നുള്ളിപ്പാടിയില്‍ അടിപ്പാത ആവശ്യം; സമരസമിതി പ്രവര്‍ത്തകര്‍ നിര്‍മ്മാണപ്രവൃത്തി തടഞ്ഞു

By :  Sub Editor
Update: 2025-01-22 09:57 GMT

നുള്ളിപ്പാടിയില്‍ അടിപ്പാത ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി സമരസമിതി പ്രവര്‍ത്തകര്‍ ഇന്നലെ റോഡ് നിര്‍മ്മാണ പ്രവൃത്തി തടഞ്ഞപ്പോള്‍

കാസര്‍കോട്: ദേശീയപാത വികസനത്തിന്റെ ഭാഗമായി നുള്ളിപ്പാടിയില്‍ അടിപ്പാത നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത സമരസമിതി ഇന്നലെ നിര്‍മ്മാണ പ്രവൃത്തി തടഞ്ഞു. സമരസമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായായിരുന്നു ഇന്നലെ രാവിലെ ആറുവരിപ്പാതയുമായി ബന്ധപ്പെട്ട ജോലിക്കെത്തിയ തൊഴിലാളികളെ തടഞ്ഞത്. ഇതോടെ തൊഴിലാളികള്‍ പ്രവൃത്തി നടത്താതെ തിരിച്ചുപോയി. നുള്ളിപ്പാടിയില്‍ അടിപ്പാത നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി ഒരുവര്‍ഷത്തിലേറെയായി സമരം നടത്തിവരികയാണ്. എന്നിട്ടും നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു നിര്‍മ്മാണ പ്രവൃത്തി തടഞ്ഞത്. പിന്നീട് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് പ്രതിഷേധം പിന്‍വലിക്കുകയായിരുന്നു. ആസ്പത്രിയും ആരാധനാലയങ്ങളുമടക്കം നിരവധി സ്ഥാപനങ്ങള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്ത് അടിപ്പാത അനുവദിച്ചില്ലെങ്കില്‍ വലിയ പ്രയാസമായിരിക്കും ഇരുവശത്തുമുള്ള പ്രദേശവാസികള്‍ അനുഭവിക്കേണ്ടിവരുന്നത്. അതുകൊണ്ടുതന്നെ അടിപ്പാത വേണമെന്നുള്ള നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് സമരസമിതിക്കാര്‍.


Similar News