ഐസിസി വനിതാ ലോകകപ്പ്: ബംഗ്ലാദേശിന് മുന്നില്‍ തകര്‍ന്നടിഞ്ഞ് പാകിസ്ഥാന്‍; തോല്‍വി ഏഴ് വിക്കറ്റിന്

റുബിയ ഹൈദറിന്റെ അര്‍ദ്ധ സെഞ്ച്വറി, ക്യാപ്റ്റന്‍ നിഗര്‍ സുല്‍ത്താനയുമായുള്ള മാച്ച് വിന്നിംഗ് കൂട്ടുകെട്ട് എന്നിവയാണ് ബംഗ്ലാദേശിന്റെ വിജയത്തിന് കാരണമായത്;

Update: 2025-10-03 04:39 GMT

ന്യൂഡല്‍ഹി: വ്യാഴാഴ്ച നടന്ന ഐസിസി വനിതാ ലോകകപ്പ് ഉദ്ഘാടന മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച് ബംഗ്ലാദേശ്. ബംഗ്ലാദേശിന്റെ ചുണക്കുട്ടികള്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനാകാതെ പാക് താരങ്ങള്‍ മുട്ടുകുത്തി. ഏഴ് വിക്കറ്റിനാണ് തോല്‍വി. റുബിയ ഹൈദറിന്റെ അര്‍ദ്ധ സെഞ്ച്വറി, ക്യാപ്റ്റന്‍ നിഗര്‍ സുല്‍ത്താനയുമായുള്ള മാച്ച് വിന്നിംഗ് കൂട്ടുകെട്ട് എന്നിവയാണ് കൊളംബോയില്‍ ബംഗ്ലാദേശിന്റെ വിജയത്തിന് കാരണമായത്.

130 റണ്‍സ് എന്ന സ്‌കോര്‍ പിന്തുടര്‍ന്ന ബംഗ്ലാദേശ് തുടക്കത്തില്‍ തന്നെ പൊരുതി, ഫര്‍ഗാന ഹോക്കും ഷാര്‍മിന്‍ അക്തറും തുടക്കത്തില്‍ തന്നെ പുറത്തായതോടെ വിക്കറ്റുകള്‍ നഷ്ടപ്പെട്ടു. 10 ഓവറില്‍ ഒരു വിക്കറ്റിന് 23 റണ്‍സ് എന്ന നിലയിലെത്തി.

പിന്നീട് 28 കാരിയായ റൂബിയ ഹൈദര്‍ ജാഗ്രതയോടെ കളിച്ച് നിയന്ത്രണം ഏറ്റെടുക്കാന്‍ തുടങ്ങി. ബൗണ്ടറികള്‍ നേടി. 77 പന്തില്‍ നിന്ന് എട്ട് ഫോറുകള്‍ ഉള്‍പ്പെടെ 54 റണ്‍സ് നേടിയ അവര്‍, മൂന്നാം വിക്കറ്റില്‍ ക്യാപ്റ്റന്‍ നിഗര്‍ സുല്‍ത്താന (44 പന്തില്‍ നിന്ന് 23) യുമായി ചേര്‍ന്ന് 62 റണ്‍സ് നേടി. ശോഭന മൊസ്താരിയും മികച്ച പിന്തുണ നല്‍കി. ഇതോടെ 31.1 ഓവറില്‍ ബംഗ്ലാദേശ് 3 വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സ് നേടി. അച്ചടക്കമുള്ള ബൗളിംഗിലൂടെയായിരുന്നു ബംഗ്ലാദേശിന്റെ വിജയം. കൗമാര പേസര്‍ മരുഫ അക്തര്‍ കളിക്ക് നേതൃത്വം നല്‍കി.

കൊളംബോ, പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ കേവലം 38.3 ഓവറില്‍ 129 റണ്‍സിന് പുറത്താവുകയായിരുന്നു. മൂന്ന് വിക്കറ്റ് നേടിയ ഷൊര്‍ണ അക്തര്‍, രണ്ട് പേരെ വീതം പുറത്താക്കിയ മറൂഫ അക്തര്‍, നഹിദ അക്തര്‍ എന്നിവരാണ് പാകിസ്ഥാനെ തകര്‍ത്തത്. നേരത്തെ, ടോസ് നേടിയ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ഫാത്തിമ സന ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

ക്യാപ്റ്റന്റെ തീരുമാനം തെറ്റെന്ന് തെളിയിക്കുന്നതായിരുന്നു പാകിസ്ഥാന്റെ തുടക്കം. രണ്ട് റണ്‍സിനിടെ അവര്‍ക്ക് രണ്ട് വിക്കറ്റ് നഷ്ടമായി. ആദ്യ ഓവറില്‍ തന്നെ ഒമൈല്‍ സൊഹൈല്‍ (0), സിദ്ര അമീന്‍ (0) എന്നിവര്‍ പുറത്തായി. ഇരുവരേയും അടുത്തടുത്ത പന്തുകളില്‍ മറൂഫ ബൗള്‍ഡാക്കി. പിന്നീട് മുനീബ അലി - റമീം ഷമീം എന്നിവര്‍ 42 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ രണ്ട് വിക്കറ്റുകള്‍ കൂടി പൊടുന്നനെ വീണു.

മുനീബ (17), റമീം (23) എന്നിവരെ നഹീദ അക്തറും മടക്കി. ഇതോടെ നാലിന് 47 എന്ന നിലയിലായി പാകിസ്ഥാന്‍. തുടര്‍ന്ന് എത്തിയവരില്‍ സന (22) മാത്രമാണ് അല്‍പമെങ്കിലും പിടിച്ചുനിന്നത്. അലിയ റിയാസ് (13), സിദ്ര നവാസ് (15), നതാലിയ പെര്‍വെയ്സ് (9), നഷ്റ സന്ധു (1), സാദിയ ഇഖ്ബാല്‍ (4) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ദിയാന ബെയ്ഗ് (16) പുറത്താവാതെ നിന്നു.

Similar News