഇമ്രാന്‍ ഖാന്‍ കുറ്റപ്പെടുത്തി. പാകിസ്ഥാന്‍ തെഹ്രീകെ ഇന്‍സാഫ് പാര്‍ട്ടിയുടെ സ്ഥാപകനായ ഇമ്രാന്‍ ഖാന്‍ വിവിധ കേസുകളില്‍ പ്രതിയായി 2023 ഓഗസ്റ്റ് മുതല്‍ ജയിലില്‍ കഴിയുകയാണ്.

2024 ഫെബ്രുവരിയിലെ പൊതുതെരഞ്ഞെടുപ്പില്‍ അന്നത്തെ സിജെപി ഇസയുടെയും മുഖ്യ ഇലക്ഷന്‍ കമ്മീഷണര്‍ രാജയുടെയും സഹായത്തോടെ തന്റെ പാര്‍ട്ടിയായ പാകിസ്ഥാന്‍ തെഹ്രീക്-ഇ-ഇന്‍സാഫി(പിടിഐ) ന്റെ ജനവിധി മുനീര്‍ മോഷ്ടിച്ചുവെന്ന് 72 കാരനായ ഇമ്രാന്‍ നേരത്തെ ആരോപിച്ചിരുന്നു.

അഭിഷേക് ശര്‍മ്മയുടെയും ശുഭ്മാന്‍ ഗില്ലിന്റെയും ബാറ്റിംഗ് മികവിലാണ് ഞായറാഴ്ച ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യ തുടര്‍ച്ചയായ രണ്ടാം തവണയും പാകിസ്ഥാനെ പരാജയപ്പെടുത്തിയത്.

39 പന്തില്‍ 74 റണ്‍സ് എടുത്ത അഭിഷേകിന്റെ യും 28 പന്തില്‍ നിന്ന് 47 റണ്‍സ് നേടിയ ഗില്ലിന്റെയും മികച്ച പ്രകടനമാണ് ഇന്ത്യന്‍ ടീമിനെ ആറ് വിക്കറ്റ് വിജയത്തിലേക്ക് നയിച്ചത്. ഇവര്‍ക്കൊപ്പം തിലക് വര്‍മ്മയും ഹാര്‍ദിക് പാണ്ഡ്യയും വിജയത്തില്‍ പങ്കാളികളായി. ഷഹീന്‍ അഫ്രീദിയുടെ പന്തില്‍ ഏഴ് പന്തുകള്‍ ബാക്കിനില്‍ക്കെ ഒരു ഫോറും നേടിയാണ് ഇന്ത്യ ലക്ഷ്യത്തിലെത്തിയത്.

Similar News