ബംഗ്ലാദേശ് ക്യാപ്റ്റന്‍ നജ് മുള്‍ ഹൊസൈന്‍ ഷാന്റോ രാജിവച്ചു; രാജി ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര പരാജയപ്പെട്ടതിന് പിന്നാലെ
മത്സരത്തിന് ശേഷമുള്ള വാര്‍ത്താസമ്മേളനത്തിലാണ് രാജി പ്രഖ്യാപനം;
രണ്ട് മത്സര പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ശ്രീലങ്കയ്ക്കെതിരായ തോല്‍വിക്ക് പിന്നാലെ ബംഗ്ലാദേശ് ടെസ്റ്റ് ക്യാപ്റ്റന്‍ നജ് മുള്‍ ഹൊസൈന്‍ ഷാന്റോ നായക സ്ഥാനം രാജിവച്ചു. കൊളംബോയില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഇന്നിംഗ്സിനും 78 റണ്‍സിനും ആണ് ടീം പരാജയപ്പെട്ടത്. മത്സരത്തിന് ശേഷമുള്ള വാര്‍ത്താസമ്മേളനത്തിലാണ് ഷാന്റോ നായക സ്ഥാനം രാജിവയ്ക്കുന്നുവെന്ന തീരുമാനം പ്രഖ്യാപിച്ചത്. ഇടംകൈയ്യന്‍ ബാറ്റ് സ്മാന്‍ ഷാന്റോ 14 ടെസ്റ്റുകളിലാണ് ബംഗ്ലാദേശിനെ നയിച്ചത്.
നായക സ്ഥാനം രാജിവയ്ക്കാനുള്ള തന്റെ തീരുമാനം ദിവസങ്ങള്‍ക്ക് മുമ്പ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിനെ (ബിസിബി) അറിയിച്ചിരുന്നുവെന്നും 26 കാരനായ നജ് മുള്‍ ഹൊസൈന്‍ പറഞ്ഞു. ഈ മാസം ആദ്യം മെഹ്ദി ഹസന്‍ മിറാസിനെ ഏകദിന ക്യാപ്റ്റനായി നിയമിച്ച കാര്യവും അദ്ദേഹം എടുത്തുപറഞ്ഞു.
2023 നവംബറില്‍ ന്യൂസിലന്‍ഡിനെതിരായ ആഭ്യന്തര പരമ്പരയ്ക്ക് മുമ്പാണ് അദ്ദേഹം ടെസ്റ്റ് ക്യാപ്റ്റനായി ചുമതലയേറ്റത്. ഷാന്റോയുടെ കീഴില്‍, 2024 ഓഗസ്റ്റില്‍ പാകിസ്ഥാനെതിരെ നേടിയ അവിസ്മരണീയമായ പരമ്പര ഉള്‍പ്പെടെ നാല് മത്സരങ്ങളില്‍ ബംഗ്ലാദേശ് വിജയ കിരീടം ചൂടി
ഷാന്റോയുടെ കീഴില്‍ ബംഗ്ലാദേശ് ഒമ്പത് മത്സരങ്ങളില്‍ പരാജയപ്പെട്ടു. ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റ്, സമനിലയില്‍ അവസാനിച്ചു. ക്യാപ്റ്റനെന്ന നിലയില്‍ സമനിലയില്‍ അവസാനിച്ച ഷാന്റോയുടെ ഏക ടെസ്റ്റ് ആയിരുന്നു ഇത്. ക്യാപ്റ്റന്‍സി ഏറ്റെടുത്ത ശേഷം ഈ ഇടംകൈയ്യന്‍ ബാറ്റ്സ്മാന്‍ 36.24 ശരാശരിയില്‍ മികച്ച പ്രകടനം കാഴ്ചവച്ചു. ടീം അംഗം ആയിരുന്നപ്പോള്‍ 29.83 ആയിരുന്നു അദ്ദേഹത്തിന്റെ ശരാശരി.
'ടെസ്റ്റ് ഫോര്‍മാറ്റില്‍ ഇനി ക്യാപ്റ്റനായി തുടരാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ടീമിന്റെ പുരോഗതിക്കായി എടുത്ത തീരുമാനമാണ്. ഈ തീരുമാനം ടീമിനെ സഹായിക്കുമെന്ന് കരുതുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഞാന്‍ ഡ്രസ്സിംഗ് റൂമിന്റെ ഭാഗമാണ്. മൂന്ന് അന്താരാഷ്ട്ര ഫോര്‍മാറ്റുകള്‍ക്കും മൂന്ന് ക്യാപ്റ്റന്മാര്‍ എന്നത് യുക്തിസഹമല്ലെന്ന് കരുതുന്നു' - എന്നാണ് രണ്ടാം ടെസ്റ്റ് അവസാനിച്ചതിന് ശേഷം ഷാന്റോ മാധ്യമങ്ങളോട് വ്യക്തമാക്കിയത്.
'ബോര്‍ഡിന് രാജിക്കാര്യം സംബന്ധിച്ച് എന്ത് തോന്നുമെന്ന് അറിയില്ല, അവരുടെ തീരുമാനത്തെ പിന്തുണയ്ക്കും. പക്ഷേ ഇത് എന്റെ വ്യക്തിപരമായ തീരുമാനമാണ്. മൂന്ന് വ്യത്യസ്ത ക്യാപ്റ്റന്മാരെ ടീമിന് കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടായിരിക്കുമെന്ന് കരുതുന്നു,' - എന്നും ഷിന്റോ കൂട്ടിച്ചേര്‍ത്തു.