ന്യൂസിലന്‍ഡ് ബാറ്റര്‍മാരെ വരിഞ്ഞു മുറുക്കി പ്രതിരോധത്തിലാക്കി സ്പിന്നര്‍മാര്‍; ഇന്ത്യയ്ക്ക് 252 റണ്‍സ് വിജയലക്ഷ്യം

Update: 2025-03-09 13:14 GMT

ദുബായ്: ന്യൂസിലന്‍ഡ് ബാറ്റര്‍മാരെ വരിഞ്ഞു മുറുക്കി പ്രതിരോധത്തിലാക്കി ഇന്ത്യന്‍ സ്പിന്നര്‍മാര്‍. തകര്‍ത്തടിക്കാന്‍ നോക്കിയെങ്കിലും സ്പിന്നര്‍മാര്‍ ചെറുത്തുനില്‍പ്പ് തുടര്‍ന്നു. അവസാന ഓവറുകളില്‍ സ്‌കോര്‍ ഉയര്‍ത്തിയ മിച്ചല്‍ ബ്രേസ്‌വെല്ലിന്റെ ഇന്നിങ്‌സാണ് ന്യൂസിലന്‍ഡിനെ പൊരുതാവുന്ന നിലയിലെത്തിച്ചത്. 40 പന്തില്‍ 53 റണ്‍സെടുത്ത താരം പുറത്താകാതെ നിന്നു.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡ് 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 251 റണ്‍സെടുത്തു. ഇതോടെ ഇന്ത്യയ്ക്ക് 252 റണ്‍സിന്റെ വിജയലക്ഷ്യം. അര്‍ധ സെഞ്ചറി നേടിയ ഡാരില്‍ മിച്ചലാണ് ന്യൂസിലന്‍ഡിന്റെ ടോപ് സ്‌കോറര്‍. 101 പന്തില്‍ 63 റണ്‍സെടുത്ത് പുറത്തായ മിച്ചല്‍ അടിച്ചത് മൂന്നു ഫോറുകള്‍.

രചിന്‍ രവീന്ദ്ര (29 പന്തില്‍ 37), ഗ്ലെന്‍ ഫിലിപ്‌സ് (52 പന്തില്‍ 34) വില്‍ യങ് (23 പന്തില്‍ 15), കെയ്ന്‍ വില്യംസന്‍ (11 പന്തില്‍ 14), ടോം ലാഥം (30 പന്തില്‍ 14), മിച്ചല്‍ സാന്റ്‌നര്‍ (10 പന്തില്‍ എട്ട്) എന്നിങ്ങനെയാണ് പുറത്തായ മറ്റ് കിവീസ് ബാറ്റര്‍മാരുടെ സ്‌കോറുകള്‍.

കിവീസിന്റെ തുടക്കം അത്ര മോശമായിരുന്നില്ല. ആദ്യ ഏഴോവറുകളില്‍ ന്യൂസിലന്‍ഡ് 50 റണ്‍സ് കടന്നു. മുഹമ്മദ് ഷമിയും ഹാര്‍ദിക് പാണ്ഡ്യയും എറിഞ്ഞ ആദ്യ ഓവറുകളില്‍ ന്യൂസിലന്‍ഡ് തകര്‍ത്തടിച്ചതോടെ, ഇന്ത്യ സ്പിന്നര്‍മാരെ ഇറക്കി. വരുണ്‍ ചക്രവര്‍ത്തിയെറിഞ്ഞ എട്ടാം ഓവറില്‍ വില്‍ യങ് എല്‍ബിഡബ്ല്യു ആകുകയായിരുന്നു. 11ാം ഓവറില്‍ മത്സരത്തിലെ ആദ്യ പന്തില്‍ തന്നെ കുല്‍ദീപ് യാദവ് രചിന്‍ രവീന്ദ്രയെ ബോള്‍ഡാക്കി.

