ഏഷ്യാ കപ്പ്; ഈ അഞ്ച് താരങ്ങളെ ബിസിസിഐ ദുബായിലേക്ക് അയയ്ക്കില്ല; റിപ്പോര്‍ട്ട്
യശസ്വി ജയ് സ്വാള്‍, പ്രസിദ്ധ് കൃഷ്ണ, വാഷിംഗ് ടണ്‍ സുന്ദര്‍, റിയാന്‍ പരാഗ്, ധ്രുവ് ജുറെല്‍ എന്നിവരെയാണ് ഒഴിവാക്കുന്നത്;
2025 ലെ ഏഷ്യാ കപ്പിനുള്ള അഞ്ച് സ്റ്റാന്‍ഡ് ബൈ താരങ്ങളെ മറ്റ് കളിക്കാര്‍ക്കൊപ്പം ദുബായിലേക്ക് അയയ്ക്കില്ലെന്ന് റിപ്പോര്‍ട്ട്. യശസ്വി ജയ് സ്വാള്‍, പ്രസിദ്ധ് കൃഷ്ണ, വാഷിംഗ് ടണ്‍ സുന്ദര്‍, റിയാന്‍ പരാഗ്, ധ്രുവ് ജുറെല്‍ എന്നിവരെയാണ് ഒഴിവാക്കുന്നത്. ഏഷ്യാ കപ്പ് ടീമിലെ ആര്‍ക്കെങ്കിലും പരുക്കേറ്റാല്‍ മാത്രമാണ് പകരക്കാര്‍ക്ക് ടീമില്‍ അവസരം ലഭിക്കുക. ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) ഇക്കാര്യം അറിയിച്ചതായി ദേശീയ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
സെപ്റ്റംബര്‍ 10 ന് ഗ്രൂപ്പ് എയില്‍ യുഎഇക്കെതിരെയാണ് ഏഷ്യാ കപ്പില്‍ സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തിലുള്ള ടീം മത്സരം ആരംഭിക്കുന്നത്. തുടര്‍ന്ന് സെപ്റ്റംബര്‍ 14 നും 19 നും പാകിസ്ഥാനെതിരെയും ഒമാനെതിരെയും മത്സരങ്ങള്‍ നടക്കും. ഈ മാസം ആദ്യമാണ് എഷ്യാ കപ്പിനുള്ള 15 അംഗ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചത്. ശുഭ്മാന്‍ ഗില്‍ ആണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. സെപ്റ്റംബര്‍ 9 മുതല്‍ ആരംഭിക്കുന്ന കോണ്ടിനെന്റല്‍ ഇവന്റില്‍ ജയ് സ്വാള്‍, പ്രസീദ്, സുന്ദര്‍, പരാഗ്, ജൂറല്‍ എന്നിവര്‍ പ്രധാന ടീമിനൊപ്പം യാത്ര ചെയ്യില്ലെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ ആണ് റിപ്പോര്‍ട്ട് ചെയ്തത്.
സാധാരണ വിദേശയാത്രയ്ക്ക് പോകുമ്പോള്‍ താരങ്ങളെല്ലാം മുംബൈയിലെ ടീം ക്യാംപിലെത്തി ഒരുമിച്ച് യാത്ര ചെയ്യുകയാണ് പതിവ്. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ കളിക്കാര്‍ അവരുടെ നഗരങ്ങളില്‍ നിന്ന് ദുബായിലേക്ക് എത്തിച്ചേരുമെന്ന പ്രത്യേകതയാണ് ഇത്തവണ ഉള്ളതെന്നും പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ലോജിസ്റ്റിക്‌സും കളിക്കാരുടെ യാത്രാ സൗകര്യവും കണക്കിലെടുത്താണ് തീരുമാനം.
'എല്ലാ കളിക്കാരും സെപ്റ്റംബര്‍ 4 ന് വൈകുന്നേരത്തോടെ ദുബായില്‍ എത്തും, ആദ്യ നെറ്റ്‌സ് സെഷന്‍ സെപ്റ്റംബര്‍ 5 ന് ഐസിസി അക്കാദമിയില്‍ നടക്കും. ലോജിസ്റ്റിക്കല്‍ സൗകര്യം കണക്കിലെടുത്ത്, കളിക്കാര്‍ക്ക് അവരുടെ നഗരങ്ങളില്‍ നിന്ന് ദുബായിലേക്ക് പറക്കാന്‍ അനുവാദമുണ്ടാകും,' എന്ന് ബിസിസിഐയിലെ പേര് വെളിപ്പെടുത്താത്ത ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പിടിഐയോട് പറഞ്ഞു.
ഏഷ്യാ കപ്പ് ക്രിക്കറ്റ് കളിക്കാരില്‍ വിക്കറ്റ് കീപ്പറായ സഞ്ജു സാംസണ്‍, കേരള ക്രിക്കറ്റ് ലീഗില്‍ കളിക്കുന്നതിനായി തിരുവനന്തപുരത്താണുള്ളത്. സഞ്ജു തിരുവനന്തപുരത്തുനിന്ന് നേരിട്ട് യുഎഇയിലേക്ക് പോകാനാണ് സാധ്യത. വ്യാഴാഴ്ച ആരംഭിച്ച ദുലീപ് ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലിന്റെ തിരക്കിലാണ് അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ് എന്നീ താരങ്ങള്‍. അര്‍ഷ് ദീപ് സിംഗും ഹര്‍ഷിത് റാണയും കിഴക്കന്‍ മേഖലയ്ക്കെതിരെ നോര്‍ത്ത് സോണിനായാണ് കളിക്കുന്നത്. കുല്‍ദീപ് യാദവ് നോര്‍ത്ത് ഈസ്റ്റ് സോണിനെതിരെ സെന്‍ട്രല്‍ സോണിനായും കളിക്കുന്നു.