'തനിച്ചിരുന്ന് ദു:ഖിക്കാന്‍ ആഗ്രഹിക്കുന്നില്ല; മത്സരം ജയിച്ചാലും തോറ്റാലും മുറിയിലെത്തുമ്പോള്‍ ആശ്വസിപ്പിക്കാനോ ആഘോഷിക്കാനോ കുടുംബം കൂടെ വേണം'; ബി.സി.സി.ഐയുടെ നയങ്ങള്‍ക്കെതിരെ തുറന്നടിച്ച് കോലി
ബെംഗളൂരു: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പര്യടനങ്ങളില്‍ കളിക്കാരുടെ കുടുംബാംഗങ്ങളെ നിയന്ത്രിച്ച ബിസിസിഐയുടെ നടപടിക്കെതിരെ വിമര്‍ശനവുമായി വിരാട് കോലി. കളിക്കാര്‍ക്കൊപ്പം കുടുംബാംഗങ്ങളെ അനുവദിക്കുന്നതാണ് ഏറ്റവും ഉചിതമെന്ന് പറഞ്ഞ കോലി കുടുംബാംഗങ്ങള്‍ ഒപ്പമുള്ളത് വലിയ ആശ്വാസമാണെന്നും വ്യക്തമാക്കി. ഐപിഎലിനോട് അനുബന്ധിച്ച് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ടീം സംഘടിപ്പിച്ച പരിപാടിയിലാണ് കോലി തന്റെ അഭിപ്രായം തുറന്നുപറഞ്ഞത്.
കോലിയുടെ വാക്കുകള്‍:
മത്സരം ജയിച്ചാലും തോറ്റാലും തിരികെ മുറിയിലെത്തുമ്പോള്‍ ആശ്വസിപ്പിക്കാനോ ആഘോഷിക്കാനോ കുടുംബം കൂടെ വേണം. ഒരു ക്രിക്കറ്ററെ സംബന്ധിച്ച് അത് എത്രമാത്രം ആശ്വാസകരമാണെന്ന് പുറത്തുനില്‍ക്കുന്നവര്‍ക്ക് അറിയില്ല. കുടുംബത്തിന്റെ സാന്നിധ്യം എപ്പോഴും ആഗ്രഹിക്കുന്നയാളാണ് ഞാന്‍.
മത്സരം കഴിഞ്ഞ് റൂമില്‍ പോയി ഒറ്റയ്ക്ക് ഇരിക്കാന്‍ എനിക്കു കഴിയില്ല. അതുകൊണ്ടുതന്നെ സമയം ലഭിക്കുമ്പോഴെല്ലാം ഞാന്‍ കുടുംബത്തോടൊപ്പം നില്‍ക്കാന്‍ ആഗ്രഹിക്കുന്നു.
പുറത്ത് എന്തെങ്കിലും തീവ്രമായ കാര്യങ്ങള്‍ സംഭവിച്ചതിന് ശേഷം കുടുംബത്തിലേക്ക് തിരിച്ചുവരുന്നത് എത്ര സമാധാനമുണ്ടാക്കുന്നതാണെന്ന് ആളുകളോട് വിശദീകരിക്കുക എളുപ്പമല്ല. അത് എത്ര വലിയ മൂല്യമാണ് ജീവിതത്തിലേക്ക് കൊണ്ടുവരികയെന്ന് ആളുകള്‍ക്ക് മനസിലാവുന്നില്ലെന്നാണ് തോന്നുന്നത്. ഇതിലൊന്നും ഒരു ധാരണയുമില്ലാത്ത ആളുകള്‍ വന്നിട്ട് അഭിപ്രായം പറയുന്നത് കാണുമ്പോള്‍ നിരാശ തോന്നാറുണ്ട്. ഒറ്റയ്ക്കിരുന്ന് വിഷമിക്കാന്‍ ഒരു താരത്തിനും ആഗ്രഹമില്ല.
എനിക്ക് സാധാരണക്കാരനാവണം. എന്നാലേ കളിയെ ഒരു ഉത്തരവാദിത്തമെന്ന നിലയില്‍ കാണാന്‍ കഴിയൂ. ആ ഉത്തരവാദിത്തം അവസാനിപ്പിച്ച് ജീവിതത്തിലേക്ക് തിരികെവരാം. ജീവിതത്തില്‍ എപ്പോഴും പലവിധ കാര്യങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കും. അതാണ് സാധാരണം.
ഉത്തരവാദിത്തങ്ങള്‍ നിറവേറ്റി നിങ്ങള്‍ക്ക് വീട്ടിലേക്ക്, കുടുംബത്തിലേക്ക് മടങ്ങിവരാം. അങ്ങനെയാണ് ഒരു സാധാരണ കുടുംബം മുന്നോട്ടുപോകുന്നത്. എന്നെ സംബന്ധിച്ചിടത്തോളം അതാണ് ഏറ്റവും വലിയ സന്തോഷം. കുടുംബവുമൊത്ത് സമയം ചിലവഴിക്കാവുന്ന ഒരു സമയവും ഞാന്‍ ഒഴിവാക്കില്ല - എന്നും താരം പറഞ്ഞു.
ഈ വര്‍ഷം ജനുവരിയിലാണ് ബിസിസിഐ താരങ്ങള്‍ക്ക് പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്തിയത്. ആഭ്യന്തര മത്സരങ്ങളിലെ പങ്കാളിത്തം മുതല്‍ പേഴ്‌സണല്‍ ഷൂട്ടുകള്‍ക്കുള്ള നിയന്ത്രണം വരെ ഈ നിബന്ധനകളില്‍പെടുന്നു. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു പര്യടനങ്ങളില്‍ കുടുംബാംഗങ്ങള്‍ക്കുള്ള നിയന്ത്രണം.