പിന്നാലെ കെയ്ന്‍ വില്യംസനെ സ്വന്തം പന്തില്‍ കുല്‍ദീപ് പിടിച്ചെടുത്തു. പിന്നീട് കൂടുതല്‍ വിക്കറ്റുപോകാതെ പിടിച്ചുനില്‍ക്കാനായി ന്യൂസിലന്‍ഡിന്റെ നീക്കം. ഇന്ത്യന്‍ സ്പിന്നര്‍മാര്‍ നിയന്ത്രിച്ച് പന്തെറിഞ്ഞതോടെ 19.2 ഓവറിലാണ് കിവീസ് 100 പിന്നിട്ടത്. 14 റണ്‍സെടുത്ത ടോം ലാഥമിനെ രവീന്ദ്ര ജഡേജ എല്‍ബിഡബ്ല്യു ആക്കി.

81 പന്തുകളാണ് മധ്യഓവറുകളില്‍ ബൗണ്ടറി വഴങ്ങാതെ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ പിടിച്ചുനിന്നത്. അക്ഷറിനെതിരെ 14ാം ഓവറിലെ രണ്ടാം പന്തില്‍ ഡാരില്‍ മിച്ചല്‍ ഫോര്‍ അടിച്ചതിനു ശേഷം കുല്‍ദീപിന്റെ 27ാം ഓവറിലെ അവസാന പന്തിലാണ് ഗ്ലെന്‍ ഫിലിപ്‌സ് ഒരു സിക്‌സ് അടിക്കുന്നത്.

ഡാരില്‍ മിച്ചലും ഗ്ലെന്‍ ഫിലിപ്‌സും കൈകോര്‍ത്തപ്പോള്‍ വിക്കറ്റുപോകാതെ എങ്ങനെയെങ്കിലും പിടിച്ചുനില്‍ക്കുക എന്നതായിരുന്നു ന്യൂസിലന്‍ഡിന്റെ ലക്ഷ്യം. 87 പന്തുകള്‍ നേരിട്ട ഈ സഖ്യം 57 റണ്‍സ് അടിച്ചെടുത്തു. വരുണ്‍ ചക്രവര്‍ത്തിയെറിഞ്ഞ 38ാം ഓവറില്‍ ഗ്ലെന്‍ ഫിലിപ്‌സ് ബോള്‍ഡാകുകയായിരുന്നു.

44.4 ഓവറില്‍ കിവീസ് സ്‌കോര്‍ 200 പിന്നിട്ടു. വീണ്ടും പേസര്‍മാരെത്തിയതോടെയാണ് ന്യൂസിലന്‍ഡ് ബാറ്റര്‍മാര്‍ പൊരുതി തുടങ്ങിയത്. ബൗണ്ടറികള്‍ കണ്ടെത്തിയെങ്കിലും അധിക സമയം നീണ്ടില്ല.

മുഹമ്മദ് ഷമിയെ ബൗണ്ടറി കടത്താനുള്ള ശ്രമത്തിനിടെ ഡാരില്‍ മിച്ചലിനെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ പിടിച്ചെടുത്തു. കിവീസ് ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നര്‍ റണ്ണൗട്ടായി. സ്പിന്നര്‍മാരായ വരുണ്‍ ചക്രവര്‍ത്തിയും കുല്‍ദീപ് യാദവും രണ്ടു വിക്കറ്റുകള്‍ വീതവും രവീന്ദ്ര ജഡേജ ഒരു വിക്കറ്റും നേടി. മുഹമ്മദ് ഷമിക്കും ഒരു വിക്കറ്റുണ്ട്. ഒന്‍പതോവറുകള്‍ പന്തെറിഞ്ഞ ഷമി 74 റണ്‍സ് വഴങ്ങി.

മറുപടി ബാറ്റിംഗിനിറങ്ങിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ശുഭ് മാന്‍ ഗില്ലും ഇന്ത്യയുടെ വിജയത്തിനായി പൊരുതുകയാണ്. രോഹിത് 16 ബോളില്‍ 20 റണ്‍സും, ഗില്‍ 4 ബോളില്‍ 3റണ്‍സും എടുത്തിട്ടുണ്ട്.

Similar News