ഓവലില്‍ നടക്കുന്ന അഞ്ചാം ടെസ്റ്റ് ബുംറയ്ക്ക് നഷ്ടമാകും; ആകാശ് ദീപ് പകരക്കാരനാകുമെന്ന് റിപ്പോര്‍ട്ട്

നാലാം ടെസ്റ്റില്‍ മങ്ങിയ പ്രകടനം കാഴ്ച വച്ചതാണ് ബുംറയെ ടീമില്‍ നിന്നും ഒഴിവാക്കാനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നത്;

Update: 2025-07-30 07:24 GMT

ലണ്ടന്‍: വ്യാഴാഴ്ച ഓവലില്‍ ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ നിര്‍ണായകമായ അഞ്ചാം ടെസ്റ്റില്‍ ഇന്ത്യന്‍ പേസ് ബോളര്‍ ജസ്പ്രീത് ബുംറ കളിക്കില്ലെന്ന് റിപ്പോര്‍ട്ട്. ആകാശ് ദീപ് പകരക്കാരനാവാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടന്ന നാലാം ടെസ്റ്റ് സമനിലയില്‍ അവസാനിച്ചിരുന്നു. നാലാം ടെസ്റ്റില്‍ 31 കാരനായ ഈ ലോക ഒന്നാം നമ്പര്‍ പേസര്‍ ബോളര്‍ മങ്ങിയ പ്രകടനം കാഴ്ച വച്ചതാണ് ടീമില്‍ നിന്നും ഒഴിവാക്കാനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നത്.

ബുംറയുടെ ജോലി ഭാരം ഒഴിവാക്കാനും ആരോഗ്യം കണക്കിലെടുത്തുമാണ് തീരുമാനമെടുത്തതെന്നാണ് ബിസിസിഐ മെഡിക്കല്‍ ടീം അറിയിച്ചിരിക്കുന്നതെന്നാണ് ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തത്.

നാലാം ടെസ്റ്റ് കളിക്കാന്‍ കഴിയാതിരുന്ന ആകാശ് ദീപ്, ബുംറയ്ക്ക് പകരം ടീമിലെത്താന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

നേരത്തെ, അഞ്ചാം ടെസ്റ്റിലെ ടീം മാറ്റം സംബന്ധിച്ച് ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും ബുംറ ഉള്‍പ്പെടെയുള്ള എല്ലാ ബൗളര്‍മാരും ഫിറ്റ്‌നസാണെന്നുമായിരുന്നു മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍ പറഞ്ഞിരുന്നത്. ജസ്പ്രീത് ബുംറ കളിക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. ആത്യന്തികമായി, ആര് കളിച്ചാലും അവര്‍ രാജ്യത്തിനുവേണ്ടി അവരുടെ ജോലി ചെയ്യുമെന്നുമായിരുന്നു ഗംഭീര്‍ പറഞ്ഞിരുന്നത്.

നാലാം ടെസ്റ്റില്‍ ഇന്ത്യയുടെ 358 എന്ന റണ്‍സിന് മറുപടിയായി ഇംഗ്ലണ്ട് 669 റണ്‍സ് എടുത്തിട്ടുണ്ട്. ആദ്യ ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് 311 റണ്‍സിന്റെ ലീഡ് നേടിയിരുന്നു. എന്നിരുന്നാലും, രണ്ടാം ഇന്നിംഗ്‌സില്‍ 143 ഓവറുകള്‍ ബാറ്റ് ചെയ്ത ഇന്ത്യ 2 വിക്കറ്റിന് 0 എന്ന നിലയില്‍ നിന്ന് ശ്രദ്ധേയമായ തിരിച്ചടി നല്‍കിയിട്ടുണ്ട്. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍, വാഷിംഗ് ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ എന്നിവരുടെ സെഞ്ച്വറികളുടെ മികവില്‍ സമനില നേടി അഞ്ച് മത്സര പരമ്പരയില്‍ 1-2 എന്ന നിലയിലാണ്.

Similar News