വലിയപറമ്പില്‍ നാളെ സുനാമി..!! ആരും പരിഭ്രാന്തരാവേണ്ട.. മോക്ഡ്രില്ലുമായി ദുരന്ത നിവാരണ അതോറിറ്റി

Update: 2024-12-11 05:04 GMT

വലിയപറമ്പ: വലിയ പറമ്പില്‍ നടപ്പിലാക്കുന്ന സുനാമി റെഡി പദ്ധതിക്ക് മുന്നോടിയായി വ്യാഴാഴ്ച പഞ്ചായത്തില്‍ സുനാമി മോക്ഡ്രില്‍ സംഘടിപ്പിക്കും. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും വലിയപറമ്പ ഗ്രാമ പഞ്ചായത്തും ചേര്‍ന്നാണ് ഉച്ചയ്ക്ക് 2.30ന് മോക്ഡ്രില്‍ സംഘടിപ്പിക്കുന്നത്.സുനാമി മുന്നറിയിപ്പ് ലഭിച്ചാല്‍ ഉടന്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുന്നതിന് ജനങ്ങളെ പര്യാപ്തരാക്കുന്നതിനും അടിയന്തിര രക്ഷാപ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ സംവിധാനങ്ങളെ പ്രാപ്തമാക്കുന്നതിനും വേണ്ടിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇതൊരു പരിശീലന പരിപാടി മാത്രമാണെന്നും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യം ഇല്ലെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

യുനെസ്‌കോയുടെ നിയന്ത്രണത്തിലുള്ള ഇന്റര്‍ഗവണ്‍മെന്റല്‍ ഓഷ്യനോഗ്രാഫിക് കമ്മിഷന്‍, കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ്, കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി എന്നിവ സംയുക്തമായാണ് വലിയപറമ്പ പഞ്ചായത്തില്‍ സുനാമി റെഡി പദ്ധതി നടപ്പാക്കുന്നത്.

സുനാമി ദുരന്ത ലഘൂകരണ പദ്ധതികള്‍, ഒഴിപ്പിക്കല്‍ റൂട്ടുകള്‍ ഉള്‍പ്പെടുന്ന മാപ്പുകള്‍, അവബോധ ക്ലാസുകള്‍, മോക്ഡില്ലുകള്‍ തുടങ്ങി വിവിധങ്ങളായ സൂചകങ്ങള്‍ മുന്‍നിര്‍ത്തി ഒരു തീരദേശ ഗ്രാമത്തിന് 'സുനാമി റെഡി'' എന്ന് സാക്ഷ്യപത്രം നല്‍കുകയാണ് മോക്ഡ്രില്ലിലൂടെ ലക്ഷ്യം. തദ്ദേശ ജനവിഭാഗങ്ങള്‍, ജനപ്രതിനിധികള്‍, ദുരന്ത നിവാരണ ഏജന്‍സികള്‍, വിവിധ വകുപ്പുകള്‍ തുടങ്ങിയവയുടെ സജീവ പങ്കാളിത്തത്തോടെയാണ് പരിപാടി നടത്തുന്നത്.

Similar News