152 ബജറ്റ് ടൂറിസം ട്രിപ്പുകള്‍; കാഞ്ഞങ്ങാട് ഡിപ്പോക്ക് സ്വന്തമായി ബസ് വന്നു

Update: 2026-01-10 09:59 GMT

ബജറ്റ് ടൂറിസം സെല്‍ ബസിന്റെ ഫ്‌ളാഗ് ഓഫ് നഗരസഭാ ചെയര്‍മാന്‍ വി.വി രമേശന്‍ നിര്‍വ്വഹിക്കുന്നു

കാഞ്ഞങ്ങാട്: കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി ടൂറിസം ആവശ്യത്തിന് മാത്രമായി കാഞ്ഞങ്ങാട് ഡിപ്പോക്ക് ബസ് അനുവദിച്ചു. ഏകദിന വിനോദയാത്രകളും ദീര്‍ഘദൂര വിനോദയാത്രകളും വിവാഹ-തീര്‍ത്ഥാടനയാത്രകളും ഉള്‍പ്പെടെ 152 ട്രിപ്പുകള്‍ ഓപ്പറേറ്റ് ചെയ്തതിന് പിന്നാലെയാണ് ഡിപ്പോക്ക് സ്വന്തമായി ബസ് അനുവദിച്ചത്. ഇതുവഴി ഡിപ്പോക്ക് 50 ലക്ഷം ടിക്കറ്റിതര വരുമാനം ലഭിച്ചു. കെ.എസ്.ആര്‍.ടി.സിയുടെ ബജറ്റ് ടൂറിസം സെല്‍ 2024 നവംബറിലാണ് വിനോദയാത്ര സൗകര്യമൊരുക്കിയത്. ബജറ്റ് ടൂറിസം സെല്‍ ബസിന്റെ ഫ്‌ളാഗ് ഓഫ് നഗരസഭാ ചെയര്‍മാന്‍ വി.വി രമേശന്‍ നിര്‍വ്വഹിച്ചു. ചെമ്മട്ടംവയല്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നടന്ന ചടങ്ങില്‍ അസി. ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ആല്‍വിന്‍ ടി. സേവ്യര്‍ അധ്യക്ഷത വഹിച്ചു. കെ. പ്രദീപ്കുമാര്‍, വി.എച്ച് ദാമോദരന്‍, കെ.എ കൃഷ്ണന്‍, പി. നന്ദകുമാര്‍, പി. രാജു, രാധാകൃഷ്ണന്‍, ജയരാജന്‍ പ്രസംഗിച്ചു. കാഞ്ഞങ്ങാട് മുനിസിപ്പല്‍ ഓഫീസിന് മുന്നില്‍ നഗരസഭാ കൗണ്‍സിലര്‍മാരും ജീവനക്കാരും സ്വീകരണം നല്‍കി. കാഞ്ഞങ്ങാട് ഡിപ്പോക്ക് നഗരസഭയുടെ സഹകരണം ചെയര്‍മാന്‍ വാഗ്ദാനം ചെയ്തു. പൂര്‍ണ്ണമായും പുതിയ ബസ്സ്റ്റാന്റ് കേന്ദ്രീകരിച്ച് ബസ് സര്‍വ്വീസ് ഉടന്‍ പ്രാവര്‍ത്തികമാകുമ്പോള്‍ ടൗണ്‍ കേന്ദ്രീകരിച്ച് കെ.എസ്.ആര്‍.ടിസി. ജില്ലാ ആസ്പത്രി വഴി സര്‍ക്കുലര്‍ സര്‍വ്വീസ് ആരംഭിക്കണമെന്ന നഗരസഭാ ചെയര്‍മാന്റെ നിര്‍ദ്ദേശം നടപ്പിലാക്കുമെന്ന് കെ.എസ്.ആര്‍.ടി.സി അധികൃതര്‍ അറിയിച്ചു.


Similar News