വിദ്യാര്‍ത്ഥികളെ തൊഴില്‍ ദാതാക്കളാകുന്ന തരത്തില്‍ മാറ്റിയെടുക്കാന്‍ പറ്റണം-ഡോ. എന്‍. കലൈശെല്‍വി

By :  Sub Editor
Update: 2025-11-12 09:56 GMT

കേരള കേന്ദ്ര സര്‍വകലാശാലയുടെ ഒന്‍പതാമത് ബിരുദദാന സമ്മേളനത്തില്‍ സി.എസ്.ഐ.ആര്‍ ഡയറക്ടര്‍ ജനറലും ഡി.എസ്.ഐ.ആര്‍ സെക്രട്ടറിയുമായ ഡോ. എന്‍. കലൈശെല്‍വി സംസാരിക്കുന്നു

പെരിയ: വിദ്യാര്‍ത്ഥികള്‍ തൊഴിലന്വേഷകരാകരുതെന്നും തൊഴില്‍ദാതാക്കളാകുന്ന തരത്തില്‍ അവരെ മാറ്റാന്‍ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സാധിക്കണമെന്നും സി.എസ്.ഐ.ആര്‍ ഡയറക്ടര്‍ ജനറലും ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സയന്റിഫിക് ആന്റ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് സെക്രട്ടറിയുമായ ഡോ. എന്‍. കലൈശെല്‍വി പറഞ്ഞു. കേരള കേന്ദ്രസര്‍വകലാശാലയുടെ ഒന്‍പതാമത് ബിരുദദാന സമ്മേളനത്തില്‍ ബിരുദദാന പ്രഭാഷണം നടത്തുകയായിരുന്നു അവര്‍. രാജ്യത്ത് ഇന്ത്യന്‍ സാങ്കേതികത ഉപയോഗിക്കുന്ന കാലം വരുമെന്നും അതാണ് വികസിതഭാരതം കൊണ്ട് ഉദ്ദേശിക്കുന്നതെന്നും അവര്‍ പറഞ്ഞു. ഒഫീഷ്യേറ്റിങ് ചാന്‍സലര്‍ പ്രൊഫ. സിദ്ദു പി. അല്‍ഗുര്‍, ഒഫീഷ്യേറ്റിങ് വൈസ് ചാന്‍സലര്‍ പ്രൊഫ. വിന്‍സന്റ് മാത്യു, രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് പ്രൊഫ. രാജേന്ദ്ര പിലാങ്കട്ട, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ആര്‍. ജയപ്രകാശ്, അക്കാദമിക് ഡീന്‍ പ്രൊഫ. ജോസഫ് കോയിപ്പള്ളി തുടങ്ങിയവര്‍ പങ്കെടുത്തു.

2025ല്‍ പഠനം പൂര്‍ത്തിയാക്കിയ 923 വിദ്യാര്‍ത്ഥികള്‍ ബിരുദം ഏറ്റുവാങ്ങി. 36 പേര്‍ ബിരുദവും 771 പേര്‍ ബിരുദാനന്തര ബിരുദവും 36 പേര്‍ പി.എച്ച്.ഡി ബിരുദവും 80 പേര്‍ പി.ജി ഡിപ്ലോമ ബിരുദവും ഏറ്റുവാങ്ങി. വിവിധ പഠന വകുപ്പുകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ഗോള്‍ഡ് മെഡല്‍ സമ്മാനിച്ചു.

വിവിധ നിറങ്ങളിലുള്ള ഷാളുകളണിഞ്ഞാണ് വിദ്യാര്‍ത്ഥികളും വിശിഷ്ടാതിഥികളും ചടങ്ങില്‍ സംബന്ധിച്ചത്.


Similar News