കേബിള്‍ ടി.വി. ഓപ്പറേറ്റേഴ്‌സ് ആസ്ഥാന മന്ദിരം ഉദ്ഘാടനം നാളെ

Update: 2026-01-10 09:33 GMT

കാസര്‍കോട്: കാസര്‍കോട് കേബിള്‍ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ ആസ്ഥാനമന്ദിരമായ കാസര്‍കോട് വിഷന്‍ ടവര്‍ നാളെ വൈകിട്ട് 4ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഉദുമ പാലക്കുന്നില്‍ മൂന്ന് നിലകളിലായി 7500 സ്‌ക്വയര്‍ ഫീറ്റിലാണ് അത്യാധുനിക സംവിധാനത്തോടെയുള്ള ഓഫീസ് സമുച്ചയം പണി കഴിപ്പിച്ചത്. വാര്‍ത്തയും വിനോദവും വിജ്ഞാനവും വിരല്‍തുമ്പിലെത്തിച്ച് ഒരു ലക്ഷത്തിലധികം കേബിള്‍ കണക്ഷനുള്ളതും 65,000 ഇന്റര്‍നെറ്റ് കണക്ഷനുള്ളതും അഞ്ച് ലക്ഷത്തിലധികം പ്രേക്ഷകരുമായി സി.സി.എന്‍. കാസര്‍കോടിന്റെ സ്പന്ദനമായി ഇതിനകം മാറിക്കഴിഞ്ഞതായി ഭാരവാഹികള്‍ പറഞ്ഞു. ഉദുമ എം.എല്‍.എ. സി.എച്ച്. കുഞ്ഞമ്പു അധ്യക്ഷത വഹിക്കും. സി.ഒ.എ. സംസ്ഥാന പ്രസിഡണ്ട് പ്രവീണ്‍ മോഹന്‍ ആമുഖ പ്രസംഗം നടത്തും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. സി. സി.എന്‍. ഓഫീസ് ഉദ്ഘാടനം നിര്‍വ്വഹിക്കും. എന്‍.എച്ച്. അന്‍വര്‍ ഹാളും എന്‍.എച്ച്. അന്‍വര്‍ ഫോട്ടോ അനാച്ഛാദനവും എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ നിര്‍വ്വഹിക്കും. കാസര്‍കോട് വിഷന്‍ ഓഫീസ് ഉദ്ഘാടനം എ.കെ.എം അഷറഫ് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. കാസര്‍കോട് വിഷന്‍ തീം സോംഗ് റിലീസ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു അബ്രഹാമും സി.സി.എന്‍. വിഡിയോ ലോഞ്ച് ഉദുമ പഞ്ചായത്ത് പ്രസിഡണ്ട് പി.വി. രാജേന്ദ്രനും നിര്‍വ്വഹിക്കും. ജനപ്രതിനിധികളും അസോസിയേഷന്‍ സംസ്ഥാന നേതാക്കളും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും പങ്കെടുക്കും. തുടര്‍ന്ന് ഏഷ്യാനെറ്റ് സ്റ്റാര്‍ സിഗര്‍ ഫെയിം ബലറാം, ശ്രീലക്ഷമി ശ്രീധര്‍ സംഘവും നയിക്കുന്ന സെവന്‍ നോട്‌സ് ബാന്റിന്റെ ഗാനമേളയും ഉണ്ടായിരിക്കും.

പത്രസമ്മേളനത്തില്‍ സി.ഒ.എ. ജില്ലാ പ്രസിഡണ്ട് വി.വി. മനോജ്കുമാര്‍, ജില്ലാ സെക്രട്ടറി ഹരീഷ് പി. നായര്‍, സി.സി.എന്‍. വൈസ് ചെയര്‍മാന്‍ ഷുക്കൂര്‍ കോളിക്കര, മാനേജിംഗ് ഡയറക്ടര്‍ ടി.വി. മോഹനന്‍ എന്നിവര്‍ സംബന്ധിച്ചു.

Similar News