'എനിക്ക് വില്ലന്‍ വേഷവും ജോക്കര്‍ വേഷവും ചെയ്യാന്‍ കഴിയും'; മോഹന്‍ലാലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുന്നുവെന്ന് സഞ്ജു സാംസണ്‍

ടീമിലെ ബാറ്റിങ് പൊസിഷനെക്കുറിച്ചുള്ള മഞ്ജരേക്കറുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു സഞ്ജു;

Update: 2025-09-27 06:06 GMT

ദുബായ്: ബംഗ്ലാദേശിനെതിരായ ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിന്റെ പോരാട്ടത്തിന് മുമ്പ് ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍-ബാറ്റ്‌സ്മാന്‍ സഞ്ജു സാംസണ്‍ സഞ്ജയ് മഞ്ജരേക്കറുമായി നടത്തിയ സംഭാഷണത്തിന്റെ ഭാഗങ്ങള്‍ വൈറല്‍. സോണി സ്‌പോര്‍ട്‌സ് നെറ്റ് വര്‍ക്കില്‍ നടത്തിയ സംഭാഷണമാണ് വൈറലായത്. തന്റെ കരിയറിലെ വ്യത്യസ്ത റോളുകളുമായി പൊരുത്തപ്പെടാന്‍ മലയാള സിനിമയിലെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുന്നതായി സഞ്ജു പറഞ്ഞു. ടീമിലെ സഞ്ജുവിന്റെ ബാറ്റിങ് പൊസിഷനെക്കുറിച്ചുള്ള മഞ്ജരേക്കറുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു സഞ്ജു. ഓപ്പണിങ് സ്ഥാനത്ത് ഇന്ത്യയ്ക്കായി മൂന്ന് സെഞ്ചുറികള്‍ നേടിയ താരമാണ് നിങ്ങള്‍. താങ്കള്‍ക്ക് ഏറ്റവും കംഫര്‍ട്ടബിളായ പൊസിഷന്‍ ഏതാണെന്നായിരുന്നു മഞ്ജരേക്കറുടെ ചോദ്യം.

അടുത്തിടെ നമ്മുടെ ലാലേട്ടന്, കേരളത്തില്‍ നിന്നുള്ള സിനിമാ നടനായ മോഹന്‍ലാലിന് രാജ്യത്തിന്റെ ഒരു വലിയ പുരസ്‌കാരം ലഭിക്കുകയുണ്ടായി. അദ്ദേഹം കഴിഞ്ഞ 30-40 വര്‍ഷമായി അഭിനയിക്കുന്നു. ഞാനും കഴിഞ്ഞ 10 വര്‍ഷമായി രാജ്യത്തിനായി കളിക്കുന്നു. അതുകൊണ്ട് എനിക്ക് ഹീറോ റോള്‍ മാത്രമേ ചെയ്യാന്‍ കഴിയൂ എന്ന് പറയാന്‍ കഴിയില്ല. എനിക്ക് വില്ലന്‍ റോളും ജോക്കര്‍ റോളുമെല്ലാം ചെയ്യണം. ഓപ്പണറായി റണ്‍സ് നേടിയിട്ടുണ്ട് എന്നുവെച്ച് നിങ്ങള്‍ ടോപ്പ് 3-യിലെ മികച്ചവനാണെന്ന് പറയാന്‍ പറ്റില്ല. ഞാന്‍ ഇതുകൂടി ഒന്ന് ശ്രമിച്ചുനോക്കട്ടെ. എനിക്ക് നല്ലൊരു വില്ലനാകാന്‍ സാധിക്കില്ലെന്ന് ആരുകണ്ടു. ഇത് എങ്ങനെയുണ്ടെന്ന് നമുക്ക് നോക്കാം. സഞ്ജു മോഹന്‍ലാല്‍ സാംസണ്‍, എന്ന് സഞ്ജു തമാശയായി പറഞ്ഞു.

