IPL | തകര്‍ച്ചയോടെ തുടങ്ങി, മടക്കം വിജയത്തോടെ; ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ് സിനെതിരെ തകര്‍പ്പന്‍ ജയവുമായി ഡല്‍ഹി ക്യാപിറ്റല്‍സ്; താരമായി അശുതോഷ്

Update: 2025-03-25 15:50 GMT

വിശാഖപട്ടണം: ഐപിഎല്ലില്‍ വിജയത്തുടക്കവുമായി ഡല്‍ഹി ക്യാപിറ്റല്‍സ്. ലഖ്‌നൗ സൂപ്പര്‍ ജയന്റസിനെ ഒരു വിക്കറ്റിന് തോല്‍പ്പിച്ചാണ് ഡല്‍ഹി തകര്‍പ്പന്‍ ജയം സ്വന്തമാക്കിയത്. 31 പന്തില്‍ 66 റണ്‍സ് നേടിയ അശുതോഷ് ശര്‍മ്മയാണ് ഡല്‍ഹിയുടെ വിജയശില്‍പ്പി. 210 എന്ന കൂറ്റന്‍ വിജയലക്ഷ്യം മുന്നില്‍ക്കണ്ട് ബാറ്റിംഗിനിറങ്ങിയ ഡല്‍ഹിയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു.

ആദ്യ ഓവറില്‍ തന്നെ രണ്ട് വിക്കറ്റുകള്‍ ഡല്‍ഹിക്ക് നഷ്ടമായി. മികച്ച തുടക്കം മുതലെടുത്ത ലഖ് നൗവ് ഡല്‍ഹിയെ വരിഞ്ഞുമുറുക്കുന്ന കാഴ്ചയാണ് പിന്നീട് കാണാനായത്. പവര്‍ പ്ലേ അവസാനിക്കുമ്പോള്‍ 4 വിക്കറ്റുകള്‍ ഡല്‍ഹിക്ക് നഷ്ടമായി. ഫാഫ് ഡുപ്ലസി - അക്‌സര്‍ പട്ടേല്‍ സഖ്യം ഡല്‍ഹി ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കിയെങ്കിലും ഇന്നിംഗ്‌സ് മുന്നോട്ട് കൊണ്ടുപോകാന്‍ ആയില്ല. ഡുപ്ലസി 18 പന്തില്‍ 29 റണ്‍സുമായും അക്‌സര്‍ പട്ടേല്‍ 11 പന്തില്‍ 22 റണ്‍സുമായും മടങ്ങി.

മുന്‍നിര താരങ്ങള്‍ നിരാശപ്പെടുത്തിയതോടെ ചേസിംഗിന്റെ ഉത്തരവാദിത്തം ട്രിസ്റ്റന്‍ സ്റ്റബ് സിന്റെ ചുമലുകളിലായി. 22 പന്തുകള്‍ നേരിട്ട സ്റ്റബ് സ് 34 റണ്‍സ് നേടി മടങ്ങിയതോടെ ഡല്‍ഹിയുടെ പ്രതീക്ഷകള്‍ മങ്ങിയിരുന്നു. സിദ്ധാര്‍ത്ഥ് എറിഞ്ഞ മത്സരത്തിന്റെ 13-ാം ഓവറിലെ ആദ്യ രണ്ട് പന്തുകളും പടുകൂറ്റന്‍ സിക്‌സറുകള്‍ പായിച്ച സ്റ്റബ് സിനെ തൊട്ടടുത്ത പന്തില്‍ കുറ്റി തെറിപ്പിച്ച് സിദ്ധാര്‍ത്ഥ് ലഖ് നൗ ആഗ്രഹിച്ചത് നല്‍കി.

എന്നാല്‍, ഒരു ഭാഗത്ത് വിക്കറ്റ് വീഴുമ്പോഴും മറുഭാഗത്ത് അശുതോഷ് ശര്‍മ്മയെന്ന അപകടകാരിയായ ബാറ്റര്‍ നിലയുറപ്പിച്ചത് ലഖ് നൗവിനെ പ്രതിരോധത്തിലാക്കി. വിപ് രാജ് നിഗം - അശുതോഷ് സഖ്യം ആഞ്ഞടിച്ചതോടെ ലഖ് നൗ അപകടം മണത്തു. ഇരുവരും ചേര്‍ന്ന് 55 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്.

