ഏഷ്യാകപ്പ്: കിരീടനേട്ടത്തിനുശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ പാക് മാധ്യമപ്രവര്‍ത്തകന്റെ വായടപ്പിക്കുന്ന മറുപടിയുമായി സൂര്യകുമാര്‍ യാദവ്
എന്റെ ട്രോഫികള്‍ സഹപ്രവര്‍ത്തകരും സപ്പോര്‍ട്ട് സ്റ്റാഫുമാണെന്നായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്റെ മറുപടി;
ദുബായ്: 2025 ലെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഏഷ്യാ കപ്പ് ഫൈനല്‍ വിവാദങ്ങളാല്‍ നിറഞ്ഞതായിരുന്നു; ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ തന്നെ പാകിസ്ഥാനുമായി ഹസ്തദാനം ചെയ്യാന്‍ വിസമ്മതിച്ചതാണ് ഇന്ത്യയ്‌ക്കെതിരെയുള്ള വിമര്‍ശനം. ഇപ്പോള്‍ ഫൈനലില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തിയതിന് ശേഷം പിസിബി മേധാവി മൊഹ്സിന്‍ നഖ്വിയുടെ കൈകളില്‍ നിന്ന് കിരീടം വാങ്ങാന്‍ ഇന്ത്യന്‍ ടീം വിസമ്മതിച്ചതാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്.
മത്സരത്തിന് ശേഷമുള്ള സമ്മാനദാന ചടങ്ങ് ഇക്കാരണത്താല്‍ 1.5 മണിക്കൂര്‍ വൈകുകയും ചെയ്തു. ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന് നേരെ ഇതേക്കുറിച്ചുള്ള ചോദ്യം ഉയരുകയും ചെയ്തു. പാക് മാധ്യമ പ്രവര്‍ത്തകനാണ് ചോദ്യം ഉന്നയിച്ചത്. എന്നാല്‍ ഇതിന് രസകരമായ മറുപടിയാണ് 35 കാരനായ സൂര്യകുമാര്‍ യാദവ് നല്‍കിയത്. തനിക്ക് ട്രോഫികള്‍ തന്റെ സഹതാരങ്ങളും ചുറ്റുമുള്ള സപ്പോര്‍ട്ട് സ്റ്റാഫുമാണെന്നായിരുന്നു യാദവിന്റെ മറുപടി.
നിങ്ങള്‍ മികച്ച കളി കാഴ്ചവെച്ച് കിരീടം നേടി, പക്ഷെ എന്റെ ചോദ്യം ടൂര്‍ണമെന്റില്‍ പാക് ടീമിനോടുള്ള പെരുമാറ്റത്തെക്കുറിച്ചാണ്, ഹസ്തദാനം നല്‍കാന്‍ തയാറായില്ല, ട്രോഫി ഫോട്ടോ ഷൂട്ടിന് തയാറായില്ല, വാര്‍ത്താ സമ്മേളനത്തില്‍ രാഷ്ട്രീയം കലര്‍ത്തി, ക്രിക്കറ്റും രാഷ്ട്രീയവും കൂട്ടിക്കുഴക്കുന്ന ആദ്യ ക്യാപ്റ്റനായി എന്നായിരുന്നു പാക് മാധ്യമപ്രവര്‍ത്തകന്റെ പരിഹാസം. എന്നാല്‍ ചോദ്യം മനസിലാകാത്തതുപോലെ പ്രതികരിച്ച സൂര്യകുമാര്‍ യാദവ്, താങ്കള്‍ക്ക് നല്ല ദേഷ്യം വരുന്നുണ്ടല്ലേ, താങ്കള്‍ എന്താണ് ചോദിക്കുന്നതെന്ന് എനിക്ക് മനസിലായില്ലെന്നായിരുന്നു മറുപടി നല്‍കിയത്. ഏഷ്യാ കപ്പില്‍ കിരീടം നല്‍കാതിരുന്ന നടപടിയെയും സൂര്യകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ ചോദ്യം ചെയ്തു.
സൂര്യകുമാറിന്റെ വാക്കുകള്‍:
ട്രോഫികളെക്കുറിച്ച് പറയുകയാണെങ്കില്‍. എന്റെ ട്രോഫികള്‍ എന്റെ ഡ്രസ്സിംഗ് റൂമിലാണ്. 14 പേരും എന്നോടൊപ്പമുണ്ട്. എല്ലാ സപ്പോര്‍ട്ട് സ്റ്റാഫും. അവരാണ് യഥാര്‍ത്ഥ ട്രോഫികള്‍. ഏഷ്യാ കപ്പിന്റെ ഈ യാത്രയിലുടനീളം ഞാന്‍ ഈ ആണ്‍കുട്ടികളുടെ വലിയ ആരാധകനാണ്. ഞങ്ങള്‍ ഇവിടെ വന്നതിനുശേഷം ഈ ടൂര്‍ണമെന്റ് കളിച്ചു. ഞങ്ങള്‍ ഞങ്ങളുടെ തയ്യാറെടുപ്പുകള്‍ ആരംഭിച്ചു. അവയാണ് യഥാര്‍ത്ഥ ട്രോഫികള്‍ എന്ന് ഞാന്‍ കരുതുന്നു. മനോഹരമായ ഓര്‍മ്മകളായി ഞാന്‍ തിരികെ കൊണ്ടുപോകുന്ന യഥാര്‍ത്ഥ നിമിഷങ്ങള്‍, അത് മുന്നോട്ടുള്ള യാത്രയില്‍ എന്നോടൊപ്പം നിലനില്‍ക്കും. അത്രമാത്രം.
തന്റെ ക്രിക്കറ്റ് കരിയറില്‍ ആദ്യമായാണ് ചാമ്പ്യന്‍മാരായ ടീമിന് കിരീടം നല്‍കാതിരിക്കുന്ന സംഭവമെന്ന് സൂര്യകുമാര്‍ യാദവ് പറഞ്ഞു. അതും കഷ്ടപ്പെട്ട് നേടിയ കിരീടം. തുടര്‍ച്ചയായി ഏഴ് കളികള്‍ ജയിച്ച് ചാമ്പ്യന്‍മാരായ ടീമിന് കിരീടം നിഷേധിച്ചത് അംഗീകരിക്കാനാവില്ല. ഞങ്ങള്‍ കിരീടം അര്‍ഹിച്ചിരുന്നു. ഇതില്‍ കൂടുതലൊന്നും പറയാനില്ലെന്നായിരുന്നു സൂര്യകുമാറിന്റെ പ്രതികരണം.
Pakistani reporter crying in press conference. This is what we wanted 🤣🤣👇#AsiaCupFinal pic.twitter.com/J7VQXv7U6n
— Amit Kumar Sindhi (@AMIT_GUJJU) September 28, 2025