കാസര്‍കോട്: ബൈത്തുസ്സകാത്ത് കേരള ചെങ്കള പഞ്ചായത്തിലെ നാല്‍ത്തടുക്കയില്‍ സ്ഥാപിച്ച പത്ത് വീടുകള്‍ ഉള്‍ക്കൊള്ളുന്ന യൂണിറ്റി വില്ലേജിന്റെ സമര്‍പ്പണം 12ന് നടക്കും. 'സാമൂഹിക പുരോഗതിയുടെ 25 വര്‍ഷങ്ങള്‍' എന്ന തലക്കെട്ടില്‍ 2024 ഒക്ടോബര്‍ മുതല്‍ 2025 ഒക്ടോബര്‍ വരെ നടത്തിയ 25-ാം വാര്‍ഷികത്തിന്റെ ഭാഗമായാണ് ജില്ലയില്‍ 10 വീടുകള്‍ ഉള്‍ക്കൊള്ളുന്ന യൂണിറ്റി വില്ലേജ് സ്ഥാപിച്ചത്. യൂണിറ്റി വില്ലേജിന്റെ സമര്‍പ്പണം ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ പി മുജീബ് റഹ്മാന്‍ നിര്‍വഹിക്കും. കര്‍ണാടക നിയമസഭാ സ്പീക്കര്‍ യു.ടി. ഖാദര്‍, ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി, ബൈത്തുസ്സകാത്ത് കേരള ചെയര്‍മാന്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന്, പീപ്പിള്‍സ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പി.ഐ നൗഷാദ്, എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, സി.എച്ച് കുഞ്ഞമ്പു, എ.കെ.എം അഷ്‌റഫ്, ബൈത്തുസ്സകാത്ത് കേരള വൈസ് ചെയര്‍മാന്‍ യു.പി. സിദ്ദിഖ് മാസ്റ്റര്‍, ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡണ്ട് പി.എസ്. അബ്ദുല്ല കുഞ്ഞി തുടങ്ങിയവര്‍ പങ്കെടുക്കും. ഇസ്ലാമിക സമ്പദ്വ്യവസ്ഥയുടെ നെടുംതൂണായി വര്‍ത്തിക്കുന്ന സകാത്തിനെ സാമൂഹിക പുരോഗതിക്കനുയോജ്യമായരീതിയില്‍ വിനിയോഗിച്ച് കാല്‍നൂറ്റാണ്ടിലേറെയായി കേരളത്തിലുടനീളം വ്യവസ്ഥാപിതമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സംഘടിത സകാത്ത് സംവിധാനമാണ് ബൈത്തുസ്സകാത്ത് കേരള. പെന്‍ഷന്‍, ഭവന നിര്‍മ്മാണം, തൊഴില്‍ പദ്ധതികള്‍, ചികിത്സ, സ്‌കോളര്‍ഷിപ്പ്, കുടിവെള്ള പദ്ധതി, കടബാധ്യത തീര്‍ക്കല്‍ തുടങ്ങിയ വിവിധ മേഖലകളിലായി അരലക്ഷത്തിലധികം ദരിദ്രരായ വ്യക്തികള്‍ക്ക് കഴിഞ്ഞ വര്‍ഷങ്ങളില്‍ സഹായം നല്‍കാന്‍ ബൈത്തുസ്സകാത്ത് കേരളക്ക് സാധിച്ചിട്ടുണ്ട്.
പത്രസമ്മേളനത്തില്‍ യു.പി സിദ്ദീഖ് മാസ്റ്റര്‍, പി.എസ് അബ്ദുല്ലക്കുഞ്ഞി, കെ.ഐ അബ്ദുല്‍ ലത്തീഫ്, കെ. മുഹമ്മദ് ഷാഫി, സഈദ് ഉമര്‍ എന്നിവര്‍ സംബന്ധിച്ചു.