മോശം ഫോമിന് പുറമെ ഐപിഎല്‍ പെരുമാറ്റച്ചട്ട ലംഘനവും; ഗ്ലെന്‍ മാക് സ് വെല്ലിനെതിരെ നടപടിയുമായി ബിസിസിഐ; നല്‍കിയത് കനത്ത പിഴ ശിക്ഷ
മാക് സ് വെല്ലിന് മാച്ച് ഫീസിന്റെ 25 ശതമാനം പിഴയും ഒരു ഡീമെറിറ്റ് പോയിന്റും ലഭിച്ചു;
മുല്ലന്‍പുര്‍: മോശം ഫോമിന് പുറമെ ഐപിഎല്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് പഞ്ചാബ് കിംഗ് സിന്റെ സൂപ്പര്‍ ബാറ്റ് സ്മാന്‍ ഗ്ലെന്‍ മാക് സ് വെല്ലിനെതിരെ നടപടിയുമായി ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ). ചണ്ഡീഗഢിലെ മഹാരാജ യാദവീന്ദ്ര സിംഗ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ് സിനെതിരായ മത്സരത്തിനിടെയാണ് സംഭവം. എന്നാല്‍ മാക് സ് വെലിന്റെ ഭാഗത്തുനിന്നുണ്ടായ ചട്ടലംഘനം എന്താണെന്ന് ഐപിഎല്‍ അറിയിച്ചിട്ടില്ല.
മത്സരത്തില്‍ പഞ്ചാബ് 18 റണ്‍സിന് വിജയിച്ച് ഐപിഎല്‍ 2025 ലെ പോയിന്റ് പട്ടികയില്‍ ആദ്യ നാല് സ്ഥാനത്ത് എത്തുകയും ചെയ്തു. അതേസമയം ഈ സീസണിലെ തുടര്‍ച്ചയായ നാലാം തോല്‍വിക്ക് ശേഷം ചെന്നൈ ഒമ്പതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
മത്സരത്തിനിടെ ഐപിഎല്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് മാക് സ് വെല്ലിന് മാച്ച് ഫീസിന്റെ 25 ശതമാനം പിഴയും ഒരു ഡീമെറിറ്റ് പോയിന്റും ലഭിച്ചു. 'ഗ്ലെന്‍ മാക് സ് വെല്‍ ആര്‍ട്ടിക്കിള്‍ 2.2 (മത്സരത്തിനിടെ ഫിക് സ് ചറുകളും ഫിറ്റിംഗുകളും ദുരുപയോഗം ചെയ്തു) പ്രകാരം ലെവല്‍ 1 കുറ്റം സമ്മതിച്ചു, മാച്ച് റഫറിയുടെ അനുമതി സ്വീകരിച്ചു. ലെവല്‍ 1 പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ക്ക്, മാച്ച് റഫറിയുടെ തീരുമാനം അന്തിമവും നിര്‍ബന്ധിതവുമാണ്,' - എന്നാണ് ഇതുസംബന്ധിച്ച് പുറത്തുവിട്ട ഐപിഎല്‍ ന്റെ മാധ്യമക്കുറിപ്പില്‍ പറയുന്നത്.
ബിസിസിഐയുടെ കളിക്കാര്‍ക്കും ടീം ഉദ്യോഗസ്ഥര്‍ക്കും വേണ്ടിയുള്ള പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.2 'മത്സരത്തിനിടെ ക്രിക്കറ്റ് ഉപകരണങ്ങള്‍, വസ്ത്രങ്ങള്‍, ഗ്രൗണ്ട് ഉപകരണങ്ങള്‍ അല്ലെങ്കില്‍ ഫിക് ചറുകള്‍, ഫിറ്റിംഗുകള്‍ എന്നിവയുടെ ദുരുപയോഗം' സംബന്ധിച്ച് ഉള്ളതാണ്.
