ചാമ്പ്യന്‍സ് ട്രോഫിയില്‍ കിരീടം നേടിയ ഇന്ത്യന്‍ ടീമിന് വമ്പന്‍ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ

Update: 2025-03-21 06:50 GMT

മുംബൈ: ചാമ്പ്യന്‍സ് ട്രോഫിയില്‍ കിരീടം നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് വമ്പന്‍ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 58 കോടി രൂപയാണ് ബിസിസിഐ പാരിതോഷികമായി പ്രഖ്യാപിച്ചത്. ഐ.സി.സി നല്‍കിയ പാരിതോഷികത്തേക്കാള്‍ എത്രയോ വലുതാണ് ഈ സമ്മാനത്തുക.

ചാമ്പ്യന്‍സ് ട്രോഫി ജേതാക്കള്‍ക്ക് 20 കോടി രൂപയാണ് ഐസിസി പാരിതോഷികമായി നല്‍കിയത്. ചാമ്പ്യന്‍സ് ട്രോഫി സമ്മാനത്തുകയേക്കാള്‍ ഏകദേശം മൂന്നിരട്ടിയാണ് ബിസിസിഐ പ്രഖ്യാപിച്ച ഈ പാരിതോഷികം. കളിക്കാര്‍, പരിശീലകര്‍, സപ്പോര്‍ട്ട് സ്റ്റാഫ്, പുരുഷ സെലക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍ എന്നിവരെല്ലാം പാരിതോഷികത്തിന് അര്‍ഹരാണെന്ന് ബി.സി.സി.ഐ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

ദുബായില്‍ നടന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫി കിരീടം നേടിയതോടെ മെന്‍ ഇന്‍ ബ്ലൂ ചരിത്രത്തില്‍ ഇടം നേടിയിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. മാര്‍ച്ച് 9 ന് ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ നാല് വിക്കറ്റിനാണ് ഇന്ത്യ അഭിമാനകരമായ കിരീടനേട്ടം സാധ്യമാക്കിയത്.

തുടര്‍ച്ചയായി ഐസിസി കിരീടം നേടുന്നത് ഏറെ സ്‌പെഷ്യലാണെന്നും ഇന്ത്യന്‍ ടീമിന്റെ നേട്ടങ്ങള്‍ക്കുള്ള അംഗീകാരമായാണ് പാരിതോഷികം പ്രഖ്യാപിക്കുന്നതെന്നുമാണ് സമ്മാനം നല്‍കിയതിനെ കുറിച്ചുള്ള ബിസിസിഐ പ്രസിഡന്റ് റോജര്‍ ബിന്നിയുടെ പ്രതികരണം.

കളിക്കാരും സപ്പോര്‍ട്ട് സ്റ്റാഫും പുറത്തെടുത്ത കഠിനാധ്വാനത്തിനുള്ള പാരിതോഷികമായാണ് സമ്മാനത്തുക നല്‍കുന്നതെന്നും ചാമ്പ്യന്‍സ് ട്രോഫിക്കും ടി20 ലോകകപ്പിനും പുറമെ അണ്ടര്‍ 19 വനിതാ ലോകകപ്പിലും ഇന്ത്യ കിരീടം നേടിയത് രാജ്യത്തെ ക്രിക്കറ്റിന്റെ വളര്‍ച്ചയാണ് കാണിക്കുന്നതെന്നും റോജര്‍ ബിന്നി വ്യക്തമാക്കി.

കളിക്കാരുടെയും സപ്പോര്‍ട്ട് സ്റ്റാഫിന്റെയും വര്‍ഷങ്ങള്‍ നീണ്ട കഠിനാധ്വാനത്തിന്റെ ഫലമാണ് ഇപ്പോഴുണ്ടായ നേട്ടങ്ങളെന്നും വരും വര്‍ഷങ്ങളിലും വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യക്ക് നേട്ടം തുടരാനാകുമെന്നും രാജ്യാന്തര തലത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് പുതിയ തലങ്ങളിലേക്ക് ഉയരുമെന്നുമുള്ള പ്രതീക്ഷയും റോജര്‍ ബിന്നി പങ്കുവച്ചു.