17ാം ഓവറിന്റെ ആദ്യ പന്തില്‍ 7-ാം വിക്കറ്റ് വീണു. വിപ് രാജ് നിഗം (15 പന്തില്‍ 39) മടങ്ങിയതോടെ ലഖ് നൗവിന് ശ്വാസം തിരികെ ലഭിച്ചു. തൊട്ടടുത്ത ഓവറില്‍ മിച്ചല്‍ സ്റ്റാര്‍ക്കും പുറത്തായതോടെ ഡല്‍ഹിയുടെ മുഴുവന്‍ പ്രതീക്ഷകളും അശുതോഷിലായി. പിന്നീടങ്ങോട്ട് കാണാനായത് പുതിയ ടീമിനൊപ്പമുള്ള അശുതോഷ് എന്ന കൊടുങ്കാറ്റിനെയായിരുന്നു. പഞ്ചാബില്‍ നിന്ന് ഡല്‍ഹിയിലെത്തിയ അശുതോഷ് പ്രതീക്ഷ കാത്തു.

മത്സരം അവസാന ഓവറിലേയ്ക്ക് നീട്ടിയ അശുതോഷ് 9 വിക്കറ്റ് വീണിട്ടും കുലുങ്ങിയില്ല. അവസാന 4 പന്തില്‍ 5 റണ്‍സ് വേണ്ടിയിരുന്നപ്പോള്‍ ബൗളറുടെ തലയ്ക്ക് മുകളിലൂടെ സിക്‌സര്‍ പായിച്ച് അശുതോഷ് ഈ സീസണിലെ ആദ്യ ത്രില്ലര്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് സമ്മാനിച്ചു.

അതേസമയം, ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് നായകന്‍ ഋഷഭ് പന്തിനു സംഭവിച്ചൊരു പിഴവാണ് മത്സരത്തില്‍ ഡല്‍ഹിക്ക് വിജയം സമ്മാനിച്ചത്. പേസര്‍ ഷാര്‍ദൂല്‍ ഠാക്കൂറിന് 2 ഓവര്‍ ശേഷിക്കെ, ലക്‌നൗ ക്യാപ്റ്റന്‍ ഋഷഭ് പന്ത് അവസാന ഓവര്‍ ഏല്‍പിച്ചത് ഇടംകൈ സ്പിന്നര്‍ ഷഹബാസ് അഹമ്മദിനെ. പന്തിന്റെ ഈ തീരുമാനം കമന്റേറ്റര്‍മാരെ ഉള്‍പ്പെടെ അമ്പരപ്പിച്ചു. ഈ ഓവറില്‍ ഡല്‍ഹിക്ക് വിജയത്തിലേക്ക് വേണ്ടിയിരുന്നത് ആറു റണ്‍സാണ്. കൈവശം ഒരേയൊരു വിക്കറ്റും.

ബാറ്റിങ് നിരയിലെ അവസാനക്കാരനായ മോഹിത് ശര്‍മയായിരുന്നു സ്‌ട്രൈക്കില്‍. തകര്‍പ്പന്‍ ഫോമില്‍ കളിച്ചിരുന്ന അശുതോഷ് ശര്‍മ നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍. മനോഹരമായ ഒരു ഓഫ് സ്പിന്നിങ് ഡെലിവറിയിലൂടെയാണ് ഷഹബാസ് ഓവര്‍ തുടങ്ങിയത്. മുന്നോട്ടുകയറി ആ പന്ത് കളിക്കാന്‍ ശ്രമിച്ച മോഹിത് ശര്‍മയ്ക്ക് പിഴച്ചു. ബാറ്റില്‍ തട്ടാതെ പന്ത് മോഹിത്തിന്റെ പാഡില്‍ ഉരസി പുറകിലേക്ക്. അനായാസമായൊരു സ്റ്റംപിങ് ചാന്‍സ്. എന്നാല്‍ ബോള്‍ കൈപ്പിടിയില്‍ ഒതുക്കാന്‍ ഋഷഭ് പന്തിന് സാധിച്ചില്ല. മത്സരം ലക്‌നൗ കൈവിട്ട നിമിഷം.

സ്റ്റംപിങ് അവസരം പാഴായതിന്റെ നിരാശയില്‍ എല്‍ബിഡബ്ല്യുവിനു വേണ്ടി ലക്‌നൗ റിവ്യൂ എടുത്തെങ്കിലും ഔട്ട് അല്ലെന്ന് റീപ്ലേയില്‍ വ്യക്തമായി. അടുത്ത പന്തില്‍ മോഹിത്തിന്റെ സിംഗിള്‍. മൂന്നാം പന്തില്‍ അശുതോഷിന്റെ വിജയ സിക്‌സും. സിക്‌സറിലൂടെ ഡല്‍ഹിയുടെ വിജയറണ്‍ നേടിയ അശുതോഷ് തന്നെയാണ് പ്ലെയര്‍ ഓഫ് ദ് മാച്ച്.

Similar News