ബംഗ്ലാദേശിനെ 41 റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യ ഏഷ്യാ കപ്പ് ഫൈനലില്‍

ഓപ്പണര്‍ അഭിഷേക് ശര്‍മയുടെ വെടിക്കെട്ട് അര്‍ധസെഞ്ച്വറിയുടെ കരുത്തിലാണ് 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 168 റണ്‍സെടുത്തത്;

Update: 2025-09-25 05:09 GMT

ദുബായ്: ബംഗ്ലാദേശിനെ 41 റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യ ഏഷ്യാ കപ്പ് ഫൈനലിലെത്തി. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഓപ്പണര്‍ അഭിഷേക് ശര്‍മയുടെ വെടിക്കെട്ട് അര്‍ധസെഞ്ച്വറിയുടെ കരുത്തിലാണ് 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സെടുത്തത്. 37 പന്തില്‍ 75 റണ്‍സെടുത്ത അഭിഷേക് ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഹാര്‍ദ്ദിക് പാണ്ഡ്യ 29 പന്തില്‍ 38 റണ്‍സെടുത്തപ്പോള്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും തിലക് വര്‍മയും ശിവം ദുബെയും നിരാശപ്പെടുത്തി. സഞ്ജു സാംസണ് ബാറ്റിംഗിന് അവസരവും ലഭിച്ചില്ല. ബംഗ്ലാദേശിനായി റിഷാദ് ഹൊസൈന്‍ രണ്ട് വിക്കറ്റെടുത്തു.

ഇന്ത്യ ഉയര്‍ത്തിയ 169 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ് 19.3 ഓവറില്‍ 127 റണ്‍സിന് ഓള്‍ ഔട്ടായി. സൈഫ് ഹസന്‍ മാത്രമാണ് 69 റണ്‍സുമായി ബംഗ്ലാദേശിന് വേണ്ടി ഒറ്റയാള്‍ പോരാട്ടം നടത്തിയത്. സൈഫിന് പുറമെ 21 റണ്‍സെടുത്ത പര്‍വേസ് ഹസന്‍ ഇമോം ആണ് ബംഗ്ലേദേശ് നിരയില്‍ രണ്ടക്കം കടന്ന രണ്ടാമത്തെ ബാറ്റര്‍.

ഇന്ത്യക്കായി കുല്‍ദീപ് യാദവ് 18 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ജസ്പ്രീത് ബുമ്ര 18 റണ്‍സിനും വരുണ്‍ ചക്രവര്‍ത്തി 29 റണ്‍സിനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. അക്‌സര്‍ പട്ടേലും തിലക് വര്‍മയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. വ്യാഴാഴ്ച നടക്കുന്ന ബംഗ്ലാദേശ്-പാകിസ്ഥാന്‍ സൂപ്പര്‍ ഫോര്‍ മത്സര വിജയികളായിരിക്കും ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍. ഇന്ത്യ ബംഗ്ലാദേശിനെ തോല്‍പ്പിച്ചതോടെ ശ്രീലങ്ക ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. സ്‌കോര്‍ ഇന്ത്യ 20 ഓവറില്‍ 168-5, ബംഗ്ലാദേശ് 19.3 ഓവറില്‍ 127 ന് ഓള്‍ ഔട്ട്.