'ആര്‍ട്ടിക്കിള്‍ 2.2 ല്‍ സാധാരണ ക്രിക്കറ്റ് നടപടികളുടെ ഗതിക്ക് പുറത്തുള്ള ഏതൊരു പ്രവൃത്തിയും ഉള്‍പ്പെടുന്നു, ഉദാഹരണത്തിന് വിക്കറ്റുകള്‍ അടിക്കുകയോ ചവിട്ടുകയോ ചെയ്യുക, മനഃപൂര്‍വ്വം, അശ്രദ്ധമായി (രണ്ടും സാഹചര്യത്തിലും ആകസ്മികമാണെങ്കില്‍ പോലും) പരസ്യ ബോര്‍ഡുകള്‍, അതിര്‍ത്തി വേലികള്‍, ഡ്രസ്സിംഗ് റൂം വാതിലുകള്‍, കണ്ണാടികള്‍, ജനാലകള്‍, മറ്റ് ഫിക് ചറുകള്‍, ഫിറ്റിംഗുകള്‍ എന്നിവയ്ക്ക് കേടുപാടുകള്‍ വരുത്തുന്ന ഏതൊരു പ്രവൃത്തിയും ഇതില്‍ ഉള്‍പ്പെടുന്നു. ഉദാഹരണത്തിന്, ഒരു കളിക്കാരന്‍ നിരാശയോടെ തന്റെ ബാറ്റ് ശക്തമായി വീശുകയും പരസ്യ ബോര്‍ഡിന് കേടുപാടുകള്‍ വരുത്തുകയും ചെയ്യുമ്പോള്‍ ഈ കുറ്റകൃത്യം പരിമിതികളില്ലാതെ ചെയ്യപ്പെടാം,' എന്നും നിയമം വ്യക്തമാക്കുന്നു.
ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തില്‍ ഒരു റണ്‍ മാത്രമെടുത്താണ് മാക് സ് വെല്‍ പുറത്തായത്. നേരിട്ട രണ്ടാം പന്തില്‍ അശ്വിന്‍ താരത്തെ ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു. ബാറ്റിങ്ങില്‍ തിളങ്ങാന്‍ സാധിച്ചില്ലെങ്കിലും ആ ക്ഷീണം താരം ബോളിങ്ങില്‍ തീര്‍ത്തു. രണ്ടോവറുകള്‍ പന്തെറിഞ്ഞ താരം 11 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി.
മത്സരത്തില്‍ ചെന്നൈയെ 18 റണ്‍സിന് തോല്‍പിച്ച പഞ്ചാബ് ഐപിഎലിലെ തങ്ങളുടെ മൂന്നാം ജയം സ്വന്തമാക്കിയിരുന്നു. ആദ്യം ബാറ്റു ചെയ്ത പഞ്ചാബ് 219 റണ്‍സെടുത്തപ്പോള്‍ ചെന്നൈയ്ക്ക് 5 വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.
കഴിഞ്ഞ വര്‍ഷം ഡല്‍ഹി പ്രീമിയര്‍ ലീഗിലെ പ്രകടനത്തിലൂടെ ശ്രദ്ധേയനായ യുവ ഓപ്പണര്‍ പ്രിയാന്‍ഷ് ആര്യ തന്റെ കന്നി ഐപിഎല്‍ സെഞ്ചുറി നേടി പഞ്ചാബിന്റെ വിജയത്തിന് സഹായിച്ചു. 42 പന്തില്‍ നിന്ന് ഏഴ് ഫോറുകളുടെയും ഒമ്പത് ഹിറ്റുകളുടെയും സഹായത്തോടെ ആര്യ 103 റണ്‍സ് എടുത്തു. പഞ്ചാബ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സ് നേടി.
മികച്ച വിജയലക്ഷ്യം പിന്തുടര്‍ന്ന ഓപ്പണര്‍ ഡെവണ്‍ കോണ്‍വേ 49 പന്തില്‍ നിന്ന് 69 റണ്‍സെടുത്ത് റിട്ടയര്‍ഡ് ഔട്ട് ആയപ്പോള്‍ ശിവം ദുബെയും റാച്ചിന്‍ രവീന്ദ്രനും യഥാക്രമം 36 ഉം 42 ഉം റണ്‍സ് നേടി. അവസാന ഘട്ടത്തില്‍ എം.എസ്. ധോണി 12 പന്തില്‍ നിന്ന് 27 റണ്‍സ് നേടി പുറത്തായി, എന്നാല്‍ ധോണിയുടെ പ്രകടനം സി.എസ്.കെയെ വിജയത്തിലേക്ക് നയിക്കാന്‍ സഹായിച്ചില്ല. ഇതോടെ ഈ സീസണില്‍ തുടര്‍ച്ചയായ നാലാം തോല്‍വി സി.എസ്.കെ ഏറ്റുവാങ്ങി.