ഏഷ്യാ കപ്പ്; സഞ്ജു സാംസണിന്റെ സ്ഥാനത്തെ കുറിച്ചുള്ള ചോദ്യത്തിന് രസകരമായ മറുപടി നല്‍കി സൂര്യകുമാര്‍ യാദവ്

സഞ്ജുവിന്റെ സ്ഥാനം ചോദ്യ ചിഹ്നമായത് ശുഭ് മാന്‍ ഗില്‍ ടീമില്‍ എത്തിയതോടെ;

Update: 2025-09-10 06:57 GMT

യുണൈറ്റഡ് അറബ് എമിറേറ്റ്‌സില്‍ നടക്കുന്ന ഏഷ്യാ കപ്പ് മത്സരത്തിന് കഴിഞ്ഞദിവസമാണ് തുടക്കമായത്. ബുധനാഴ്ചയാണ് ഇന്ത്യയുടെ മത്സരം ആരംഭിക്കുന്നത്. ആതിഥേയരായ യുഎഇയെ ആണ് ഇന്ത്യ നേരിടുന്നത്. രാത്രി എട്ടുമണിക്ക് ദുബായിലാണ് മത്സരം. ഏഴുമാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യ ഒരു ടി20 കളിക്കാനിറങ്ങുന്നത്. ദുര്‍ബലരായ യു എ ഇയ്ക്കെതിരെ ഇറങ്ങുമ്പോള്‍ ജയത്തേക്കാള്‍ ഞായറാഴ്ചത്തെ പാകിസ്ഥാനെതിരായ വമ്പന്‍ പോരാട്ടം ആയിരിക്കും സൂര്യകുമാര്‍ യാദവിന്റെയും സംഘത്തിന്റെയും മനസ്സില്‍.

ഇന്ത്യന്‍ ബൗളര്‍മാരെ ചെറുത്തുനില്‍ക്കുകയാവും യുഎഇയുടെ വെല്ലുവിളി. ഇരുടീമും ഇതിന് മുന്‍പ് ഏറ്റുമുട്ടിയത് 2015 ലെ ലോകകപ്പില്‍. ഇന്ത്യ ഒന്‍പത് വിക്കറ്റിന് ജയിച്ചു. അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ ഇന്നും ഇന്ത്യ ആധികാരിക ജയം നേടുമെന്നുറപ്പ്.

മത്സരത്തിന് മുന്നോടിയായി നടന്ന ക്യാപ്റ്റന്‍മാരുടെ പത്രസമ്മേളനത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് നല്‍കിയ രസകരമായ മറുപടിയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. മലയാളി താരം സഞ്ജു സാംസണിന്റെ ടീമിലെ സ്ഥാനത്തെക്കുറിച്ചായിരുന്നു ചോദ്യം.

അതിന് പ്ലേയിങ് ഇലവന്‍ മൊബൈലില്‍ മെസേജായി അയക്കാമെന്നായിരുന്നു സൂര്യകുമാര്‍ യാദവിന്റെ തമാശരൂപേണയുള്ള മറുപടി. 'സര്‍, പ്ലേയിങ് ഇലവന്‍ ഞാന്‍ നിങ്ങള്‍ക്കു മെസേജ് അയച്ചോളാം. ഞങ്ങള്‍ സഞ്ജുവിനെ നന്നായി നോക്കുന്നുണ്ട്. ഒന്നും ഭയക്കേണ്ട, ഞങ്ങള്‍ ശരിയായ തീരുമാനം തന്നെ എടുത്തോളാം.' - എന്നും സൂര്യകുമാര്‍ യാദവ് വ്യക്തമാക്കി.

വൈസ് ക്യാപ്റ്റനായി ശുഭ്മന്‍ ഗില്‍ ടീമിലെത്തിയതോടെ സഞ്ജു സാംസണിന്റെ ഓപ്പണിങ് സ്ഥാനം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. ഗില്ലും അഭിഷേക് ശര്‍മയും ഓപ്പണര്‍മാരായാല്‍ സഞ്ജുവിന് ബാറ്റിങ് ക്രമത്തില്‍ താഴേക്ക് ഇറങ്ങേണ്ടിവരും. മത്സരത്തിനു മുന്‍പ് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് മാധ്യമങ്ങളെ കണ്ടപ്പോഴും ഓപ്പണിങ് സഖ്യം ഏതെന്നു വെളിപ്പെടുത്തിയിട്ടില്ല. ഇതോടെയാണ് സഞ്ജുവിന്റെ സ്ഥാനത്തെ കുറിച്ചുള്ള ചോദ്യം ഉന്നയിക്കപ്പെടുന്നത്.

അടുത്തിടെ മികച്ച സംഭാവനകള്‍ നല്‍കിയിട്ടും സഞ്ജുവിന് അവസരം നഷ്ടമാകുമെന്ന അഭ്യൂഹങ്ങള്‍ക്ക് ഇത് ആക്കം കൂട്ടി. ബിസിസിഐ ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറുടെ സമീപകാല പരാമര്‍ശങ്ങള്‍ ചര്‍ച്ച കൂടുതല്‍ രൂക്ഷമാക്കി, സെലക്ഷന്‍ തീരുമാനങ്ങള്‍ ടീം സന്തുലിതാവസ്ഥയെ ആശ്രയിച്ചിരിക്കുമെന്ന് സൂചനയും നല്‍കി.

ട്വന്റി20യില്‍ ഓപ്പണറായി ഇറങ്ങി അവസാന പത്തു മത്സരങ്ങളില്‍ മൂന്ന് സെഞ്ചറികള്‍ സ്വന്തമാക്കിയ ബാറ്ററാണ് സഞ്ജു. സഞ്ജു അഭിഷേക് സഖ്യം ട്വന്റി20യില്‍ ക്ലിക്കായെങ്കിലും ഒരു വര്‍ഷത്തിനു ശേഷം ശുഭ്മന്‍ ഗില്ലിനെ ടീമില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ഫിനിഷര്‍ റോളില്‍ സഞ്ജുവിനെക്കാളും മികച്ച പ്രകടനം നടത്തിയ ജിതേഷ് ശര്‍മയാണ് ഇന്ത്യന്‍ ടീമിലുള്ള മറ്റൊരു വിക്കറ്റ് കീപ്പര്‍. ആദ്യ മത്സരത്തില്‍ 30 കാരനായ സഞ്ജുവിനെ ബെഞ്ചില്‍ ഇരുത്തി ജിതേഷിനെ കളിപ്പിക്കാനും സാധ്യതയുണ്ട്. ഗൗതം ഗംഭീറിനെ മുഖ്യ പരിശീലകനായി നിയമിച്ചതിനുശേഷം, അന്താരാഷ്ട്ര ക്രിക്കറ്റിലെ തന്റെ ഏറ്റവും സ്ഥിരതയാര്‍ന്ന പ്രകടനമാണ് സാംസണ്‍ കാഴ്ചവച്ചത്

Similar News