ഇന്ത്യ ഉയര്‍ത്തിയ 169 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ബംഗ്ലദേശിന് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. മറുപടി ബാറ്റിങ്ങില്‍, ഓപ്പണര്‍ തന്‍സീദ് ഹസന്‍ തമീമിനെ (3 പന്തില്‍ 1) രണ്ടാം ഓവറില്‍ തന്നെ നഷ്ടമായെങ്കിലും സെയ്ഫ് ഹസനും പര്‍വേശ് ഹൊസൈന്‍ ഇമോനും (19 പന്തില്‍ 21) ചേര്‍ന്ന് ബംഗ്ലാദേശിനെ മുന്നോട്ടു നയിച്ചു. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 42 റണ്‍സ് നേടി. പവര്‍പ്ലേയില്‍ 44 റണ്‍സായിരുന്നു ബംഗ്ലാദേശിന്റെ സമ്പാദ്യം. ഏഴാം ഓവറില്‍ ഇമോനെ പുറത്താക്കി കുല്‍ദീപ് ആണ് കൂട്ടുകെട്ട് പൊളിച്ചത്. പിന്നീടെത്തിയ ഒരു ബാറ്റര്‍ക്കും രണ്ടക്കം കടക്കാനായില്ല. ഒരറ്റത്ത് സെയ്ഫ് ഹസന്‍ മികച്ച രീതിയില്‍ ബാറ്റു ചെയ്‌തെങ്കിലും വിജയലക്ഷ്യം മറികടക്കാന്‍ അതു മാത്രം പോരായിരുന്നു.

നാല് തവണയാണ് സെയ്ഫിന്റെ ക്യാച്ച് സഞ്ജു ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ ഡ്രോപ് ചെയ്തത്. ഒടുവില്‍ 18ാം ഓവറില്‍ ബുമ്രയുടെ പന്തില്‍ അക്ഷര്‍ പട്ടേല്‍, സെയ്ഫിനെ കൈക്കുള്ളില്‍ 'സേഫ്' ആക്കിയതോടെ ബംഗ്ലാദേശിന്റെ പ്രതീക്ഷ പൂര്‍ണമായും അവസാനിച്ചു. തൗഹിദ് ഹൃദോയി (10 പന്തില്‍ 7), ഷമീം ഹൊസൈന്‍ (പൂജ്യം), ജാക്കര്‍ അലി(5 പന്തില്‍ 4)), മുഹമ്മദ് സൈഫുദ്ദീന്‍ (7 പന്തില്‍ 4), റിഷാദ് ഹൊസൈന്‍ (3 പന്തില്‍ 2), തന്‍സിം ഹസന്‍ സാക്കിബ് (പൂജ്യം), മുസ്തഫിസുര്‍ റഹ്‌മാന്‍ (11 പന്തില്‍ 6) നസും അഹമ്മദ് (4 പന്തില്‍ 4*) എന്നിങ്ങനെയാണ് മറ്റു ബംഗ്ലാദേശ് ബാറ്റര്‍മാരുടെ സ്‌കോറുകള്‍.

ടോസ് നേടിയ ബംഗ്ലാദേശ് ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. പരുക്കേറ്റ ക്യാപ്റ്റന്‍ ലിറ്റണ്‍ ദാസിന്റെ അഭാവത്തില്‍ വിക്കറ്റ് കീപ്പര്‍ ജാക്കര്‍ അലിയാണ് ബംഗ്ലാദേശിനെ നയിച്ചത്. ഇതടക്കം ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ കളിച്ച ടീമില്‍ നാലു മാറ്റങ്ങളുമായാണ് ബംഗ്ലാദേശ് ഇറങ്ങിയത്. ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ മാറ്റമില്ല.

പ്ലേയിങ് ഇലവന്‍

ഇന്ത്യ: അഭിഷേക് ശര്‍മ, ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, സഞ്ജു സാംസണ്‍(വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, ജസ്പ്രീത് ബുമ്ര, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി

ബംഗ്ലാദേശ്: സെയ്ഫ് ഹസന്‍, തന്‍സീദ് ഹസന്‍ തമീം, പര്‍വേശ് ഹൊസൈന്‍ ഇമോന്‍, തൗഹിദ് ഹൃദോയി, ഷമീം ഹൊസൈന്‍, ജാക്കര്‍ അലി(ക്യാപ്റ്റന്‍/വിക്കറ്റ് കീപ്പര്‍), മുഹമ്മദ് സൈഫുദ്ദീന്‍, റിഷാദ് ഹൊസൈന്‍, തന്‍സിം ഹസന്‍ സാക്കിബ്, നസും അഹമ്മദ്, മുസ്തഫിസുര്‍ റഹ്‌മാന്‍.

Similar News