ഈ സൗഹൃദത്തിന് മതത്തിന്റെ അതിരുകളില്ല; ഉറൂസ് നഗരിയും ക്ഷേത്രവും സന്ദര്‍ശിച്ച് ജമാഅത്ത്, ക്ഷേത്രം ഭാരവാഹികള്‍

Update: 2025-01-13 10:00 GMT

കാഞ്ഞങ്ങാട്: വര്‍ഷങ്ങളുടെ മതേതര സൗഹൃദഗാഥയാണ് അതിഞ്ഞാല്‍ ഉറൂസ് നഗരിക്കും മഡിയന്‍ ക്ഷേത്രാങ്കണത്തിനും പറയാനുള്ളത്. സൗഹൃദത്തിന് മതം തടസമല്ലെന്ന് ഒരിക്കല്‍ കൂടി അതിഞ്ഞാല്‍ ഉറൂസ് നഗരിയും മഡിയന്‍ ക്ഷേത്രാങ്കണയും സാക്ഷ്യപ്പെടുത്തുകയാണ്. പതിവ് തെറ്റാതെ സൗഹൃദ മന്ത്രവുമായി മഡിയന്‍ കൂലോം ക്ഷേത്ര ഭാരവാഹികള്‍ അതിഞ്ഞാല്‍ ഉറൂസ് നഗരിയിലെത്തി. തുടര്‍ന്ന് അതിഞ്ഞാല്‍ ജമാഅത്ത് ഭാരവാഹികള്‍ പാട്ടുത്സവം നടക്കുന്ന മഡിയന്‍ ക്ഷേത്രപാലക ക്ഷേത്രത്തിലും എത്തിയതോടെ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും കൈമാറ്റത്തിന് വീണ്ടും ആഴമേറി. പതിറ്റാണ്ടുകളായി തുടരുന്ന സൗഹൃദകൈമാറ്റത്തിന്റെ ഭാഗമായി ഇത്തവണയും ക്ഷേത്രത്തില്‍ നിന്ന് നേന്ത്ര വാഴക്കുലകളും അരിയും പഞ്ചസാരയും അതിഞ്ഞാല്‍ ദര്‍ഗയില്‍ എത്തിച്ചു.

മഡിയന്‍ കൂലോം ക്ഷേത്ര ട്രസ്റ്റി ചെയര്‍മാന്‍ വി.എം. ജയദേവന്‍, ഭാരവാഹികളായ വി. കമ്മാരന്‍, വി. നാരായണന്‍, എന്‍.വി. ബേബിരാജ്, സി. വി. തമ്പാന്‍, എ. കൃഷ്ണന്‍, ടി. ഗോപാലന്‍, നാരായണന്‍ എന്നിവരാണ് അതിഞ്ഞാല്‍ ഉമര്‍ സമര്‍ഖന്ത് മഖാമിലെത്തി.ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ പി.എം. ഫാറൂഖ്, അതിഞ്ഞാല്‍ ജമാഅത്ത് പ്രസിഡണ്ട് വി.കെ അബ്ദുല്ല ഹാജി, ഡോ. എ.എം ശ്രീധരന്‍, ജമാഅത്ത് ജനറല്‍ സെക്രട്ടറി പാലാട്ട് ഹുസൈന്‍, ടി. മുഹമ്മദ് അസ്ലം, തെരുവത്ത് മൂസ ഹാജി, കെ.കെ ഫസല്‍, പി.എം ഫൈസല്‍, മൊയ്തീന്‍ കുഞ്ഞി തുടങ്ങിയവരും സംബന്ധിച്ചു.പാട്ടുത്സവം നടക്കുന്ന മഡിയന്‍ കൂലോം ക്ഷേത്രപാലക ക്ഷേത്രം അതിഞ്ഞാല്‍ ദര്‍ഗ ശരീഫ് ഭാരവാഹികള്‍ സന്ദര്‍ശിച്ച് കമ്മിറ്റിയുടെ ഫണ്ട് കൈമാറി.ജമാഅത്ത് ഭാരവാഹികളായ പാലാട്ട് ഹുസൈന്‍ ഹാജി, സി.എച്ച് സുലൈമാന്‍ ഹാജി, പി.എം ഫാറൂഖ് ഹാജി, പാലക്കി മുഹമ്മദ് കുഞ്ഞി ഹാജി, ബി. മുഹമ്മദ് ഹാജി, അഷ്റഫ് ഹന്ന, ഖാലിദ് അറബിക്കാടത്ത്, സി.എച്ച് റിയാസ്, എം.എം.കെ. മുഹമ്മദ് കുഞ്ഞി, റമീസ് അഹമ്മദ്, യൂസഫ് കോയാപള്ളി എന്നിവര്‍ ക്ഷേത്ര സന്ദര്‍ശനത്തിനെത്തി.ജമാഅത്ത് ഭാരവാഹികളെ ക്ഷേത്ര ഭാരവാഹികളുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.

Similar News