മോഹന്‍ലാലിന് ഇന്ത്യന്‍ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ് ലഭിച്ചതുമായി ബന്ധപ്പെട്ടായിരുന്നു സഞ്ജുവിന്റെ പരാമര്‍ശം. ആരാധകരും ക്രിക്കറ്റ് വിദഗ്ധരും സാംസണിന്റെ വിനയത്തെയും പ്രൊഫഷണലിസത്തെയും എന്നും പ്രശംസിക്കാറുണ്ട്. കളിക്കാര്‍ പലപ്പോഴും നിര്‍ദ്ദിഷ്ട റോളുകള്‍ക്കായി പോരാടുന്ന ഒരു കായിക ഇനത്തില്‍ അദ്ദേഹത്തിന്റെ മനോഭാവം വേറിട്ടുനില്‍ക്കുന്നു. ഇന്ത്യ ഏഷ്യാ കപ്പ് ഫൈനലിലേക്ക് നീങ്ങുമ്പോള്‍, ശക്തമായ, ഏകീകൃത ടീമുകളെ കെട്ടിപ്പടുക്കാന്‍ സഹായിക്കുന്ന തരത്തിലുള്ള നിസ്വാര്‍ത്ഥ മനോഭാവത്തെ അദ്ദേഹത്തിന്റെ വാക്കുകള്‍ പ്രതിഫലിപ്പിക്കുന്നു.

കഴിഞ്ഞ ദിവസം ബംഗ്ലാദേശിനെതിരായ ഏഷ്യാ കപ്പ് മത്സരത്തില്‍ സഞ്ജു സാംസണെ ബാറ്റിങ്ങിന് ഇറക്കാതിരുന്ന ഇന്ത്യന്‍ ടീമിന്റെ നടപടി ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. മത്സരത്തില്‍ ബംഗ്ലാദേശിനെ 41 റണ്‍സിന് കീഴടക്കി ഫൈനലിലെത്താനായെങ്കിലും മത്സരത്തിലെ ഇന്ത്യയുടെ ബാറ്റിങ് ഓര്‍ഡറിനെതിരെയാണ് കടുത്ത വിമര്‍ശനം ഉയര്‍ന്നത്. അഞ്ചു വിക്കറ്റ് നഷ്ടപ്പെട്ടിട്ടും ഇന്ത്യ സഞ്ജുവിനെ ബാറ്റിങ്ങിന് ഇറക്കിയിരുന്നില്ല. ഏഴാമനായി ക്രീസിലെത്തിയ അക്ഷര്‍ പട്ടേല്‍ സ്‌കോര്‍ ചെയ്യാന്‍ ബുദ്ധിമുട്ടിയതും വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. ബാറ്റിങ് ഓര്‍ഡറിലെ ഈ വിമര്‍ശനങ്ങള്‍ക്കിടെയാണ് മത്സരത്തിനു മുമ്പുള്ള സഞ്ജയ് മഞ്ജരേക്കറുമായുള്ള സഞ്ജു വിന്റെ സംഭാഷണത്തിലെ ഒരു ഭാഗം വൈറലാകുന്നത്.

ഇന്ത്യന്‍ ടി20 ടീമിനായി ഓപ്പണറായി സമീപകാലത്ത് മികച്ച പ്രകടനം നടത്തിയ താരമാണ് സഞ്ജു. അഭിഷേക് ശര്‍മയും സഞ്ജുവും ഉള്‍പ്പെട്ട ഇന്ത്യയുടെ ഓപ്പണിങ് കൂട്ടുകെട്ട് ടീമിന് മികച്ച തുടക്കം നല്‍കിയിരുന്നു. എന്നാല്‍ ശുഭ്മാന്‍ ഗില്ലിനെ ഏഷ്യാ കപ്പ് ടീമിലെടുത്തതോടെ സഞ്ജുവിന് ഓപ്പണിങ് സ്ഥാനം നഷ്ടപ്പെട്ടു. 2024 ജനുവരി മുതല്‍, ഓപ്പണര്‍ എന്ന നിലയില്‍ സാംസണ്‍ 18 മത്സരങ്ങളില്‍ നിന്ന് 487 റണ്‍സ് നേടിയിട്ടുണ്ട്, അതില്‍ മൂന്ന് സെഞ്ചുറികളും ഉള്‍പ്പെടുന്നു. എന്നാല്‍ ഗില്‍ എത്തിയതോടെ ഓപ്പണിങ്ങില്‍ നിന്ന് സഞ്ജുവിനെ മധ്യനിരയിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ പുതിയ റോളില്‍ സാംസണ്‍ ഇതുവരെ തന്റെ താളം കണ്ടെത്തിയിട്ടുമില്ല.

റണ്‍വേട്ടക്കാരില്‍ നിലവില്‍ 14-ാം സ്ഥാനത്താണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍. ആറ് മത്സരങ്ങളില്‍ നിന്ന് മൂന്ന് ഇന്നിംംഗ്സുകള്‍ മാത്രം കളിച്ച സഞ്ജു നേടിയത് 108 റണ്‍സ്. ഒമാനെതിരെന നേടിയ 56 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 36 ശരാശരി.

Similar News