ചാംപ്യന്‍സ് ട്രോഫി: പാക്കിസ്ഥാന് ഫൈനല്‍ വേദി കൈവിട്ടു; 'പാരയായത്' ഇന്ത്യയുടെ വിജയം

Update: 2025-03-05 11:02 GMT

ലാഹോര്‍: ഇത്തവണത്തെ ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ് മത്സരത്തിന് വേദിയായത് പാക്കിസ്ഥാനിലെ ഗദ്ദാഫി സ്റ്റേഡിയമാണ്. എന്നാല്‍ ഇന്ത്യയുടെ മത്സരം മാത്രം ദുബായിലാണ് നടന്നത്. പാക്കിസ്ഥാനില്‍ കളിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായിലേക്ക് മാറ്റിയിരുന്നു. ഫൈനല്‍ ഉള്‍പ്പെടെ ഇന്ത്യ കളിക്കുന്ന മത്സരങ്ങളെല്ലാം ദുബായില്‍ നടത്താനാണ് തീരുമാനം.

കഴിഞ്ഞദിവസം ദുബൈ രാജ്യാന്തര സ്റ്റേഡിയത്തില്‍ നടന്ന ഒന്നാം സെമിയില്‍ കരുത്തരായ ഓസ്‌ട്രേലിയയെ വീഴ്ത്തിയാണ് ഇന്ത്യ ഫൈനലില്‍ കടന്നത്. ഇതോടെ ഫൈനല്‍ വേദി പാക്കിസ്ഥാന് കൈവിട്ടുപോവുകയും ചെയ്തു.

ഇന്ത്യ ഫൈനലില്‍ കടന്നിരുന്നില്ലെങ്കില്‍ പാക്കിസ്ഥാനാണ് ഫൈനല്‍ പോരാട്ടത്തിന് വേദിയാകേണ്ടിയിരുന്നത്. ലഹോറിലെ ഗദ്ദാഫി സ്റ്റേഡിയം ആണ് ഫൈനല്‍ മത്സരത്തിനായി നിശ്ചയിച്ചത്. അതുകൊണ്ടുതന്നെ ബുധനാഴ്ചയോടെ പാക്കിസ്ഥാനിലെ കളി അവസാനിക്കുകയാണ്.

ലഹോര്‍ ഗദ്ദാഫി സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 2.30 മുതലാണ് ന്യൂസീലന്‍ഡ് - ദക്ഷിണാഫ്രിക്ക രണ്ടാം സെമിഫൈനല്‍. ഗ്രൂപ്പ് ബിയില്‍ ഒന്നാം സ്ഥാനക്കാരായാണ് ദക്ഷിണാഫ്രിക്ക സെമി ഉറപ്പിച്ചതെങ്കില്‍ ഗ്രൂപ്പ് എയില്‍ ഇന്ത്യയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് ന്യൂസീലന്‍ഡിന്റെ സെമി പ്രവേശം.

Similar News