പാകിസ്ഥാന്‍ ആതിഥേയരായ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ നിഷ്പക്ഷ വേദിയായ ദുബായിലാണ് എല്ലാ മത്സരങ്ങളും കളിച്ചത്. ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെയും രണ്ടാം മത്സരത്തില്‍ പാകിസ്ഥാനെയും അവസാന ഗ്രൂപ്പ് മത്സരത്തില്‍ ന്യൂസിലന്‍ഡിനെയും തകര്‍ത്ത് സെമിയിലെത്തിയ ഇന്ത്യ സെമിയില്‍ ഓസ്‌ട്രേലിയയെ തകര്‍ത്താണ് ഫൈനലിലെത്തിയത്. കിരീടപ്പോരാട്ടത്തില്‍ ന്യൂസിലന്‍ഡിനെ നാലു വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ കിരീടം നേടിയത്. കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യയുടെ തുടര്‍ച്ചയായ രണ്ടാം ഐസിസി കിരീടമാണിത്.

കിരീടനേട്ടത്തിന് പിന്നാലെ ഐസിസിയില്‍ നിന്ന് ലഭിച്ച സമ്മാനത്തുക

ഇന്ത്യയ്ക്ക് ട്രോഫിയും 2.24 മില്യണ്‍ ഡോളറും (ഏകദേശം 19.45 കോടി രൂപ) ക്യാഷ് പ്രൈസും ലഭിച്ചു. ടൂര്‍ണമെന്റിലെ റണ്ണേഴ്സ് അപ്പാകുമ്പോള്‍ ന്യൂസിലന്‍ഡിന് 1.2 മില്യണ്‍ ഡോളര്‍ (ഏകദേശം 9.72 കോടി രൂപ) ലഭിക്കും. സെമി ഫൈനലിസ്റ്റുകളായ ഓസ്ട്രേലിയയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കും ഓരോരുത്തര്‍ക്കും 560,000 ഡോളര്‍ (ഏകദേശം 4.86 കോടി രൂപ) ലഭിക്കും.

അതേസമയം, യഥാക്രമം അഞ്ചാം സ്ഥാനത്തും ആറാം സ്ഥാനത്തും എത്തിയ അഫ്ഗാനിസ്ഥാനും ബംഗ്ലാദേശും 350,000 ഡോളര്‍ (3.04 കോടി രൂപ) വീതം നല്‍കും. ഏഴാം സ്ഥാനത്തും എട്ടാം സ്ഥാനത്തും ഫിനിഷ് ചെയ്ത പാകിസ്ഥാനും ഇംഗ്ലണ്ടും 140,000 ഡോളര്‍ (1.21 കോടി രൂപ) വീതം നേടും.

ഗ്രൂപ്പ് ഘട്ടത്തിലെ ഓരോ വിജയത്തിനും ഏകദേശം 34,000 ഡോളര്‍ (29.5 ലക്ഷം രൂപ) സമ്മാനത്തുക ലഭിക്കും. കൂടാതെ, പങ്കെടുക്കുന്ന ഓരോ ടീമിനും കുറഞ്ഞത് 125,000 ഡോളര്‍ (1.08 കോടി രൂപ) സമ്മാനത്തുക ഉറപ്പാണ്. 2025 ചാമ്പ്യന്‍സ് ട്രോഫിയുടെ ആകെ സമ്മാനത്തുക 6.9 മില്യണ്‍ ഡോളറാണ് (59.9 കോടി രൂപ), ഇത് ടൂര്‍ണമെന്റിന്റെ 2017 പതിപ്പിനെ അപേക്ഷിച്ച് 53% വര്‍ദ്ധനവാണ്.

Similar News